ചുവന്ന നാടയിൽ കുരുങ്ങിപ്പോകാതെ സാധാരണ മനുഷ്യരുടെ ജീവിതത്തിന് താങ്ങാകാന്‍ സംസ്ഥാന സര്‍ക്കാരിന്റെ കരുതലും കൈത്താങ്ങുമായി പരാതി പരിഹാര അദാലത്തിന് തുടക്കമായി. തിരുവനന്തപുരം താലൂക്ക് അദാലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. അദാലത്തുകൾ യാന്ത്രികമായ ഒരു സർക്കാർ പരിപാടിയായി മാറാതെ നോക്കേണ്ട ഉത്തരവാദിത്തം ബന്ധപ്പെട്ട സർക്കാർ ഓഫിസുകൾക്ക് ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവ കൃത്യമായി നടപ്പാക്കുന്നു എന്നു ഉറപ്പു വരുത്താൻ ജില്ലാ ഭരണ സംവിധാനത്തിനും കഴിയണം. ജനങ്ങളും ഉദ്യോഗസ്ഥരും പരസ്പരം സഹകരിച്ചുകൊണ്ട് കരുതലും കൈത്താങ്ങും പരിപാടി വിജയകരമായി പൂർത്തീകരിക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മേനംകുളം വില്ലേജിലെ ഷൈലജയ്ക്ക് കരം അടയ്ക്കാൻ അനുമതി നൽകിയ ഉത്തരവിന്റെ പകർപ്പ്, വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്‌ടൈം സ്വീപ്പറായ ബേബിയുടെ മകൻ ജയകുമാറിന് ആശ്രിത സർട്ടിഫിക്കറ്റ്, താഹിറ ബീവിയ്ക്ക് ഗുരുതരരോഗങ്ങൾക്കുള്ള ചികിത്സാ സഹായം ലഭിക്കുന്നതിന് അന്ത്യോദയ അന്നയോജന കാർഡ് എന്നിവ മുഖ്യമന്ത്രി ചടങ്ങിൽ കൈമാറി. മന്ത്രിമാരായ ജി ആര്‍ അനില്‍, വി ശിവൻകുട്ടി എംഎൽഎമാരായ ആന്റണി രാജു, കടകംപള്ളി സുരേന്ദ്രൻ, വി കെ പ്രശാന്ത്, വി ജോയ്, വി ശശി, മേയർ ആര്യാ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്‌കുമാർ തുടങ്ങിയവര്‍ പങ്കെടുത്തു.
തിരുവനന്തപുരം, കോഴഞ്ചേരി, കോഴിക്കോട്, കോട്ടയം, കണ്ണൂര്‍ താലൂക്കുകളിലാണ് ഇന്ന് അദാലത്ത് നടന്നത്. മന്ത്രിമാരായ വീണാ ജോർജ്, പി രാജീവ്, പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ, വി എൻ വാസവൻ, രാമചന്ദ്രൻ കടന്നപ്പള്ളി, ഒ ആർ കേളു, പി പ്രസാദ് എന്നിവര്‍ അദാലത്തുകളില്‍ സാധാരണക്കാരുടെ പരാതികള്‍ കേട്ട് പരിഹാരം നിര്‍ദേശിച്ചു. ഇന്ന് നെയ്യാറ്റിൻകര എസ് എൻ ഓഡിറ്റോറിയത്തില്‍ മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ എന്നിവരും തലശേരി, കോടിയേരി ബാലകൃഷ്ണൻ മെമ്മോറിയൽ ടൗൺ ഹാളില്‍ രാമചന്ദ്രൻ കടന്നപ്പള്ളി, ഒ ആർ കേളു, പി പ്രസാദ് എന്നിവരും മല്ലപ്പള്ളി സെന്റ് ജോൺസ് ബദനി ഓർത്തഡോക്സ് ചർച്ചില്‍ വീണാ ജോർജ്, പി രാജീവ് എന്നിവരും വൈക്കം സെന്റ് മേരീസ് ചർച്ച് പാരീഷ് ഹാളില്‍ റോഷി അഗസ്റ്റിൻ, വി എൻ വാസവൻ, വടകര മുനിസിപ്പൽ ടൗൺ ഹാളില്‍ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ എന്നിവരും അദാലത്തില്‍ പങ്കെടുക്കും. കരുതലും കൈത്താങ്ങും പരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന താലൂക്ക് തല അദാലത്തുകളിൽ നിശ്ചയിക്കപ്പെട്ട 21 വിഷയങ്ങൾക്ക് കീഴിൽ വരുന്നതും ജില്ലാതലത്തിൽ പരിഹരിക്കാവുന്നതുമായ പരാതികളാണ് പരിഗണിക്കുന്നത്.