Site icon Janayugom Online

ജിഎസ്ടി: വിവിധ ഉല്പന്നങ്ങളുടെ വില ഉയരും

അച്ചടി മഷി ഉള്‍പ്പെടെ നിരവധി ഉല്പന്നങ്ങളുടെ ജിഎസ്‌ടി വര്‍ധിപ്പിക്കാന്‍ ചണ്ഡീഗഡില്‍ ചേര്‍ന്ന ജിഎസ്‌ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. ജിഎസ്‌ടി അപ്പലറ്റ് ട്രൈബ്യൂണല്‍ സംബന്ധിച്ചും കേന്ദ്ര ജിഎസ്‌ടി നിയമം സംബന്ധിച്ചും സംസ്ഥാനങ്ങള്‍ മുന്നോട്ടുവച്ച ആശങ്കകള്‍ പരിശോധിക്കാന്‍ മന്ത്രിതല സമിതിയെ ചുമതലപ്പെടുത്തി. കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജിഎസ്‌ടി കൗണ്‍സിലിന്റെ 47-ാമത് ദ്വിദിന യോഗം ഇന്നലെയാണ് സമാപിച്ചത്. എഴുതാനും അച്ചടിക്കാനുമുള്ള മഷിയുടെ ജിഎസ്‌ടി നിരക്ക് 12ല്‍ നിന്നും 18 ശതമാനമായി ഉയര്‍ത്താന്‍ യോഗത്തില്‍ തീരുമാനമായി. വാട്ടര്‍ പമ്പുകള്‍ ഉള്‍പ്പെടെ സൈക്കിളിന് കാറ്റടിക്കുന്ന പമ്പുകള്‍, എല്‍ഇഡി വിളക്കുകളും അനുബന്ധികളും എന്നിവയുടെ ജിഎസ്‌ടി നിരക്ക് 12 ല്‍ നിന്നും 18 ശതമാനമാക്കി ഉയര്‍ത്താനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ചില ഉല്പന്നങ്ങളില്‍ ജിഎസ്‌ടി നിരക്ക് കുറഞ്ഞ സ്ലാബിലേക്ക് മാറ്റാനും യോഗം തീരുമാനമെടുത്തു.

പാല്‍ കറക്കുന്ന യന്ത്രം ഉള്‍പ്പെടെ അഞ്ച് ശതമാനം ജിഎസ്‌ടി ഉണ്ടായിരുന്ന ചില ഉല്പന്നങ്ങളെ 12 ശതമാനത്തിന്റെ നിരക്കിലേക്കും മാറ്റി. അതേസമയം ചൂതാട്ട കേന്ദ്രങ്ങളായ കാസിനോകള്‍, പന്തയവുമായി ബന്ധപ്പെട്ട റേസ് കോഴ്‌സ്, ഓണ്‍ലൈന്‍ ഗെയിമുകള്‍ എന്നിവയുടെ കാര്യത്തില്‍ സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ തേടി കൗണ്‍സിലിന് റിപ്പോര്‍ട്ട് ചെയ്യാന്‍ മന്ത്രിസഭാ സമിതിയെ ചുമതലപ്പെടുത്തി. കൗണ്‍സില്‍ തീരുമാനമെടുത്ത ജിഎസ്‌ടി നിരക്ക് വ്യതിയാനം വരുന്ന മാസം 18ന് പ്രാബല്യത്തില്‍ വരും.

മറ്റ് തീരുമാനങ്ങള്‍ മന്ത്രിസഭാ സമിതികള്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഓഗസ്റ്റ് ആദ്യവാരം തമിഴ്‌നാട്ടിലെ മധുരയില്‍ ചേരുന്ന യോഗത്തില്‍ തീരുമാനമാകും. കേന്ദ്ര ധനകാര്യ വകുപ്പ് സഹമന്ത്രി പങ്കജ് ചൗധരിക്ക് പുറമെ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ധനകാര്യ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

Eng­lish Summary:GST: The prices of var­i­ous prod­ucts will go up
You may also like this video

Exit mobile version