Site iconSite icon Janayugom Online

സ്ത്രീധനത്തിന് അറുതി വരുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മുഖ്യമന്ത്രി

സ്ത്രീധനത്തിന് അറുതി വരുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്താരാഷ്ട്ര വനിത ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തില്‍ സ്ത്രീകളെ കമ്പോളീകരിക്കുന്ന ഏറ്റവും ദുഷിച്ച ഏര്‍പ്പാടാണ് സ്ത്രീധനം. സ്ത്രീകളെ കമ്പോള ചരക്കുകളായി തരംതാഴ്ത്തി കാണുന്ന സംസ്‌കാരരഹിത സമീപനങ്ങളെ ഇല്ലാതാക്കുക എന്നത് ലിംഗ സമത്വം ഉറപ്പുവരുത്താന്‍ അത്യന്താപേക്ഷിതമാണ്. സ്ത്രീധനത്തിനെതിരെയുള്ള പരാതികളിന്മേല്‍ ശക്തമായ നടപടി ഉറപ്പുവരുത്തും. സ്ത്രീ ശാക്തീകരണത്തിനായി പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതോടൊപ്പം തന്നെ അതിനുതകുന്ന സാമൂഹികാവബോധം കൂടി വളര്‍ത്തിയെടുക്കുക എന്നത് പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. ശാന്താ ജോസ്, ഡോ. വൈക്കം വിജയലക്ഷമി, ഡോ. സുനിത കൃഷ്ണന്‍, ഡോ. യുപിവി സുധ എന്നിവര്‍ക്ക് മുഖ്യമന്ത്രി വനിത രത്‌ന പുരസ്‌കാരം സമ്മാനിച്ചു. അങ്കണവാടി മുഖേന നല്‍കുന്ന സേവനങ്ങള്‍ പൂര്‍ണമായി ജനങ്ങളില്‍ എത്തിക്കുന്നതിനായി സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ച സംസ്ഥാനത്തെ അങ്കണവാടി വര്‍ക്കര്‍മാര്‍, ഹെല്‍പര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍, ശിശുവികസന പദ്ധതി ഓഫീസര്‍, പ്രോഗ്രാം ഓഫീസര്‍, ജില്ലാ കളക്ടര്‍ എന്നിവര്‍ക്കുള്ള അവാര്‍ഡും വിതരണം ചെയ്തു. 14 ജില്ലകളിലെ മികച്ച ഓരോ അങ്കണവാടികള്‍ക്കുമുളള ഐസിഡിഎസ് അവാര്‍ഡുകളും വിതരണം ചെയ്തു.

സ്ത്രീധനത്തിനെതിരായുള്ള പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള പോര്‍ട്ടല്‍ ഉദ്ഘാടനവും ‘വിവാഹ പൂര്‍വ കൗണ്‍സിലിങ്’ എന്ന പദ്ധതിയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ‘അങ്കണപ്പൂമഴ ജെന്‍ഡര്‍ ഓഡിറ്റഡ് അങ്കണവാടി പാഠപുസ്തകം’ പ്രകാശനം നടത്തി. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു അട്ടപ്പാടിയിലെ ‘പെന്‍ട്രിക കൂട്ട’ പദ്ധതിയുടെ പ്രഖ്യാപനം നടത്തി. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചുറാണി ‘ധീര’ പെണ്‍കുട്ടികള്‍ക്കുള്ള സ്വയം പ്രതിരോധ പരിശീലന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

Eng­lish Sum­ma­ry: Govt pledges to end dowry: CM

You may like this video also

Exit mobile version