സംസ്ഥാനത്തിന്റെ സാമ്പത്തിക അവകാശങ്ങളെ ഹനിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ നിയമപരമായും ഭരണഘടനാപരമായുമുള്ള ഇടപെടലുകളിലേക്ക് പോകേണ്ടിവരുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. പി നന്ദകുമാറിന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ജിഎസ്‌ടി നഷ്ടപരിഹാരം അടുത്ത അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളും ആവശ്യമുന്നയിച്ചിട്ടും കേന്ദ്ര ധനകാര്യ മന്ത്രി മറുപടി നല്‍കിയില്ല. സംസ്ഥാനങ്ങള്‍ക്ക് നികുതി സംബന്ധിച്ച് അവകാശമുണ്ടെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
രാജ്യത്ത് ചരക്ക് സേവന നികുതി നടപ്പിലാക്കിയതോടെ നികുതി ഇനത്തില്‍ സംസ്ഥാന സര്‍ക്കാരിനുള്ള ഇടപെടലുകളില്‍ പരിമിതികളുണ്ടായി. കേന്ദ്ര സഹായപദ്ധതികളില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന വിഹിതത്തിലും ധനകാര്യ കമ്മിഷന്‍ നിര്‍ദേശപ്രകാരം സംസ്ഥാനങ്ങള്‍ക്ക് പങ്കുവയ്ക്കുന്ന കേന്ദ്ര നികുതി വിഹിതത്തിലും മുന്‍ ധനകാര്യ കമ്മിഷനുകളെ അപേക്ഷിച്ച് ഗണ്യമായ കുറവാണുണ്ടായിരിക്കുന്നത്.
കേന്ദ്രത്തില്‍ നിന്നും സംസ്ഥാനങ്ങള്‍ക്ക് വീതിച്ചുനല്‍കേണ്ട നികുതി വിഭവങ്ങളുടെ അനുപാതത്തില്‍ 2018–19ലെ കേന്ദ്രനികുതി വിഹിതമായ 19038 കോടി രൂപയെക്കാള്‍ ഗണ്യമായ കുറവാണ് തുടര്‍ന്നുള്ള വര്‍ഷങ്ങളിലുണ്ടായത്. നികുതി വിഹിതത്തിലുണ്ടാകുന്ന കുറവിനെ സംബന്ധിച്ച് വിവിധ നിവേദനങ്ങളിലൂടെ ധനകാര്യ കമ്മിഷന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. എന്നാല്‍ നികുതി വിഹിതം വര്‍ധിപ്പിക്കുന്നതിനുള്ള സമീപനം കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. ഇത് വളരെ ഗൗരവതരമായ പ്രശ്നമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ജൂലൈ ഒന്ന് മുതല്‍ ജിഎസ്‌ടി വിഹിതവും സംസ്ഥാനത്തിന് ലഭിക്കുന്നില്ല. ഭക്ഷ്യ സബ്സിഡിയിലും മണ്ണെണ്ണ സബ്സിഡിയിലും തൊഴിലുറപ്പ് പദ്ധതിയിലുമെല്ലാം കേന്ദ്രം വെട്ടിക്കുറവ് വരുത്തിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ ആകെ വരുമാനത്തിന്റെ 62.7 ശതമാനം കേന്ദ്രത്തിനാണ് കിട്ടുന്നത്. എന്നാല്‍ മൊത്തം ചെലവ് ബാധ്യതയുടെ 62.4 ശതമാനവും സംസ്ഥാനങ്ങളുടെ ചുമലിലാണ്. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ജിഎസ്‌ടി വിഹിതം പങ്കുവയ്ക്കുന്ന 50ഃ50 എന്നതില്‍ നിന്ന് മാറി 60 ശതമാനം സംസ്ഥാനങ്ങള്‍ക്ക് കൊടുക്കണമെന്ന് ജിഎസ്‌ടി കൗണ്‍സിലില്‍ കേരളം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
മറ്റ് പല മേഖലകളില്‍ സംസ്ഥാനത്തിന് വരുമാന നഷ്ടം വന്നിട്ടുണ്ട്. ജിഎസ്‌ടിക്ക് മുമ്പുണ്ടായിരുന്ന നികുതി വരുമാനത്തിന്റെ 52 ശതമാനമാണ് സംസ്ഥാനങ്ങള്‍ ത്യജിച്ചത്. എന്നാല്‍ കേന്ദ്രത്തിന് 28 ശതമാനം മാത്രമെ കുറവ് വന്നിട്ടുള്ളൂ. കടമെടുക്കുന്നതിനുള്ള പരിധി വെട്ടിക്കുറയ്ക്കുന്നതുള്‍പ്പെടെയുള്ള നീക്കങ്ങള്‍ക്കെതിരെ എല്ലാവരും ഒരുമിച്ച് നില്‍ക്കണം.
നിയമസഭയും കേരളത്തിലെ ജനങ്ങളും ഒരുമിച്ച് നിന്നുകൊണ്ട് അവര്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചാല്‍ മാത്രമെ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് അനുകൂലമായ നടപടികളുണ്ടാകൂയെന്നും ധനമന്ത്രി വ്യക്തമാക്കി.
English Summary: GST compensation: Finance Minister to face legal action
You may like this video also