ഇടുക്കി ജില്ലയോടു ചേർന്നു കിടക്കുന്ന തമിഴ്‌നാട്ടിലെ തേനിക്ക് ഇത് മുന്തിരിയുടെ വിളവെടുപ്പ് കാലം. ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ മുന്തിരി കൃഷി ചെയ്യുന്നത് ഇവിടെയാണ്. വർഷത്തിൽ നാല് തവണയാണ് പഴുത്ത് പാകമായ മുന്തിരി വിളവെടുക്കുന്നത്. ഒക്ടോബർ മുതൽ ഡിസംബർ വരെയാണ് പ്രധാന വിളവെടുപ്പുകാലം. ഗൂഡല്ലൂർ, കമ്പം, ചുരുളി പെട്ടി, കെ കെ കെ പെട്ടി, തേവർ പെട്ടി, ചിന്ന മന്നൂർ, കവണം പെട്ടി, തുടങ്ങി മേഖലയിലടക്കം ഒരു ലക്ഷം ഹെക്ടർ സ്ഥലത്ത് മുന്തിരി കൃഷിചെയ്യുന്നുണ്ടന്നാണ് ഏകദേശകണക്ക്.
ഒട്ടേറെ മലയാളികൾക്കും തേനി ജില്ലയിലെ വിവിധ ഇടങ്ങളിൽ ചെറുതും വലുതുമായി മുന്തിരി തോപ്പുകൾ ഉണ്ട്. വിവിധ പ്രതികൂല സാഹചര്യങ്ങൾ മൂലം ഏതാനും വർഷങ്ങളായി വലിയ ചില നഷ്ടങ്ങളും ഇവിടെ മുന്തിരി കർഷകർ ക്കുണ്ടായിട്ടുണ്ട്.
എന്നാൽ കുറെ വർഷങ്ങളായി കർഷകർക്ക് മുന്തിരി കൃഷിയിലൂടെ മികച്ച വരുമാനമാണ് ലഭിച്ചു വരുന്നത്. മുന്തിരിയിൽ നിന്നും മൂല്യാധിഷ്ടിത ഉല്പന്നങ്ങൾ നിർമ്മിക്കാനുള്ള ഒട്ടേറെ സംരംഭങ്ങൾ ആരംഭിച്ചതാണ് ഇതിന് പ്രധാനകാരണം. മറ്റൊന്ന് വിനോദ സഞ്ചാരികളെ ആകർഷിക്കുവാനുള്ള സംവിധാനങ്ങൾ ഒരിക്കിയതാണ് തേക്കടിയിലും മൂന്നാറി ലുമെത്തുന്ന സഞ്ചാരികളിലേറെയും ഇവിടുത്തെ മുന്തിരിപാടങ്ങൾ സന്ദർശിക്കാനെത്തുന്നതും അനുകൂലഘടകമായി മാറിയിരിക്കുകയാണ്.
വിളവെടുപ്പ് കാലം ആയതോടെ കണ്ണെത്താ ദൂരത്തോളം കുലകുലയായി കിടക്കുന്ന മുന്തിരി കാഴ്ച സഞ്ചാരികളെ ഹരം കൊള്ളിക്കുന്നതാണ്. തോട്ടങ്ങൾ സന്ദർശിക്കാനും കൺമുൻപിൽ വച്ചു തന്നെ വിളവെടുക്കുന്ന മുന്തിരിവാങ്ങാനും ഇവിടെ അവസരമൊരിക്കിയിട്ടുണ്ട്. കേരളത്തിൽ ഹർത്താലോ അവധി ദിനങ്ങളോ വന്നാൽ ഇവിടെയെത്തുന്നവരിൽ ഭൂരിഭാഗവും ഇടുക്കി ജില്ലയിൽ നിന്നും ഉള്ളവരായിരിക്കും.
വർഷം മുഴുവൻ വിളവ് ലഭിക്കുന്ന രീതിയിലാണ് ഇവിടെ മുന്തിരി കൃഷി പരിപാലനം ഇതിനായി ഒരു കർഷകൻ തന്നെ ഒന്നിലേറെ തോട്ടങ്ങളിൽ കൃഷിയിറക്കുന്നു. തമിഴ്‌നാട് സർക്കാരിന്റെ എല്ലാവിധ പിന്തുണയും സാമ്പത്തികസഹായവും കർഷകർക്ക് ലഭിക്കുന്നുമുണ്ട്. കേരളത്തിന് പുറമേ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കും തേനിയിൽ നിന്നും ലോഡ് കണക്കിന് മുന്തിരി കയറ്റി അയയ്ക്കപ്പെടുന്നു.