Site iconSite icon Janayugom Online

ഭക്ഷ്യമന്ത്രി ജി ആർ അനിലിനെതിരെ നടത്തിയ ‘പച്ചക്കള്ളം’ പരാമർശം; സഭയിൽ മന്ത്രിയോട് മാപ്പ് പറഞ്ഞ് വി ഡി സതീശൻ

ഭക്ഷ്യമന്ത്രി ജി ആർ അനിലിനെതിരെ നടത്തിയ ‘പച്ചക്കള്ളം’ പരാമർശത്തിൽ നിയമസഭയിൽ മന്ത്രിയോട് മാപ്പ് പറഞ്ഞ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാരിനെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രകീർത്തിച്ചുവെന്ന് ഭക്ഷ്യമന്ത്രി സഭയിൽ പറഞ്ഞതോടെയാണ് മന്ത്രി പച്ചക്കള്ളം പറയുന്നുവെന്ന് ഇന്നലെ സതീശൻ പറഞ്ഞത്. വിലക്കയറ്റവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ ചർച്ചയ്ക്ക് മറുപടി പറയവേ, പ്രതിപക്ഷ നേതാവ് പറവൂരിലെ ഓണച്ചന്ത ഉദ്ഘാടനം ചെയ്തുകൊണ്ട് സർക്കാരിനെ പ്രകീർത്തിച്ചുവെന്ന് മന്ത്രി ജി ആർ അനിൽ സഭയിൽ പറഞ്ഞിരുന്നു.

ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്. മുതിർന്ന അംഗം മാത്യു ടി തോമസിന്റെ ഇടപെടലിനെത്തുടർന്ന് തന്റെ ഭാഗത്തുണ്ടായ തെറ്റ് അംഗീകരിച്ച സതീശൻ, പച്ചക്കള്ളം പറയുന്നുവെന്ന വാക്ക് സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്നും സ്പീക്കറോട് അഭ്യർത്ഥിച്ചു. മാത്യു ടി തോമസിന്റെ വാക്ക് വിലമതിക്കുന്നുവെന്നും, താൻ ഉപയോഗിച്ച വാക്ക് സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത് നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Exit mobile version