Site iconSite icon Janayugom Online

ആഘോഷ ആരവങ്ങളോടെ ‘ഗ്രാമവണ്ടി’ നിരത്തിലിറങ്ങി

വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആഘോഷ ആരവങ്ങളുമായി ചാത്തമംഗലം പഞ്ചായത്തിൽ ‘ഗ്രാമവണ്ടി’ പദ്ധതിക്ക് തുടക്കമായി. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് നിർവ്വഹിച്ചതോടെ വാഹനം നിരത്തിലിറങ്ങി. കേരളത്തിന്റെ സ്വപ്നപദ്ധതിയായ ‘ഗ്രാമവണ്ടി’ പദ്ധതി സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.

ഗ്രാമീണ പാതകളിലെ ഗതാഗത ക്ലേശം പരിഹരിക്കാനുള്ള ‘ഗ്രാമവണ്ടി’ പദ്ധതി ഗ്രാമ പ്രദേശങ്ങളിൽ ജനങ്ങൾക്ക് പൊതുഗതാഗത സൗകര്യം ഒരുക്കുന്ന സർക്കാർ പദ്ധതിയാണ്. ജില്ലയിൽ ആദ്യവും സംസ്ഥാനത്ത് മൂന്നാമതുമാണ് ഈ ഗ്രാമവണ്ടി. കോഴിക്കോട് ഡിപ്പോയിൽ നിന്ന് രാവിലെ 7.10 ന് പുറപ്പെടുന്ന വണ്ടി വൈകിട്ട് 6.35 ന് തിരികെയെത്തും. പഞ്ചായത്തിലെ ആശുപത്രി, സ്കൂളുകൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങി പ്രധാന കേന്ദ്രങ്ങളിലേക്കെല്ലാം ഗ്രാമവണ്ടി സർവീസ് നടത്തും. ചാത്തമംഗലം, എൻ ഐ ടി, നായർകുഴി ഹയർസെക്കന്ററി സ്കൂൾ, ഹോമിയോ ആശുപത്രി, കൂളിമാട്, എംവിആർ ആശുപത്രി, ചൂലൂർ ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, വെള്ളന്നൂർ ആയുർവേദ ആശുപത്രി, കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളെല്ലാം ഉൾപ്പെടുത്തിയാണ് ബസ് സർവീസ് ക്രമീകരിച്ചിട്ടുള്ളത്.

കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് ആരംഭിക്കുന്ന ഗ്രാമവണ്ടി പദ്ധതി ഗ്രാമത്തിന്റെ ഉൾപ്രദേശത്തും പൊതുഗതാഗതം ലഭ്യമാകാത്തതുമായ സ്ഥലങ്ങളിലേക്കുള്ള യാത്ര എളുപ്പമാക്കും. ഇന്ധനചിലവ് തദ്ദേശസ്വയംഭരണ സ്ഥാപനം വഹിക്കും. ജീവനക്കാരുടെ ശമ്പളം, വാഹനം, സുരക്ഷ, വാഹനത്തിന്റെ മെയിന്റനൻസ്, സ്പെയർപാർട്സ്, ഇൻഷുറൻസ് തുടങ്ങിയ ചെലവുകൾ കെഎസ്ആർടിസി വഹിക്കും. വിദ്യാർഥികൾക്കുള്ള കൺസഷൻ, ഭിന്നശേഷി പാസുകൾ തുടങ്ങി കെഎസ്ആർടിസിയിൽ നിലവിലുള്ള ആനുകൂല്യങ്ങളും ലഗേജ് നിരക്കുകളും ഗ്രാമവണ്ടിയിലും ലഭ്യമാക്കും. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി, വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. വി സക്കറിയ, ജില്ലാപഞ്ചായത്ത് അംഗങ്ങളായ നാസർ എസ്റ്റേറ്റ്മുക്ക്, സുധ കമ്പളത്ത്, ബ്ലോക്ക് വൈസ് പ്രസിഡന്റ് മുംതസ് ഹമീദ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഷമ എം കെ, ജില്ലാ ട്രാൻസ്പോർട് ഓഫീസർ കെ യൂസഫ്, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ സ്വാഗതം പറഞ്ഞു.

Eng­lish Sum­ma­ry: ‘Gra­ma­van­di’ hit the road with cel­e­bra­to­ry cheers
You may also like this video

Exit mobile version