Site icon Janayugom Online

കോവിഡ്, ജീവന്‍ രക്ഷാമരുന്നുകളുടെ ഇളവ് ഡിസംബര്‍ 31 വരെ നീട്ടി

covid drug

കോവിഡ്, ജീവന്‍ രക്ഷാമരുന്നുകളുടെ ഇളവ് ജിഎസ്‌ടി കൗണ്‍സില്‍ ഡിസംബര്‍ 31 വരെ നീട്ടി. 11 കോവിഡ് മരുന്നുകള്‍ക്കുള്ള ഇളവാണ് നീട്ടിയത്. മസ്കുലാര്‍ അട്രോഫി അടക്കമുള്ള അപൂര്‍വ രോഗങ്ങളുടെ ചികിത്സയുടേതടക്കം കൂടുതല്‍ മരുന്നുകള്‍ക്കും ലഖ്നൗവില്‍ ചേര്‍ന്ന 45-ാമത് ജിഎസ്‌ടി കൗണ്‍സില്‍ യോഗം നികുതി ഇളവ് പ്രഖ്യാപിച്ചു.

ഫാവിപിരാവിര്‍ ഉള്‍പ്പെടെ ഏഴ് മരുന്നുകള്‍ക്ക് 12 ശതമാനത്തില്‍ നിന്നും അഞ്ച് ശതമാനമാക്കിയുള്ള നികുതിയിളവും ഡിസംബര്‍ 31 വരെ നീട്ടി. കാന്‍സര്‍ മരുന്നുകള്‍ക്കുള്ള ജിഎസ്‌ടി 18 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറച്ചു. ബയോ ഡീസല്‍ നികുതി 12 ശതമാനത്തില്‍ നിന്നും അഞ്ച് ശതമാനമാക്കി. ഇറക്കുമതി ചെയ്യുന്ന എണ്ണക്കമ്പനികള്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. റയില്‍, ലൊക്കൊമോട്ടീവ് പാര്‍ട്സുകളുടെ നികുതി 12 ല്‍ നിന്നും 18 ആയി ഉയര്‍ത്തി.

ആംബുലന്‍സുകളുടെ ജിഎസ്‌ടി നിരക്ക് 28 ശതമാനത്തില്‍ നിന്നും 12 ശതമാനമാക്കി. സാനിറ്റൈസര്‍, താപനില പരിശോധന ഉപകരണങ്ങള്‍ എന്നിവയുടെ നികുതി 18 ശതമാനത്തില്‍ നിന്നും അഞ്ച് ശതമാനമാക്കി. കോവിഡ് വാക്സിന്റെ നികുതി അഞ്ച് ശതമാനമായി തുടരും. ആര്‍ടിപിസിആര്‍ മെഷീനുകള്‍, ജിനോം സീക്വന്‍സിങ് കിറ്റുകള്‍ എന്നിവയുടെ നികുതി യഥാക്രമം 18, 12 സ്ലാബുകളില്‍ തുടരും,

ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ സ്വീകരിച്ച് ഭക്ഷണം വിതരണം ചെയ്യുന്നതിന് സൊമാറ്റോ, സ്വിഗി തുടങ്ങിയ കമ്പനികളില്‍ നിന്നായിരിക്കും ജിഎസ്‌ടി ഇനി ഈടാക്കുക. വെളിച്ചെണ്ണയുടെ നികുതി ഉയര്‍ത്തുന്നതിനെ കേരളം ശക്തമായി എതിര്‍ത്തു. സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്‌ടി നഷ്ടപരിഹാരം 2022 ന് ശേഷവും തുടരണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യത്തിനും യോഗത്തില്‍ തീരുമാനമായില്ല.

Eng­lish Sum­ma­ry: GST coun­cil has extend­ed the life-sav­ing drug exemp­tion until Decem­ber 31

You may like this video also

Exit mobile version