7 May 2024, Tuesday

വിവാദവിധി ഭിന്നിപ്പ് രൂക്ഷമാക്കും

Janayugom Webdesk
March 17, 2022 5:00 am

ഹിജാബ് നിരോധന വിഷയത്തിലെ കർണാടക ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീൽ സുപ്രീം കോടതി ഹോളി കഴിഞ്ഞ് പരിഗണിക്കാനായി മാറ്റി. ഇതിനകം ദേശീയതലത്തിൽ വിവാദമായ വിഷയം കൂടുതൽ വിവാദങ്ങൾക്കും വിദ്വേഷ പ്രചാരണങ്ങൾക്കും ജനങ്ങൾക്കിടയിൽ ഭിന്നിപ്പ് കൂടുതൽ രൂക്ഷമാക്കുന്നതിനും ഇടവരുത്തുമെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു. ഹിജാബ് ധരിക്കുന്നതു സംബന്ധിച്ച വിവാദം ഏറെ പുതുമയുള്ള ഒന്നല്ല. മുസ്‌ലിങ്ങൾക്കിടയിൽത്തന്നെ ഇക്കാര്യത്തിൽ വേണ്ടത്ര അഭിപ്രായൈക്യം ഇല്ല എന്നതും നിഷേധിക്കാവുന്ന വസ്തുത അല്ല. നിരുപദ്രവമായ ഹിജാബിനെ വിവാദത്തിന്റെയും സാമുദായിക സംഘർഷത്തിന്റെയും വിഷയമാക്കി മാറ്റിയത് രാജ്യത്തു വളർന്നു വരുന്ന വർഗീയതയും മതത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന നിഷേധാത്മക രാഷ്ട്രീയവുമാണ്. വിഷയം ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകൾ തമ്മിലുള്ള കിടമത്സരമാണെന്നു തിരിച്ചറിയാൻ വിസമ്മതിക്കുന്ന കർണാടക ഹൈക്കോടതി വിധി സംഘർഷത്തിന് അപകടകരമായ പുതിയ മാനമാണ് നൽകിയിരിക്കുന്നത്. പരാതിക്കാരോ കർണാടക സർക്കാരോ ഉന്നയിക്കാത്ത, യൂണിഫോം സംബന്ധിച്ചു കോടതിതന്നെ ഉന്നയിച്ച ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോൾ വിഷയത്തെ സുപ്രീം കോടതിയിൽ എത്തിച്ചിരിക്കുന്നത്. യൂണിഫോമിന് എതിരെയല്ല, യൂണിഫോമിന് ഒപ്പം ഹിജാബ് ധരിക്കാനുള്ള അവകാശത്തിനു വേണ്ടിയാണു പരാതിക്കാരായ മുസ്‌ലിം പെൺകുട്ടികൾ കോടതിയെ സമീപിച്ചത്. വിഷയത്തെ സ്കൂൾ യൂണിഫോമിന്റെ ഭരണഘടനാപരവും നിയമപരവുമായ സാധുതയുടെ പ്രശ്നമായി വ്യാഖ്യാനിക്കുകവഴി ഹിജാബ് ധരിക്കാനുള്ള പരാതിക്കാരുടെ അവകാശത്തെ കോടതി നിഷേധിക്കുകയാണ് ഉണ്ടായത്. യൂണിഫോമിനെ പരാതിക്കാർ ചോദ്യം ചെയ്യാതെ ഹിജാബ് ധരിക്കാനുള്ള അവകാശത്തിനുവേണ്ടി വാദിക്കുന്നത് യൂണിഫോമിന്റെതന്നെ നിഷേധമായാണ് വിധി വ്യാഖ്യാനിക്കുന്നത്. ഹിജാബ് ധരിക്കുന്നത് അനിവാര്യമായ മതാചാരം അല്ല എന്ന് കർണാടക ഹൈക്കോടതി തീർപ്പാക്കുന്നു. മതാചാരം വിശ്വാസത്തിന്റെയും വിശ്വാസ പ്രകാശനത്തിന്റെയും പ്രശ്നമാണ്. അത് മറ്റുള്ളവരുടെ വിശ്വാസങ്ങളെയോ സ്വാതന്ത്ര്യത്തെയോ തടസപ്പെടുത്തുകയോ ചോദ്യംചെയ്യുകയോ ചെയ്യാത്തിടത്തോളം അത്തരം മതാചാരങ്ങളുടെ അനിവാര്യത നിർണയിക്കാൻ കോടതിയോ മറ്റേതെങ്കിലും വ്യാഖ്യാതാക്കളോ നടത്തുന്ന ശ്രമം മിതമായ ഭാഷയിൽ മൗലിക അവകാശങ്ങളുടെ ലംഘനമായേ കാണാനാവൂ.


ഇതുകൂടി വായിക്കാം;  പൊട്ടിച്ചെറിയാൻ ചങ്ങലകൾ ബാക്കി


കർണാടക ഹൈക്കോടതി ഹിജാബ് അനിവാര്യമായ മതാചാരം അല്ലെന്നു നിർണയിക്കുക വഴി അത് മതസ്വാതന്ത്ര്യത്തിന്റെ ഭാഗം അല്ലെന്ന് പറയുന്നത്, ഒരു മതാചാരത്തിനു നിയമപരമായി ലഭിക്കേണ്ട സംരക്ഷണം ഫലത്തിൽ നിഷേധിക്കുകയാണ്. നിലവിലുള്ള യൂണിഫോം വ്യവസ്ഥ ലംഘിക്കാതെ, മതപരവും വിശ്വാസപരവുമായ തിരഞ്ഞെടുപ്പിനുള്ള അവസരം നിഷേധിക്കുകവഴി മതപരമായ വാദമുഖം അവലംബിക്കാൻ അവ ർ നിർബന്ധിതരായി. അവിടെ അവരുടെ മതസ്വാതന്ത്ര്യത്തിനുള്ള അവകാശമാണ് നിഷേധിക്കപ്പെടുന്നത്. ഇത് ഭരണഘടന ഉറപ്പുനൽകുന്ന വ്യക്തികളുടെ സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെകൂടി നിഷേധമാണ്. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ നിയമങ്ങൾക്കു വിധേയമായി യൂണിഫോം ധരിക്കുന്നതിനു പുറമെ ഹിജാബ് എന്നത് അത് ധരിക്കുന്നവരുടെ സ്വകാര്യത സംബന്ധിച്ച അവകാശവുമായി ബന്ധപ്പെട്ടിരിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പൊതുലക്ഷ്യത്തിനു ഹാനികരമല്ലാത്ത ഉചിതമായ നിയന്ത്രണങ്ങൾ യൂണിഫോമിന്റെ കാര്യത്തിൽ കൊണ്ടുവരാൻ സ്ഥാപനത്തിനും അക്കാര്യത്തിൽ മാർഗനിർദേശം നല്കാൻ സർക്കാരിനും അവകാശമുണ്ട്. എന്നാൽ യൂണിഫോമിനെ അംഗീകരിച്ചുകൊണ്ടുതന്നെ അനുയോജ്യമായ നിറത്തിലുള്ള ഹിജാബ് ധരിക്കുന്നതിനു നിരോധനം ഏർപ്പെടുത്തുന്നത് അമിതാധികാര പ്രയോഗമാണ്. കർണാടക ഹൈക്കോടതി വിധി ഇക്കാര്യങ്ങളിൽ പരാതിക്കാരുടെ അവകാശങ്ങൾ ഫലത്തിൽ നിഷേധിക്കുന്നു. കർണാടക ഹൈക്കോടതിയുടെ വിധി മുസ്‌ലിം മതന്യൂനപക്ഷ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിന് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. താരതമ്യേന വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന ന്യൂനപക്ഷ സമുദായങ്ങളിൽ ഒന്നാണ് മുസ്‌ലിങ്ങൾ. സമീപകാലത്തായി വിദ്യാഭ്യാസത്തിന്റെ പ്രസക്തിയെപ്പറ്റി പ്രത്യേകിച്ചും പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെപ്പറ്റി ഉയർന്ന അവബോധം അവർക്കിടയിൽ ഉണ്ടായിട്ടുണ്ട്. ഹിജാബ് വിവാദവും കർണാടക ഹൈക്കോടതി വിധിയും മുസ്‌ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഉഡുപ്പിയിലും മറ്റും നിരവധി മിടുക്കികളായ മുസ്‌ലിം പെൺകുട്ടികൾ പഠനം നിർത്താൻ നിർബന്ധിതരായിരിക്കുന്നു. പ്രധാനമന്ത്രിയുടെ ‘ബേട്ടി ബചാവോ, ബേട്ടി പഠാവോ’ മുദ്രാവാക്യത്തെ പരിഹാസ്യമാക്കി മാറ്റുകയാണ് കർണാടക ഹൈക്കോടതി വിധിയും സംഘപരിവാർ വർഗീയതയും.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.