Site iconSite icon Janayugom Online

വെനസ്വേലയ്ക്ക് പിന്നാലെ ഗ്രീൻലാൻഡ്? സൈനിക നീക്കം തള്ളാതെ വൈറ്റ് ഹൗസ്

വെനസ്വേലയിൽ മഡുറോയെ അട്ടിമറിച്ചതിന് പിന്നാലെ, ഡെന്മാർക്കിന്റെ സ്വയംഭരണ പ്രദേശമായ ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ സൈനിക നീക്കമടക്കമുള്ള സാധ്യതകൾ പരിഗണിക്കുന്നതായി വൈറ്റ് ഹൗസ് വ്യക്തമാക്കി. ഗ്രീൻലാൻഡ് സ്വന്തമാക്കുന്നത് അമേരിക്കയുടെ “ദേശീയ സുരക്ഷാ മുൻഗണന” ആണെന്നും, ഇതിനായി സൈന്യത്തെ ഉപയോഗിക്കുന്നത് തള്ളിക്കളയാനാവില്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് അറിയിച്ചു. മഡുറോയുടെ അപ്രതീക്ഷിത പതനത്തിന് ശേഷം ഗ്രീൻലാൻഡ് വിഷയത്തിൽ ട്രംപ് ഭരണകൂടം നിലപാട് കർക്കശമാക്കിയിരിക്കുകയാണ്. ഗ്രീൻലാൻഡ് അമേരിക്കയുടെ ഭാഗമാകണമെന്നത് സർക്കാരിന്റെ ഔദ്യോഗിക നിലപാടാണെന്ന് ട്രംപിന്റെ മുതിർന്ന ഉപദേഷ്ടാവ് സ്റ്റീഫൻ മില്ലർ വ്യക്തമാക്കി. “ഗ്രീൻലാൻഡിന്റെ ഭാവിക്ക് വേണ്ടി അമേരിക്കയോട് സൈനികമായി പോരാടാൻ ആരും വരില്ല” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, അമേരിക്കയുടെ ഭീഷണിക്കെതിരെ യൂറോപ്യൻ രാജ്യങ്ങൾ ഒറ്റക്കെട്ടായി രംഗത്തെത്തി. ഡെന്മാർക്കിന് പിന്തുണ പ്രഖ്യാപിച്ച് യു കെ, ഫ്രാൻസ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങൾ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. അമേരിക്ക ഒരു നാറ്റോ സഖ്യരാജ്യത്തെ ആക്രമിക്കാൻ മുതിർന്നാൽ അത് ആ സൈനിക സഖ്യത്തിന്റെ അന്ത്യമാകുമെന്ന് ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സൺ മുന്നറിയിപ്പ് നൽകി. ഗ്രീൻലാൻഡ് വിൽപ്പനയ്ക്കുള്ളതല്ലെന്നും അവിടുത്തെ ജനങ്ങളാണ് ഭാവി തീരുമാനിക്കേണ്ടതെന്നും ഗ്രീൻലാൻഡ് പ്രധാനമന്ത്രി ജെൻസ്-ഫ്രെഡറിക് നീൽസണും വ്യക്തമാക്കി.

Exit mobile version