Site icon Janayugom Online

ജിഎസ്ടി വര്‍ധന: ഇനി അങ്ങോട്ട് അടുക്കള ബജറ്റ് താളംതെറ്റും

തിങ്കളാഴ്ച മുതല്‍ നടപ്പാക്കുന്ന ജിഎസ്ടി നിരക്ക് വര്‍ധന അടുക്കള ബജറ്റിനെയുള്‍പ്പെടെ താളംതെറ്റിക്കും. 47ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ പാക്കറ്റിലുള്ള തൈര് ഉള്‍പ്പെടെയുള്ള ചില സാധനങ്ങളുടെയും സേവനങ്ങളുടെയും നികുതി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ചില സാധനങ്ങളുടെ വില കുറയാനും സാധ്യതയുണ്ട്. 

ലീഗല്‍ മെട്രോളജി നിയമ പ്രകാരം മൂന്‍കൂട്ടി ലേബല്‍ ചെയ്തിട്ടുള്ളതും പാക്ക് ചെയ്തതുമായ തൈര്, ലസി, ബട്ടര്‍ മില്‍ക്ക് എന്നിവയ്ക്ക് അഞ്ചു ശതമാനം നിരക്കില്‍ നാളെ മുതല്‍ ജിഎസ്ടി ഈടാക്കും. നേരത്തെ ഇവയെ ജിഎസ്ടി പരിധിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ചെക്കുകള്‍ നല്‍കുന്നതിനായി ബാങ്കുകള്‍ ഈടാക്കുന്ന ചാര്‍ജ്ജിന് 18 ശതമാനം ജിഎസ്ടി നല്‍കണം. ഐസിയു ഒഴികെയുള്ള ആശുപത്രി മുറിവാടകകളുടെ നികുതിയില്‍ വര്‍ധനയുണ്ടാകും. ഒരു രോഗിയ്ക്ക് വേണ്ടിയുള്ള മുറിയ്ക്ക് ദിവസം 5000 രൂപയ്ക്ക് മുകളിലായാല്‍ അതിന്റെ അഞ്ച് ശതമാനം ജിഎസ്ടി ഇനത്തില്‍ നല്‍കണം. ഭൂപടങ്ങളും ചാര്‍ട്ടുകളും വാങ്ങിക്കാന്‍ 18 ശതമാനം ജിഎസ്ടി ഈടാക്കണം. 

ദിവസം 1000 രൂപയില്‍ താഴെ വാടക വരുന്ന ഹോട്ടല്‍ മുറികള്‍ 12 ശതമാനം ജിഎസ്ടിയുടെ പരിധിയിലാകും. നിലവില്‍ ഇത്തരം മുറികളെ ജിഎസ്ടി പരിധിയില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഇന്‍വെര്‍ട്ടഡ് ഡ്യൂട്ടി 12 ശതമാനത്തില്‍ നിന്നും 18 ശതമാനമായി ഉയര്‍ത്തിയതിനാല്‍ എല്‍ഇഡി ലൈറ്റുകള്‍, ലാമ്പുകള്‍ എന്നിവയ്ക്കും വില ഉയരും.

കത്തികള്‍, പേപ്പര്‍ കട്ടറുകള്‍, പെന്‍സില്‍, ബ്ലേഡ്, ഫോര്‍ക്ക്, തവി, കേക്ക് സെര്‍വറുകള്‍ തുടങ്ങിയവയെല്ലാം നാളെ മുതല്‍ 18 ശതമാനം ജിഎസ്ടി സ്ലാബിന്റെ പരിധിയിലാണ് വരിക. നേരത്തെ ഇത് 12 ശതമാനമായിരുന്നു. ഓണ്‍ലൈന്‍ ഗെയിമിങ്, കുതിരപ്പന്തയം തുടങ്ങിയവയ്ക്ക് 28 ശതമാനം നികുതി ഏര്‍പ്പെടുത്തണമെന്ന ചര്‍ച്ചകള്‍ വന്നെങ്കിലും അന്തിമ തീരുമാനം ആയിട്ടില്ല.

Eng­lish Summary:GST increase: Now the kitchen bud­get will be disrupted
You may also like this video

Exit mobile version