Site iconSite icon Janayugom Online

സ്വേച്ഛാധിപത്യം നല്‍കുന്ന ഗ്യാരന്റികള്‍

രേന്ദ്ര മോഡി വീണ്ടും അധികാരമേറ്റാല്‍ ഇന്ത്യയില്‍ വിഭാഗീയത വര്‍ധിക്കുമെന്നും മതന്യൂനപക്ഷങ്ങള്‍ക്ക് രക്ഷയില്ലാതാകുമെന്നും ‘ഡെമോക്രാറ്റിക് ഇറോഷനി‘ലെ ഒരു വിശകലനത്തില്‍ ഷിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ ജൂലിയ ഫിഷര്‍ ചൂണ്ടിക്കാട്ടിയത് 2019 ഏപ്രിലിലാണ്. ലോകത്തെമ്പാടും സംഭവിക്കുന്ന ജനാധിപത്യ അപചയങ്ങളെക്കുറിച്ച് പഠിക്കുന്നതിനും വിലയിരുത്തുന്നതിനും രൂപംകൊണ്ട അന്താരാഷ്ട്ര സര്‍വകലാശാലകളുടെ കൂട്ടായ്മയാണ് ഡെമോക്രാറ്റിക് ഇറോഷന്‍. മോഡിയിലൂടെയും ബിജെപിയിലൂടെയും ഹിന്ദു ദേശീയത ശക്തിപ്പെടുന്ന ഇന്ത്യ, ഏകാധിപത്യത്തിലേക്ക് നീങ്ങുമോ എന്ന വിഷയത്തില്‍ നടത്തിയ പഠനത്തിലാണ് വിഭാഗീയതയും സംഘര്‍ഷങ്ങളും വര്‍ധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയത്. വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല്‍ മോഡി കൂടുതല്‍ ഏകാധിപത്യത്തിലേക്ക് നീങ്ങുമെന്നാണ് ജൂ ലിയ ഫിഷര്‍ വിലയിരുത്തിയത്. വര്‍ഗീയ കലാപങ്ങളോടും അക്രമങ്ങളോടുമുള്ള മോഡിയുടെ അനുഭാവവും പ്രോത്സാഹനവും ലേഖനത്തില്‍ എടുത്തു പറഞ്ഞിരുന്നു. ഗുജറാത്തില്‍ മതത്തിന്റെ പേരില്‍ നടത്തിയ അക്രമങ്ങളോട് മുഖ്യമന്ത്രിയെന്ന നിലയില്‍ പുലര്‍ത്തിയ അനുനയത്തിലൂടെയാണ് മോഡിയുടെ രാഷ്ട്രീയ വളര്‍ച്ച. മോഡിക്കും ബിജെപിക്കും കീഴില്‍ ഇന്ത്യയില്‍ ധ്രുവീകരണം ശക്തിപ്പെട്ടുവെന്നും സര്‍ക്കാരില്‍ വര്‍ഗീയ അജണ്ട ഉയര്‍ത്തിക്കൊണ്ടുവന്നതിന്റെ ഫലമായി ഹിന്ദുദേശീയ വാദികള്‍ കരുത്താര്‍ജിക്കുകയും മതന്യൂനപക്ഷങ്ങള്‍ക്കെതിരെ കൂടുതല്‍ വിദ്വേഷ കുറ്റകൃത്യങ്ങള്‍ നടത്തുകയും ചെയ്തുവെന്നും അന്ന് ജൂലിയ ഫിഷര്‍ ചൂണ്ടിക്കാട്ടിയെങ്കിലും നരേന്ദ്ര മോഡി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.


ഇതുകൂടി വായിക്കൂ: അന്ധവിശ്വാസ നിരോധനം: വേണ്ടത് ഫലപ്രദമായ നിയമം


2019ലേതുപോലെ മോഡിയുടെയും സംഘ്പരിവാര്‍ ഭരണകൂടത്തിന്റെയും ഹിതപരിശോധനയാണ് ഇപ്പോള്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ്. മോഡിയുടെ ജനസമ്മതി വല്ലാതെ കുറഞ്ഞിട്ടുണ്ടെങ്കിലും അതിവൈകാരികതയിലൂടെ അത് നിലനിര്‍ത്താനാണ് പ്രചാരണത്തിലൂടെ ശ്രമിക്കുന്നത്. ഏകാധിപതികളുടെ പൊതുസ്വഭാവമാണത്. 2020ൽ പുറത്തിറങ്ങിയ, ന്യൂയോർക്ക് യൂണിവേഴ്സിറ്റി പ്രൊഫസറും ചരിത്രകാരിയുമായ റൂത് ബെൻ ഗ്യാറ്റ് രചിച്ച ‘സ്ട്രോങ്മെന്‍: മുസോളിനി ടു ദ പ്രസന്റ്’ എന്ന പുസ്തകം ശക്തരെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഏകാധിപതികള്‍ എങ്ങനെയാണ് ജനാധിപത്യ വ്യവസ്ഥകളെയും സ്ഥാപനങ്ങളെയും ദുർബലമാക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്നതെന്ന് വിശദീകരിക്കുന്നുണ്ട്. ‘ജനങ്ങളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനുള്ള മാന്ത്രികവടി തങ്ങൾ മാത്രമാണെന്ന ധാരണ വളർത്തിയെടുക്കുകയാണിവര്‍ ചെയ്യുക. ജനാധിപത്യ വ്യവസ്ഥയെ ജനാധിപത്യ സംവിധാനങ്ങളെത്തന്നെ കൂട്ടുപിടിച്ച് അട്ടിമറിക്കുകയും രാജ്യത്തിന്റെ സമ്പത്ത് പിണിയാളുകൾക്ക് കൊള്ളയടിക്കാൻ കാഴ്ചവയ്ക്കുകയും ചെയ്യും. ചിന്താശേഷി നഷ്ടപ്പെട്ട, യുക്തിരഹിതരായ അനുയായികളാണ് ഇത്തരം നേതാക്കളെ ഏകാധിപത്യത്തിലേക്ക് ഉയർത്തുന്ന ഏണിപ്പടികൾ’ എന്നാണ് റൂത്തിന്റെ വിലയിരുത്തല്‍. നരേന്ദ്ര മോഡിയെന്ന സംഘ്പരിവാര്‍ നേതാവും പിണിയാളുകളും അണികളുടെ വിശ്വാസം നിലനിർത്താൻ വ്യത്യസ്തതന്ത്രങ്ങൾ മാറിമാറി ആവിഷ്കരിച്ചുകൊണ്ടേയിരിക്കുന്നത് നമ്മള്‍ കാണുന്നു. ‘മോഡി ഗ്യാരന്റി‘യും ‘മോഡി പരിവാറു‘മെല്ലാം അതിലേറ്റവും പുതിയവയാണ്. സമൂഹമാധ്യമങ്ങളുടെ അതിപ്രസരം ഇത്തരം നേതാക്കൾക്ക് സഹായമാകുന്നു.


ഇതുകൂടി വായിക്കൂ: തട്ടത്തിൻ മറയത്ത്


ഉടമസ്ഥരില്ലാത്ത സന്ദേശങ്ങളും വ്യാജവാർത്തകളും നിമിഷങ്ങൾക്കകം ലക്ഷക്കണക്കിന് ആൾക്കാരിൽ എത്തിക്കാൻ സജ്ജമാക്കിയ ഐടി സെല്ലുകൾ മോഡിയെ പുകഴ്ത്താനും എതിരാളികളെ ഇകഴ്ത്താനും അഹോരാത്രം പണിയെടുക്കുകയാണ്. പൊതുജനാഭിപ്രായം തങ്ങൾക്ക് അനുകൂലമാക്കാനും ഭിന്നാഭിപ്രായങ്ങൾ ഇല്ലാതാക്കാനും ഒരുപരിധിവരെ ഇവർക്ക് കഴിയുന്നുണ്ട്. എന്തൊക്കെ ദുരിതങ്ങളും പ്രതിസന്ധികളുമുണ്ടെങ്കിലും അനുയായികള്‍, വ്യാജസ്തുതിയുടെ ബലത്തിൽ നേതാവിനോടുള്ള ആരാധനയിൽ മുഴുകുന്നു. സ്വന്തം ആളുകളെ ഭരണസ്ഥാപനങ്ങളിലെ മർമ്മസ്ഥാനങ്ങളിൽ പ്രതിഷ്ഠിച്ചും മറ്റുള്ളവരെ പ്രലോഭനങ്ങൾ നൽകി വശത്താക്കിയും ഇവർ ഇംഗിതങ്ങൾ നടപ്പാക്കുന്നു. ലിംഗസമത്വം, മതേതരത്വം, വംശസമത്വം, എന്നിങ്ങനെ ഒരു ആധുനികസമൂഹത്തിന് അഭികാമ്യമായ ഗുണഗണങ്ങൾ ഇവർക്ക് അലർജിയാണ്. സമൂഹം പുരോഗമനാത്മകമായി ചിന്തിക്കുമ്പോഴൊക്കെ ഇവര്‍ പാരമ്പര്യ‑വംശ‑രാജ്യ മഹിമ ഉയർത്തിപ്പിടിച്ച് സമൂഹത്തെ പിന്നോട്ടുതള്ളാൻ ശ്രമിക്കുന്നത് നാം കണ്ടുകൊണ്ടിരിക്കുന്നു. രാമക്ഷേത്രവും പൗരത്വബില്ലും കടന്ന് അരവിന്ദ് കെജ്‌രിവാളിന്റേതുള്‍പ്പെടെ പ്രതിപക്ഷ നേതാക്കളുടെ അറസ്റ്റ് ഈ തന്ത്രത്തിന്റെ ഭാഗമാണ്. 2023 അവസാനം നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുതല്‍ പുതിയൊരു മുദ്രാവാക്യം ബിജെപി വ്യാപകമാക്കി- ‘മോദി കി ഗ്യാരന്റി’. ഇത് ഹിന്ദി ഹൃദയഭൂമിയിലെ മൂന്ന് സംസ്ഥാനങ്ങളിൽ ജയിക്കാൻ അവരെ സഹായിക്കുകയും തെരഞ്ഞെടുപ്പ് തന്ത്രം മാറ്റുന്നയാളെന്ന നരേന്ദ്ര മോഡിയുടെ പ്രതിച്ഛായ ശക്തിപ്പെടുത്തുകയും ചെയ്തു. ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ വിജയം ഇതിന്റെ ഫലമാണെന്ന ധാരണയില്‍ പൊതുതെരഞ്ഞെടുപ്പിലും കേരളത്തിലുള്‍പ്പെടെ ബിജെപി മുന്നോട്ടുവയ്ക്കുന്ന ഏക മുദ്രാവാക്യം ‘മോഡിയുടെ ഗ്യാരന്റി‘യാണ്. 140 കോടിയിലേറെ ജനസംഖ്യയുള്ള, 95 കോടിയിലേറെ പേര്‍ വോട്ടു ചെയ്യുന്ന മതേതര ജനാധിപത്യരാജ്യത്തിലെ ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഒരു വ്യക്തിയുടെ ഗ്യാരന്റി എങ്ങനെയാണ് പ്രസക്തമാകുന്നത്? ഇന്ത്യ 77 വര്‍ഷമായി നിലനില്‍ക്കുന്നതും 1952 മുതല്‍ തെരഞ്ഞെടുപ്പ് നടക്കുന്നതും ബഹുസ്വരങ്ങളുള്ള രാഷ്ട്രീയ പാര്‍ട്ടികളുമായാണ്. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന നയങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും വോട്ടര്‍മാര്‍ ഹിതം രേഖപ്പെടുത്തുന്നു. അതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തി, ഒരുപക്ഷേ ദൗര്‍ബല്യവും. അവിടെ നിന്ന് ഒരു വ്യക്തിയിലേക്ക് അധികാരം ചുരുങ്ങുന്നുവെന്നത് നഗ്നമായ സ്വേച്ഛാധിപത്യവല്‍ക്കരണമാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നരേന്ദ്ര മോഡി പറഞ്ഞത്: ‘മോഡിയുടെ ഉറപ്പ് എന്നത് കേവലം വാക്കുകളോ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളോ അല്ല, മറിച്ച് തന്റെ പതിറ്റാണ്ടുകളുടെ കഠിനാധ്വാനത്തിന്റെ ഫലമാണ്. ഇത് സമൂഹത്തോടുള്ള സംവേദനക്ഷമതയുടെ എന്റെ പ്രകടനമാണ്.


ഇതുകൂടി വായിക്കൂ: ജനാധിപത്യ മാര്‍ഗങ്ങള്‍ ശോഷിക്കുമ്പോള്‍


ഗ്യാരന്റിയെക്കുറിച്ച് സംസാരിക്കുമ്പോൾ, ഞാൻ അതിനോട് എന്നെത്തന്നെ ബന്ധിപ്പിക്കുന്നു. അത് കൂടുതൽ കഠിനാധ്വാനം ചെയ്യാൻ എന്നെ പ്രേരിപ്പിക്കുന്നു. എന്റെ എല്ലാം ജനങ്ങൾക്ക് വേണ്ടി നൽകാൻ ഇത് എന്നെ പ്രേരിപ്പിക്കുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യം വികസനത്തിന്റെ മാതൃകയായി മാറും. ഇതാണ് മോഡിയുടെ ഉറപ്പ്’. നോക്കുക നാലോ അഞ്ചോ വാക്യങ്ങള്‍ പറയുന്നതിനിടയില്‍ ഏഴോ എട്ടോ തവണയാണ് ‘ഞാന്‍-എന്റെ’ എന്ന പ്രയോഗങ്ങള്‍ കടന്നുവരുന്നത്. ഞാനാണ് രാജ്യം എന്നു പറയുന്ന ഒരു ഭരണാധികാരി സ്വന്തം പ്രസ്ഥാനത്തെപ്പോലും തനിക്കു താഴെയായി കാണുന്നു. സ്വേച്ഛാധിപത്യത്തിന്റെ ഇതിലും വലിയ ബിംബവല്‍ക്കരണം സമീപകാല ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. താനാണ് രാഷ്ട്രം എന്ന പ്രഖ്യാപനം സ്വതന്ത്ര ഇന്ത്യയില്‍ ഇതിനുമുമ്പ് മുഴങ്ങിയത് അടിയന്തരാവസ്ഥക്കാലത്തായിരുന്നു. ‘ഇന്ത്യയെന്നാൽ ഇന്ദിരയെന്നും ഇന്ദിരയെന്നാൽ ഇന്ത്യ’യെന്നും അന്ന് കോണ്‍ഗ്രസാണ് ഉദ്ഘാേഷിച്ചിരുന്നത്. പക്ഷേ അധികകാലം അത് നീണ്ടുനിന്നില്ല. ജനം ഇന്ദിരാ ഗാന്ധിയെ തെരഞ്ഞെടുപ്പിലൂടെ അധികാര ഭ്രഷ്ടയാക്കി. ജനാധിപത്യത്തിലൂടെ നേടിയ അധികാരത്തെ ഏകാധിപത്യത്തിലേക്ക് മാറ്റുന്ന ഏതുഭരണാധികാരിയുടെയും അന്തിമ ഗതി ഇതായിരിക്കും എന്നതാണ് ചരിത്രം. ‘ഭാരതത്തിലെ ജനങ്ങളായ നാം’ എന്ന് തുടങ്ങുന്ന ഭരണഘടനയുള്ള രാജ്യത്തിന്, ‘ഞാനാണ് രാജ്യം’ എന്ന് സ്വയം വിളംബരം ചെയ്യുന്ന ഭരണാധികാരി അപമാനമാണ്. നരേന്ദ്ര മോഡി അധികാരത്തിൽ വന്നതിനുശേഷം 2015 മുതല്‍ ഒക്ടോബർ 11 ഭരണഘടനാദിനമായി ആഘോഷിക്കാന്‍ തുടങ്ങിയെന്ന വിരോധാഭാസവും ഓര്‍ക്കേണ്ടതാണ്. ഒരർത്ഥത്തിൽ ഇത് ഓരോർമ്മപ്പെടുത്തലാണ്. പ്രതിലോമശക്തികള്‍ക്ക് അട്ടിമറിക്കാൻ നമുക്കൊരു ഭരണഘടനയുണ്ട് എന്ന ഓർമ്മപ്പെടുത്തൽ. തന്റെ രണ്ടാമൂഴം ഭരണഘടനയെ തൊട്ടുതൊഴുതുകൊണ്ട് തുടങ്ങിയ മോഡി, മറവു ചെയ്യുന്നതിനുമുമ്പുള്ള അന്ത്യചുംബനമായിരുന്നോ നല്‍കിയതെന്ന് സംശയിക്കത്തക്കവിധത്തിലാണ് ശേഷമുള്ള ക്രിയകളെല്ലാം. ഭരണഘടനയുടെ അടിസ്ഥാനശിലയായ അനുച്ഛേദം 14 അസ്ഥിരപ്പെടുത്തുന്ന തരത്തില്‍ പൗരത്വനിയമത്തിലെ തിരുത്തിലൂടെ തുല്യതയെ റദ്ദ് ചെയ്തു. ചങ്ങാത്ത മുതലാളിത്തം നയമായി സ്വീകരിച്ചുകൊണ്ട്, ജനദ്രോഹപരിപാടികളിലൂടെ നിരന്തരം കോർപറേറ്റുകൾക്ക് കീഴടങ്ങുന്ന രാജ്യത്തിനൊരിക്കലും അതിന്റെ പരമാധികാരം പ്രഖ്യാപിക്കാന്‍ കഴിയില്ല. സ്വീഡൻ കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട്‌ ഫോർ ഡെമോക്രസി ആന്റ് ഇലക്ടറൽ അസിസ്റ്റൻസ്‌ ഇന്ത്യയെ ജനാധിപത്യം തകർച്ചയിലേക്ക്‌ നീങ്ങിയ പ്രധാന രാജ്യങ്ങളുടെ പട്ടികയിൽപ്പെടുത്തിയ റിപ്പോര്‍ട്ട് പുറത്തുവന്നത് മാര്‍ച്ച് ആദ്യവാരമാണ്.


ഇതുകൂടി വായിക്കൂ: വിവാദവിധി ഭിന്നിപ്പ് രൂക്ഷമാക്കും


ആഗോള ജനാധിപത്യ റിപ്പോർട്ടിൽ ഇന്ത്യക്ക്‌ നൽകിയത്‌ ഏതാണ്ട് അടിയന്തരാവസ്ഥക്കാലത്തേതിന് തുല്യമായ സ്കോറാണ്‌. സർക്കാരിന്റെ ജനകീയസ്വഭാവം 1995ൽ 0.69 ആയിരുന്നത് 2020ൽ ഇടിഞ്ഞ്‌ 0.61 ആയി. 1975ൽ ഇത് 0.59 ആയിരുന്നു. മതസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ശ്രീലങ്കയ്ക്കും ഇന്തോനേഷ്യക്കും ഒപ്പമാണ് ഇന്ത്യ. തെരഞ്ഞെടുപ്പിലൂടെ ഏകാധിപത്യം അധികാരം സ്ഥാപിച്ച രാജ്യമാണ്‌ ഇന്ത്യയെന്ന്‌ 2021ല്‍ സ്വീഡനിലെ ഗോതെൻബർഗ്‌ സർവകലാശാല വി–ഡെം (വെറൈറ്റീസ്‌ ഓഫ്‌ ഡെമോക്രസി) ഇൻസ്റ്റിറ്റ്യൂട്ട് വിശേഷിപ്പിച്ചിരുന്നു. ഇന്ത്യയിൽ സ്വാതന്ത്ര്യം ഭാഗികമാണെന്ന്‌ വാഷിങ്‌ടൺ ഡിസി ആസ്ഥാനമായ ഫ്രീഡം ഹൗസും അതേവര്‍ഷം പറഞ്ഞു. ഏറ്റവും മോശമായ ഏകാധിപത്യം നിലനിൽക്കുന്ന രാജ്യങ്ങളിലൊന്നായി കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഇന്ത്യ മാറിയെന്നാണ് ഏറ്റവും പുതിയ വി–ഡെം റിപ്പോർട്ട്‌. മാധ്യമങ്ങൾക്കും പൗരസമൂഹത്തിനും നേരെയുള്ള കടന്നാക്രമണം വർധിച്ചു. അക്കാദമിക്‌, സാംസ്കാരിക, അഭിപ്രായപ്രകടന സ്വാതന്ത്ര്യം അപകടത്തിലായി. വ്യാജവാർത്തകളുടെ പ്രചാരണം, ധ്രുവീകരണം, ഏകാധിപത്യവൽക്കരണം എന്നിവ പരസ്പരബന്ധിതമാണെന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നു. ഭരണഘടനാ സ്ഥാപനങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കുക മാത്രമല്ല, സ്വതന്ത്രമായ രാഷ്ട്രീയ പ്രവര്‍ത്തനം പോലും അനുവദിക്കാത്ത, രാജഭരണത്തെ അനുസ്മരിപ്പിക്കുന്ന അന്തരീക്ഷമാണ് നരേന്ദ്ര മോഡി രാജ്യത്ത് സൃഷ്ടിച്ചിരിക്കുന്നത്. രാഷ്ട്രീയത്തില്‍ മാത്രമല്ല, സാംസ്കാരിക രംഗത്തും താനാണ് ചക്രവര്‍ത്തിയെന്ന ഏകാധിപത്യപ്രവണതയാണ് അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയില്‍ സ്വയം മുഖ്യകാര്‍മ്മികനാവുകയും യഥാര്‍ത്ഥ പുരോഹിതരെ മാറ്റിനിര്‍ത്തുകയും ചെയ്തുകൊണ്ട് സ്വന്തം വോട്ട് ബാങ്കായ വിശ്വാസികളെ പോലും അവഹേളിച്ചത്. പാര്‍ലമെന്റില്‍ പ്രതിപക്ഷ അംഗങ്ങളെയൊന്നാകെ പുറത്താക്കി ചര്‍ച്ചയൊന്നും കൂടാതെ തങ്ങള്‍ക്കനുകൂലമായ ബില്ലുകളും നിയമങ്ങളും പാസാക്കാന്‍ ഇങ്ങനെയാെരു ഭരണാധികാരിക്ക് രണ്ടാമതൊണാലോചിക്കേണ്ടി വരില്ലല്ലോ. പാര്‍ലമെന്റിലെ ഇരുസഭകളിലും പ്രതിനിധികളുടെ നാവിന് കടിഞ്ഞാണിടാന്‍ സാമാന്യപ്രയോഗത്തിലുള്ള വാക്കുകള്‍ പോലും നിരോധിച്ച് ഉത്തരവിറക്കുമ്പോള്‍ത്തന്നെ ഏകാധിപത്യത്തിന്റെ അങ്ങേയറ്റം ദൃശ്യമായതാണ്. ആ വാക്കുകളില്‍ ചിലത് പരിശോധിച്ചാല്‍ത്തന്നെ ‘നാവരിയല്‍’ എത്രമാത്രമെന്ന് വ്യക്തമാകും. അഹങ്കാരം, അരാജകവാദി, അപമാനം, അസത്യം, ലജ്ജിച്ചു, ദുരുപയോഗം ചെയ്തു, മന്ദബുദ്ധി, നിസഹായന്‍, ഒറ്റിക്കൊടുത്തു, രക്തച്ചൊരിച്ചിൽ, രക്തരൂഷിതം, പാദസേവ, ബാലിശം, അഴിമതിക്കാരൻ, ഭീരു, ഇരട്ട മുഖം, രാജ്യദ്രോഹി, ഏകാധിപതി, വിശ്വാസഹത്യ… ഇങ്ങനെ പോകുന്നു നിരോധിച്ച വാക്കുകള്‍.

(അവസാനിക്കുന്നില്ല)

Exit mobile version