Site iconSite icon Janayugom Online

ജിഎസ്ടി വിവരങ്ങളും ഇനി ഇഡിക്ക്; കേന്ദ്ര നിയമത്തില്‍ ഭേദഗതി

ഗുഡ്സ് ആന്‍ഡ് സര്‍വീസ് ടാക്സ് (ജിഎസ‌്ടി ) വിവരങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ലഭ്യമാകുന്ന വിധത്തില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തില്‍ ഭേദഗതി വരുത്തി കേന്ദ്രസര്‍ക്കാര്‍. ജിഎ‌സ‌്ടി നിയമത്തിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിക്കാനുള്ള നീക്കം തടയുന്നതിനാണ് വിവരശേഖരണത്തിനും പരിശോധനയ്ക്കും ഇഡിക്ക് അനുമതി നല്‍കിയതെന്നാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. 2002ലെ കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തില്‍ ഭേദഗതി വരുത്തിയാണ് ഇഡിക്ക് കൂടുതല്‍ അധികാരം ലഭിക്കും വിധമുള്ള മാറ്റം കൊണ്ടുവന്നിരിക്കുന്നത്. ഇതുവഴി ജിഎസ‌്ടി സേവനങ്ങളുടെ മുഴുവന്‍ രേഖകളും ഇനിമുതല്‍ ഇഡിക്കും ലഭ്യമാകും. റിട്ടേണ്‍ സമര്‍പ്പണം, നികുതി അടയ്ക്കല്‍, അനുബന്ധ വിവരങ്ങള്‍ ഒക്കെ ഇനി മുതല്‍ ഇഡി വഴിയാകും കടന്നുപോകുക. സിബിഐ, ആര്‍ബിഐ, സെബി, ഐആര്‍ഡിഎ, ഇന്റലിജന്‍സ് ബ്യൂറോ, ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യുണിറ്റ് അടക്കമുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് നിലവില്‍ ജിഎ‌‌‌സ‌്ടി രേഖകള്‍ പരിശോധിക്കാനും വിലയിരുത്തുനുമുള്ള അധികാരമുണ്ട്. 

കഴിഞ്ഞവര്‍ഷം 15 ഏജന്‍സികളുടെ വിവരങ്ങള്‍ പരിശോധിക്കാന്‍ ഇഡിക്ക് അധികാരം നല്‍കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിരുന്നു. മിലിട്ടറി ഇന്റലിജന്‍സ്, വിദേശകാര്യ മന്ത്രാലയം, നാഷണല്‍ ഇന്റലിജന്‍സ് ഗ്രിഡ് എന്നിവയുള്‍പ്പെടെയുള്ള വകുപ്പുകള്‍ ഇഡിയുമായി വിവരങ്ങള്‍ പങ്കുവയ്ക്കണം. എന്‍ഐഎ, ഗുരുതര സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം, സംസ്ഥാന പൊലീസ് വകുപ്പുകള്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ്, കോമ്പറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ, പ്രത്യേക അന്വേഷണ സംഘം, സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷന്‍, നാഷണല്‍ ടെക്‌നിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍, വൈല്‍ഡ് ലൈഫ് കണ്‍ട്രോള്‍ എന്നിവയുടെ അന്വേഷണം ഇഡിയുടെ അധികാരപരിധിയില്‍ ഉള്‍പ്പെടുകയാണെങ്കില്‍ വിവരങ്ങള്‍ അവരുമായി പങ്കുവയ്ക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.

കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ ഇഡി കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. സമീപവര്‍ഷങ്ങളിലായി ഒരു ലക്ഷം കോടിയിലധികം രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയിരുന്നു. രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്നതിനുള്ള ഉപകരണമായി ഇഡിയെ ഉപയോഗിക്കുന്ന സാഹചര്യമുള്ളപ്പോള്‍ കൂടുതല്‍ അധികാരം നല്‍കുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു.

ENGLISH SUMMARY:GST infor­ma­tion now for ED; Amend­ment to Cen­tral Act
You may also like this video

Exit mobile version