Site iconSite icon Janayugom Online

ജിഎസ്ടി നഷ്ടപരിഹാരം; സമ്മര്‍ദ്ദം ശക്തമാക്കാന്‍ സംസ്ഥാനങ്ങള്‍

ജിഎസ്‌ടി നഷ്ടപരിഹാര കാലാവധി നീട്ടി നല്‍കണമെന്ന ആവശ്യം ശക്തമാക്കാന്‍ ബിജെപി ഇതര സംസ്ഥാനങ്ങളുടെ നീക്കം. ജിഎസ്‌ടി കൗണ്‍സിലിന്റെ 47-ാമത് യോഗം ഈ മാസം 28, 29 തീയതികളില്‍ ശ്രീനഗറില്‍ നടക്കാനിരിക്കെയാണ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ സമ്മര്‍ദ്ദം ശക്തമാക്കുന്നത്. ജിഎസ്‌ടി സംവിധാനം നിലവില്‍ വന്നിട്ട് അഞ്ച് വര്‍ഷം പൂര്‍ത്തിയാകുകയാണ്.

ജിഎസ്‌ടി നടപ്പിലാക്കിയതിലൂടെ സംസ്ഥാനങ്ങള്‍ക്കുണ്ടായ നികുതി വരുമാനക്കുറവിന് കേന്ദ്രം നഷ്ടപരിഹാരം നല്‍കാനുള്ള കാലാവധി ഈ മാസം 30ന് അവസാനിക്കുന്ന സാഹചര്യത്തില്‍ ചേരുന്ന യോഗം ഏറെ നിര്‍ണായകമാണ്. നഷ്ടപരിഹാര കാലാവധി ദീര്‍ഘിപ്പിക്കണമെന്ന ആവശ്യം കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ മുന്‍ യോഗങ്ങളില്‍ മുന്നോട്ടുവച്ചിരുന്നു. ഈ ആവശ്യത്തില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്താനാണ് ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ നീക്കം.

ജിഎസ്‌ടി കൗണ്‍സില്‍ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ബാധ്യതയില്ലെന്ന സുപ്രീം കോടതി വിധിയാണ് കേന്ദ്ര സര്‍ക്കാരിനു വിനയായത്. ജിഎസ്‌ടി സംവിധാനത്തിന്റെ പൂര്‍ണ നിയന്ത്രണം കേന്ദ്ര സര്‍ക്കാരിനെന്ന വാദമുഖത്തിന് ഇത് തിരിച്ചടിയായി.

നികുതി കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് സ്വന്തം നിലയില്‍ തീരുമാനമെടുക്കാന്‍ കോടതി വിധിയിലൂടെ സാധിക്കും. ഇത് ജിഎസ്‌ടി സംവിധാനത്തിനു തന്നെ തിരിച്ചടിയാകും. കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ചെയര്‍മാനായ ജിഎസ്‌ടി കൗണ്‍സിലില്‍ സംസ്ഥാനങ്ങളുടെ നിര്‍ദേശങ്ങളും ആവശ്യങ്ങളും തള്ളി കേന്ദ്ര സര്‍ക്കാര്‍ തീരുമാനങ്ങളാണ് അടിച്ചേല്‍പ്പിക്കുന്നതെന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു.

സുപ്രീം കോടതി വിധി കൗണ്‍സിലില്‍ സംസ്ഥാനങ്ങളുടെ ശബ്ദത്തിന് ആക്കം കൂട്ടും. ഈ മാസം അവസാനം നടക്കുന്ന കൗണ്‍സില്‍ യോഗത്തില്‍ സംസ്ഥാന മന്ത്രിമാരുടെ സമിതി സമര്‍പ്പിച്ച നിരക്ക് ഏകീകരണം സംബന്ധിച്ച റിപ്പോര്‍ട്ട് ചര്‍ച്ചയാകും. ചൂതാട്ട കേന്ദ്രങ്ങള്‍, ഓട്ട പന്തയങ്ങള്‍, ഓണ്‍ലൈന്‍ ഗെയിമുകള്‍ എന്നിവയുടെ നികുതി സംബന്ധിച്ചും നികുതി നടപടി ക്രമങ്ങള്‍ ലഘൂകരിക്കുന്നത് സംബന്ധിച്ചും യോഗം ചര്‍ച്ച നടത്തും.

സാമ്പത്തിക പ്രതിസന്ധി സംസ്ഥാനങ്ങളും കേന്ദ്രവും നേരിടുന്ന സാഹചര്യവും നിരക്കുകളുടെ ഏകീകരണം രാജ്യത്തെ സമ്പദ്‌രംഗത്തെ ബാധിക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ യോഗം വിലയിരുത്തുമെന്നാണ് നിഗമനം. വിലക്കയറ്റം അതിരൂക്ഷമായി മുന്നേറുന്ന സാഹചര്യത്തില്‍ ജിഎസ്‌ടി ഏകീകരണത്തിന് സാധ്യതയില്ലെന്ന സൂചനകളാണ് കേന്ദ്ര ധനമന്ത്രാലയം മുന്നോട്ടുവയ്ക്കുന്നത്.

നിലവില്‍ നാല് നിരക്കിലാണ് ജിഎസ്‌ടി ചുമത്തുന്നത്. ഏറ്റവും കുറഞ്ഞ നിരക്ക് അഞ്ച് ശതമാനവും കൂടിയത് 28 ശതമാനവുമാണ്. 12, 18 എന്നിവയാണ് ഇതിനിടയിലുള്ള രണ്ടു നിരക്കുകള്‍. ആഡംബര വസ്തുക്കള്‍ക്ക് 28 ശതമാനം ജിഎസ്‌ടിക്ക് പുറമെ സെസ്സും ബാധകമാണ്.

Eng­lish summary;GST com­pen­sa­tion; States to strength­en pressure

You may also like this video;

Exit mobile version