Site iconSite icon Janayugom Online

മലബാറിലെ നികെ ഭൂമി പ്രശ്നം പരിഹരിക്കുവാൻ സർക്കാർ ഉത്തരവിറങ്ങി: കെ രാജൻ

മലബാർ മേഖലയിലെ ജില്ലകളിൽ നികുതി കെട്ടാത്ത ഭൂമി അഥവാ നികെ ഭൂമി സംബന്ധിച്ചുള്ള പ്രശ്നം പരിഹരിച്ച് കൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചെന്ന് റവന്യു മന്ത്രി കെ രാജൻ അറിയിച്ചു. ഈ മേഖലയിലെ ആയിരക്കണക്കിന് ഭൂവുടമകൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മലബാർ മേഖലയിൽ നികുതി കെട്ടാത്ത ഭൂമി രജിസ്റ്റർ ചെയ്ത് കരം ഒടുക്കാൻ അനുവാദം നൽകുന്നതിന് 1895ൽ മലബാർ ലാൻഡ് രജിസ്ട്രേഷൻ ആക്ടിൽ ഉള്ള വ്യവസ്ഥകൾ ആണ് ഉപയോഗിച്ച് വന്നിരുന്നത്. എന്നാൽ 2005ൽ മലബാർ ലാൻഡ് രജിസ്ട്രേഷൻ ആക്ട് റദ്ദാക്കി സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചു. സംസ്ഥാനത്തിന് ആകമാനം ബാധകമായ 1961ലെ കേരള ലാൻഡ് ടാക്സ് ആക്ട് നിലവിൽ വന്നത് മൂലം ഇക്കാര്യങ്ങൾക്ക് ബാധകമാക്കേണ്ടത് പ്രസ്തുത നിയമം ആണ് എന്ന ലോ കമ്മിഷൻ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഓർഡിനൻസ് പുറപ്പെടുവിച്ചത്. ഓർഡിനൻസ് നിയമ സഭയിൽ സമർപ്പിച്ചിരുന്നു. 

എന്നാൽ ചില നിയമപ്രശ്നങ്ങളാൽ കേരള ലാൻഡ് ആക്ട് പ്രകാരം നടപടി സ്വീകരിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായി. മലബാർ മേഖലയിൽ ആയിരക്കണക്കിനാളുകളാണ് ഇതുമൂലം ബുദ്ധിമുട്ട് അനുഭവിച്ചു വന്നത്.
ഇക്കാര്യത്തിൽ ആവശ്യമായ നിയമ ഉപദേശം ലക്ഷ്യമാക്കിയ ശേഷം 1961ലെ ലാൻഡ് ടാക്സ് ആക്ട് പ്രകാരം തുടർ നടപടികൾ പുനരാരംഭിക്കുവാൻ സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുകയാണ് ചെയ്തത്. ലാൻഡ് ടാക്സ് ആക്ടിലെ 3(3) വകുപ്പ് പ്രകാരം കൈവശക്കാരൻ എന്നതിന്റെ പരിധിയിൽ നികുതി കിട്ടാത്ത ഭൂമി ഉടമകൾ ഉൾപ്പെടും എന്ന് കണക്കാക്കിയാണ് പുതിയ ഉത്തരവ് പുറപ്പെടുവിക്കുന്നതെന്നും റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. 

Exit mobile version