Site iconSite icon Janayugom Online

ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരത്തിനായി ഗ്രൂപ്പുകള്‍ അണിയറയില്‍ സജീവം

ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ സുരേന്ദ്രന്‍ ഗ്രൂപ്പും, വിരുദ്ധ ഗ്രൂപ്പും തമ്മില്‍ അണിയറയില്‍ സജീവമായിരിക്കുന്നു.കെ സുരേന്ദ്രനെതിരെ എം ടി രമേശിനെ മത്സരിപ്പിക്കാനാണ് ഇവരുടെ താല്‍പര്യം .എന്നാല്‍ ആ പക്ഷത്തെ തന്നെ എ എന്‍ രാധാകൃഷ്ണനും പ്രസിഡന്റാകാന്‍ രംഗത്തുണ്ട്. ശോഭാ സുരേന്ദ്രനും പ്രസിഡന്റ് സ്ഥാനത്തേക്ക് നോട്ടമിടുന്നതായും ബിജെപി കേന്ദ്രങ്ങളില്‍ നിന്നും അഭിപ്രായം ഉയരുന്നുണ്ട്.

സംസ്ഥാന ബിജെപിയിലെ ഗ്രൂപ്പ് പോര് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി കൂടുതല്‍ രൂക്ഷമാകുകയാണ്. ശോഭാ സുരേന്ദ്രന് കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയുണ്ടെന്നാണ് അവരെ പിന്തുണയ്ക്കുന്നവര്‍ അഭിപ്രായപ്പെടുന്നത്. ഇതോടെ ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് വോട്ടെടുപ്പ് ഉണ്ടാകുമെന്ന് ഉറപ്പായിരിക്കുകയാണ്. വോട്ടെടുപ്പില്‍ തെറ്റില്ലെന്ന നിലപാടാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലും ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തെ14 ജില്ലകള്‍ വിഭജിച്ച് 30 സംഘടനാ ജില്ലകളാക്കി കൂടുതല്‍ പേരെ ഭാരവാഹികളാക്കാനുള്ള ശ്രമത്തിലാണ് . 

പാര്‍ട്ടി മണ്ഡലം, ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്നതുപോലെ അഭിപ്രായരൂപീകരണം സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്കുമാകാം എന്നും ഒരു നിര്‍ദ്ദേശം വന്നിട്ടില്ല. ബിജെപിയുടെ ഏതു ഘടകത്തിലേയും പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടത്തി കൂടുതല്‍ വോട്ടുകിട്ടുന്ന വ്യക്തി പ്രസിഡന്റ് ആകണമെന്നില്ല മറിച്ച് ജില്ലാ പ്രസിഡന്റുമാരെ തീരുമാനിക്കുന്നത് സംസ്ഥാന കോര്‍കമ്മിറ്റിയാണ്. ഇവിടെ പിന്തുണയ്ക്കല്ല മറിച്ച് പാര്‍ട്ടി നേതാക്കന്‍മാരുടെ താല്‍പര്യമാണ്. ഇതു ജില്ലകളില്‍ നേതാക്കളിലും, അണികളിലും വന്‍ പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്. ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് അഭിപ്രായ രൂപീകരണത്തിനായി വോട്ടെടുപ്പ് നടത്തുകയായിരുന്നു. എന്നാല്‍ നാളിതുവരെയായി പ്രസിഡന്റുമാരെ നിശ്ചയിച്ചിട്ടുമില്ല .ഈ മാസം 30ന് മുമ്പ് സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കണം.

അടുത്തമാസമാണ് ദേശിയ പ്രസിഡന്റിനെ തീരൂമാനിക്കുന്നത്. അഞ്ചുവര്‍ഷം പൂര്‍ത്തിയായവര്‍ക്കും മത്സരിക്കാമെന്നുള്ളതുകൊണ്ട് കെ.സുരേന്ദ്രന് വീണ്ടും മത്സരിക്കാം. .അഞ്ചുവര്‍ഷം പൂര്‍ത്തിയായവര്‍ക്ക് മത്സരിക്കാമെന്നുള്ള വ്യവസ്ഥയില്‍ ഇനിയും മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് സുരേന്ദ്രന്‍ വിരുദ്ധ പക്ഷം. ഇവര്‍ക്ക് നേതൃത്വം നല്‍കുന്നത് മുന്‍ സംസ്ഥാന പ്രസി‍ഡന്റ് കൂടിയായ പി കെ കൃഷ്ണദാസ് ആണ്, നേരത്തെ സുരേന്ദ്രനും മുരളീധരനും കൂടിയായിരുന്നു ആ ഗ്രൂപ്പിനെ നയിച്ചിരുന്നത്. എന്നാല്‍ മുരളീധരന്‍ സുരേന്ദ്രനുമായി അകല്‍ച്ചിലാണ്. കേന്ദ്ര മന്ത്രിസ്ഥാനം നഷ്ടമായ മുരളീധരനും സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹമുണ്ടെന്നും പറയപ്പെടുന്നു. 

ഇനി പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ തീരുമാനം ആകും നിര്‍ണ്ണായകം. വനിതകള്‍ക്ക് പ്രധാന്യം നല്‍കാന്‍ ബിജെപി ദേശീയ നേതൃത്വത്തില്‍ ധാരണയായിട്ടുണ്ട്. ഇതില്‍ പിടിച്ചാണ് ശോഭാ പക്ഷത്തിന്റെ പോക്ക് 30 ജില്ലാ പ്രസിഡന്റുമാരില്‍ നാലു പേരെങ്കിലും വനിതകളാകണമെന്നാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം . രണ്ടോ മൂന്നോ ജില്ലകളില്‍ ന്യൂനപക്ഷ വിഭാഗത്തിന് പ്രസിഡന്റ് പദം നല്‍കും. പിന്നാക്ക വിഭാഗത്തില്‍ നിന്നും ഒന്നോ രണ്ടോ പേരെ ജില്ലാ പ്രസിഡന്റുമാരാക്കാനും ദേശീയ നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്.

അഞ്ച് വര്‍ഷം പൂര്‍ത്തിയായ ജില്ലാ, മണ്ഡലം പ്രസിഡന്റുമാര്‍ക്ക് വീണ്ടും മത്സരിക്കാമെന്ന് കേന്ദ്ര നിരീക്ഷക വാനതി ശ്രീനിവാസന്‍ അറിയിച്ചിരുന്നു. ഇതാണ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ സുരേന്ദ്രനും കൂട്ടരും വീണ്ടും സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് വരാന്‍ ശ്രമിക്കുന്നത്. ഇത് മനസ്സിലാക്കിയാണ് മത്സരമാകട്ടേ എന്ന നിലപാട് കോര്‍ കമ്മറ്റി എടുത്തത്. അതേസമയം മുന്‍ ധാരണ തെറ്റിച്ചാണ് പുതിയ തീരുമാനമെന്ന് സുരേന്ദ്ര വിരുദ്ധ ചേരി ആരോപിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന ഓണ്‍ലൈന്‍ യോഗത്തില്‍ നേതാക്കള്‍ എതിര്‍പ്പ് അറിയിച്ചു. 

പി.കെ കൃഷ്ണദാസ്, എ.എന്‍ രാധാകൃഷ്ണന്‍, എം.ടി രമേശ് തുടങ്ങിയവരാണ് യോഗത്തില്‍ എതിര്‍പ്പറിയിച്ചത്. തര്‍ക്കത്തിനിടെ ഇവരൊക്കെ യോഗം ബഹിഷ്‌ക്കരിക്കുകയും ചെയ്തു. സുരേന്ദ്രന് തുടരാന്‍ അവസരമൊരുങ്ങുന്നതില്‍ ഒരു വിഭാഗം നേതാക്കള്‍ക്ക് കടുത്ത എതിര്‍പ്പുണ്ട്. അതേസമയം കേന്ദ്ര നേതൃത്വം സുരേന്ദ്രന്റെ കൂടെ നില്‍ക്കുന്നതില്‍ ഇവര്‍ക്ക് ആശങ്കയുണ്ട്. എംടി രമേശിനെ സംസ്ഥാന അധ്യക്ഷനാക്കാനുള്ള ചര്‍ച്ചകള്‍ നേരത്തെ നടന്നിരുന്നു. അതിനിടെയാണ് സുരേന്ദ്രന് തുടരാന്‍ അവസരമൊരുങ്ങുന്ന രീതിയില്‍ കേന്ദ്രം തീരുമാനമെടുത്തത്. ഇത് മനസ്സിലാക്കിയാണ് മത്സരത്തിലൂടെ രമേശിന് കൂടുതല്‍ വോട്ടുണ്ടെന്ന് വരുത്താനുള്ള നീക്കം ആ വിഭാഗം നടത്തുന്നത്.

ജില്ലാ പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പില്‍ അഭിപ്രായ സമന്വയമുണ്ടാക്കാന്‍ കുമ്മനം രാജശേഖരന്‍‍‍‍‍‍‍‍‍‍‍‍‍‍, വി. മുരളീധരന്, പി.കെ.കൃഷ്ണദാസ് തുടങ്ങിയ ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്മാരായ മുതിര്‍ന്ന നേതാക്കള്‍ അടങ്ങുന്ന സമിതിക്കാണ് ചുമതല. ചില ജില്ലകളി‍ല്‍ ജില്ലാ പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പില്‍ ജാതീയമായ വീതംവെപ്പിനെതിരെ പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷം ശക്തമാണ്. രണ്ടു സമുദായങ്ങളില്‍നിന്നുള്ള നേതാക്കള്‍ക്ക് വീതം വെയ്ക്കന്ന തരത്തിലേക്ക് നീങ്ങിയിട്ടുണ്ട്.എന്നാല്‍, നന്നായി പ്രവര്‍ത്തിക്കുന്നവരും പ്രവര്‍ത്തകരോട് അടുപ്പമുള്ളവരുമായവരെ മാറ്റിനിര്‍ത്തി ഇത്തരത്തില്‍ ജാതി വേര്‍തിരിച്ച് പ്രസിഡന്റുമാരെ തിരഞ്ഞെടുക്കുന്നത് ദോഷംചെയ്യുമെന്നാണ് നിഷ്പക്ഷ പ്രവര്‍ത്തകര്‍ പറയുന്നത്.

മണ്ഡലം പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പിലും ഇത്തരം വിഭാഗീയമായ പ്രശ്‌നങ്ങളുണ്ടായി .എസ് സി വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ പുറന്തള്ളപ്പെടുകയാണ്. ചില പ്രബല വിഭാഗങ്ങള്‍ക്കായി പ്രധാനപ്പെട്ട സ്ഥാനങ്ങള്‍ പങ്കുവെയ്ക്കന്നതിനെതിരേ ഹൈന്ദവ വിഭാഗത്തിലെ മറ്റ് സമുദായങ്ങള്‍ വലിയ അമര്‍ഷത്തിലാണ്. ജില്ലാ പ്രസിഡന്റുമാരാകാന്‍ യോഗ്യതയുള്ള ഒട്ടേറെപ്പേര്‍ ഈവിഭാഗങ്ങളില്‍നിന്നുള്ളവരായുണ്ടെങ്കിലും അവര്‍ക്കൊന്നും പരിഗണന കിട്ടുന്നില്ലെന്ന പരാതിയും ഉയരുന്നു

Exit mobile version