Site iconSite icon Janayugom Online

തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയ സംഭവം: അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണം: സിപിഐ

തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് സിപിഐ ജില്ലാ എക്സിക്യൂട്ടീവ് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 

ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടന്ന പൂരത്തിന്റെ രാത്രി എഴുന്നള്ളത്ത് തടയാനും തുടര്‍ന്ന് തിരുവമ്പാടി ദേവസ്വം പൂരം നിര്‍ത്തിവയ്ക്കാനിടയായ സംഭവങ്ങളില്‍ രാഷ്ട്രീയ താല്പര്യത്തിന്റെ അടിസ്ഥാനത്തില്‍ ഗൂഢാലോചന നടന്നതായി സിപിഐ അഭിപ്രായപ്പെട്ടിരുന്നു. എല്‍ഡിഎഫ് നിലപാടും അതുതന്നെയായിരുന്നു. പൊലീസ് കമ്മിഷണർ ഉള്‍പ്പെടെയുള്ളവരുടെ ഇടപെടല്‍ അതിരുകടന്നതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ മാറ്റുന്നതുള്‍പ്പെടെ നടപടി ഉണ്ടായി. 

എന്നാല്‍ പൂരം നിര്‍ത്തിവയ്ക്കാനും അലങ്കോലപ്പെടുത്താനും നടന്ന ഗൂഢാലോചന പുറത്തുവരേണ്ടതുണ്ട്. ഈ സംഭവത്തിന്റെ രാഷ്ട്രീയ ഗുണഭോക്താക്കള്‍ ബിജെപിയും സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയും ആയിരുന്നു. സംഘ്പരിവാറിലെ വത്സന്‍ തില്ലങ്കേരി ഉള്‍പ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യം പൂരത്തില്‍ ഉണ്ടായത് സംശയം ജനിപ്പിക്കുന്നു. എഡിജിപി-ആര്‍എസ്എസ് നേതാക്കളെ കണ്ടതുമായി ഉയര്‍ന്ന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പൂരം സംബന്ധിച്ച് അന്വേഷിച്ച റിപ്പോര്‍ട്ട് ജനങ്ങള്‍ക്കായി പുറത്തുവിട്ട് വസ്തുത വെളിപ്പെടുത്തണമെന്ന് സിപിഐ ജില്ലാ എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. 

വി എസ് സുനില്‍കുമാര്‍ അധ്യക്ഷനായി. ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ പി രാജേന്ദ്രന്‍, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി എന്‍ ജയദേവന്‍, ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, അസിസ്റ്റന്റ് സെക്രട്ടറിമാരായ പി ബാലചന്ദ്രന്‍ എംഎല്‍എ, ടി ആര്‍ രമേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Exit mobile version