Site iconSite icon Janayugom Online

പ്രതിപക്ഷ നേതാവിന്റെ വെല്ലുവിളി സ്വീകരിച്ച് മന്ത്രി ജി ആര്‍ അനില്‍

ഇടതു സര്‍ക്കാര്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി സപ്ലൈകോ ഔട്ട്‌ലെറ്റുകളിലൂടെ വിലയില്‍ മാറ്റമില്ലാതെ 13 ഇന സാധനങ്ങള്‍ ഇപ്പോഴും വില്പന നടത്തുന്നുണ്ടെന്ന് മന്ത്രി ജി ആര്‍ അനില്‍ നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന്റെ അനുമതി തേടിയുള്ള ചര്‍ച്ചയില്‍ മറുപടി നല്‍കുകയായിരുന്നു ഭക്ഷ്യമന്ത്രി. പ്രമേയത്തിന് അനുമതി തേടിക്കൊണ്ട് കോണ്‍ഗ്രസിലെ പി സി വിഷ്ണുനാഥ്, 13 ഇനത്തിനും വിലയില്‍ വര്‍ധനവ് ഉണ്ടായെന്ന പത്രവാര്‍ത്ത ഉയര്‍ത്തിക്കാട്ടി ഭക്ഷ്യവകുപ്പിനെ വിമര്‍ശിച്ചു. എന്നാല്‍, വാര്‍ത്തകള്‍ പതിവായി തെറ്റിദ്ധരിപ്പിക്കും വിധത്തിലാണ് പല മാധ്യമങ്ങളും നല്‍കുന്നതെന്ന് മന്ത്രി മറുപടിയില്‍ പറഞ്ഞു. തെറ്റായി വാര്‍ത്ത കൊടുക്കുകയും പിറ്റേന്ന് തിരുത്തുകയുമാണ് ഇപ്പോഴത്തെ പതിവെന്നും മന്ത്രി തുറന്നുകാട്ടി.

13 ഇന സാധനങ്ങളുടെയും വിലയില്‍ ഇപ്പോഴും മാറ്റമില്ല. വിഷ്ണുനാഥ് എടുത്തുപറഞ്ഞ വെളിച്ചെണ്ണയുടെ വിലയില്‍ ഒരു മാറ്റവുമില്ല. പൊതുവിപണിയിലെ വിലയും താരതമ്യപ്പെടുത്തിയാണ് മന്ത്രി ഇതേക്കുറിച്ച് വിശദീകരിച്ചത്. മന്ത്രിയുടെ മറുപടിക്ക് ശേഷം സ്പീക്കര്‍ എ എന്‍ ഷംസീര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു.

സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ വാക്കൗണ്ട് പ്രസംഗം നടത്തി. പ്രസംഗത്തിനിടെ തന്റെയൊപ്പം വന്നാല്‍ സപ്ലൈകോയില്‍ യാതൊരു സപ്ലൈയും നടക്കുന്നില്ലെന്ന് തെളിയിക്കാമെന്ന് സതീശന്‍ മന്ത്രിയെ വെല്ലുവിളിച്ചു. ഉടന്‍ തന്നെ മന്ത്രി ജി ആര്‍ അനില്‍ ഇടപെട്ട് പ്രതിപക്ഷ നേതാവിന്റെ വെല്ലുവിളി സ്വീകരിച്ചു. സഭ പിരിഞ്ഞാല്‍ ഇന്നുതന്നെ ഒരുമിച്ച് പോകാമെന്നും മന്ത്രി പറഞ്ഞു. പ്രസംഗം തുടര്‍ന്ന പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും എതിരെ വിമര്‍ശനമുതിര്‍ത്തു. ധനവകുപ്പും ഭക്ഷ്യവകുപ്പും തമ്മില്‍ പ്രശ്നങ്ങളുണ്ടെന്നും മുഖ്യമന്ത്രി ഇക്കാര്യത്തില്‍ സഭയില്‍പോലും മൗനം പാലിക്കുകയാണെന്നും സതീശന്‍ പറഞ്ഞു. ഇതോടെ മന്ത്രി വി ശിവന്‍കുട്ടി എഴുന്നേറ്റു. പിറകെ ജി ആര്‍ അനിലും ഇടപെട്ടു. ഇതില്‍ പ്രകോപിതനായ പ്രതിപക്ഷനേതാവ് മന്ത്രിമാര്‍ക്കെതിരെ ആക്ഷേപങ്ങളുമായി ബഹളംവച്ചു.

മന്ത്രിമാര്‍ ഇരിക്കാതെ താന്‍ പ്രസംഗിക്കില്ലെന്ന് സ്പീക്കറുടെ നിര്‍ദ്ദേശത്തിന് വി ഡി സതീശന്‍ മറുപടിയായി പറഞ്ഞു. തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങള്‍ സഭ ബഹിഷ്കരിച്ച് പുറത്തിറങ്ങുകയായിരുന്നു.

 

Eng­lish Sam­mury: Adjourn­ment Motion, Min­is­ter GR Anil accept­ed the chal­lenge of the Leader of the Opposition

 

Exit mobile version