Site iconSite icon Janayugom Online

സര്‍ക്കാരിന്റെ നൂറ് ദിനകര്‍മ്മ പരിപാടി:കോട്ടയം ജില്ലയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ

സർക്കാരിന്റെ 100ദിന കർമ്മ പരിപാടിയുടെ ഭാഗമായി കോട്ടയം ജില്ലയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. രാവിലെ 10ന് വാഴൂർ ആയുർവേദ ഡിസ്പെൻസറി മന്ദിരത്തിന്റെ ഉദ്ഘാടനം, 11 മണിക്ക് വാഴപ്പള്ളി കുടുംബാരോഗ്യ കേന്ദ്രം മന്ദിര ഉദ്ഘാടനം, 12 മണിക്ക് പുനർജനി പദ്ധതി ഉദ്ഘാടനം, ഉച്ചയ്ക്ക് 2 മണിക്ക് ജനറൽ ആശുപത്രി പബ്ലിക് ഹെൽത്ത് ലാബ് മന്ദിരം, വൈകുന്നേരം 3 മണിക്ക് കോട്ടയം മെഡിക്കൽ കോളേജിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടം എന്നിവ നിർവഹിക്കും. മന്ത്രി വി.എൻ വാസവൻ, ചീഫ് വിപ്പ് എൻ. ജയരാജ്, ജോബ് മൈക്കിൾ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർ വിവിധ പരിപാടികളിൽ അധ്യക്ഷത വഹിക്കും.

30 ലക്ഷം രൂപ വിനിയോഗിച്ചാണ് വാഴൂർ ആയുർവേദ ഡിസ്പെൻസറി പുതിയ ഒപി കെട്ടിടം സജ്ജമാക്കിയത്. 1.45 കോടി രൂപ ചെലവഴിച്ചാണ് 4500 ചതുരശ്ര അടി വിസ്തൃതിയിൽ വാഴപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതിയ ഒ.പി. ബ്ലോക്ക് നിർമ്മിച്ചിരിക്കുന്നത്. വെള്ളപ്പൊക്ക ഭീക്ഷണിയെ പ്രതിരോധിക്കാവുന്ന രീതിയിലാണ് പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്.

അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവർക്ക് ജീവൻരക്ഷാ മരുന്നുകൾ സൗജന്യമായി നൽകുന്നതിനുള്ള പദ്ധതിയാണ് പുനർജനി. അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവർക്കും അവരുടെ കുടുംബങ്ങൾക്കും ആശ്വാസകരമാകുന്ന രീതിയിൽ ജീവരക്ഷാ മരുന്നുകൾ സൗജന്യമായി ലഭ്യമാക്കുന്നതിനായി കോട്ടയം ജില്ലാ പഞ്ചായത്താണ് കോട്ടയം ജനറൽ ആശുപത്രി വഴി പുനർജനി നടപ്പാക്കുന്നത്. 30 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്.

കോട്ടയം ജനറൽ ആശുപത്രിയിൽ 1.25 കോടി രൂപ ചെലവഴിച്ചാണ് പബ്ലിക് ഹെൽത്ത് ലാബ് സജ്ജമാക്കിയത്. ബയോകെമിസ്ട്രി, പതോളജി, മൈക്രോ ബയോളജി ഡിപ്പാർട്ട്മെന്റുകളിൽ നടക്കുന്ന ലബോറട്ടറി പരിശോധനകൾ ഇനി മുതൽ ഇവിടെ സാധ്യമാകും. നിപ, കോവിഡ് പോലുള്ള സംക്രമിക രോഗങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ലെവൽ 2 തലങ്ങളിൽ നടക്കുന്ന ലബോറട്ടറി പരിശോധനകൾ, ഹബ് & സ്പോക്ക് രീതിയിൽ ലബോറട്ടറി പരിശോധനകൾ എന്നിവ ഇവിടെ നടത്തുവാൻ സാധിക്കും എന്നുള്ളത് ഇതിന്റെ പ്രത്യേകതയാണ്.

കോട്ടയം മെഡിക്കൽ കോളേജിൽ 20 ലക്ഷം രൂപ ചെലവഴിച്ചുള്ള മെയിൻ അലുമ്നി ഗേറ്റ്, 25 ലക്ഷം രൂപ ചെലവഴിച്ചുള്ള കൂട്ടിരിപ്പുകാരുടെ വിശ്രമ കേന്ദ്രം, 80 ലക്ഷം ചെലവഴിച്ചുള്ള സൈക്കോ സോഷ്യൽ റിഹാബ് ഏരിയ, 96 ലക്ഷം രൂപ ചെലവഴിച്ചുള്ള ഡോണർ ഫ്രണ്ട്ലി ബ്ലഡ് സെന്ററും അക്കാഡമിക് ഏരിയയും, അത്യാഹിത വിഭാഗം ഗേറ്റിന്റെ ശിലാസ്ഥാപനം, ജോൺ ബ്രിട്ടാസിന്റെ എംപി ഫണ്ടിൽ നിന്നുള്ള 98 ലക്ഷം ചെലവഴിച്ചുള്ള ഉപകരണങ്ങൾ, 1.85 കോടി രൂപ ചെലവഴിച്ചുള്ള അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റ് ടവർ, 50 ലക്ഷം ചെലവഴിച്ച് സൂപ്രണ്ട് ഓഫീസിലെ ഫയൽ റെക്കോർഡ് ലൈബ്രറി എന്നിവയുടെ ഉദ്ഘാടനങ്ങളാണ് നടക്കുന്നത്.

Exit mobile version