Site iconSite icon Janayugom Online

കോച്ചിങ് സെന്ററുകള്‍ക്ക് മാര്‍ഗനിര്‍ദേശം; 16 വയസ് തികയാത്തവരെ പ്രവേശിപ്പിക്കാന്‍ പാടില്ല

രാജ്യത്തെ പ്രവേശന പരീക്ഷാ കോച്ചിങ് സെന്ററുകളുടെ മേല്‍ പിടിമുറുക്കി കേന്ദ്രസര്‍ക്കാര്‍. കോച്ചിങ് സെന്ററുകളില്‍ ഇനിമുതല്‍ 16 വയസ് തികയത്തവര്‍ക്ക് പ്രവേശനം അനുവദിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടു. വ്യാജ വാഗ്ദാനം നല്‍കി പരീക്ഷാര്‍ത്ഥികളെ കബളിപ്പിക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. 

സ്വകാര്യ കോച്ചിങ് സെന്ററുകള്‍ വര്‍ധിച്ച് വരുന്നത് കണക്കിലെടുത്താണ് പുതിയ ഉത്തരവ്. കോച്ചിങ് സെന്ററുകളില്‍ ഉന്നത റാങ്ക്, ഉയര്‍ന്ന മാര്‍ക്ക് ലഭിക്കുമെന്ന തരത്തിലുള്ള പരസ്യപ്രചരണം അനുവദിക്കില്ല. ഇത്തരം പരസ്യ ബോര്‍ഡുകളും പോസ്റ്ററുകളും ഉടനടി നീക്കം ചെയ്യണം. വര്‍ധിച്ച് വരുന്ന വിദ്യാര്‍ത്ഥി ആത്മഹത്യ, തീപിടുത്തം, മികച്ച സൗകര്യങ്ങളുടെ അഭാവം , അധ്യാപകരുടെ ക്ഷാമം എന്നിവ സംബന്ധിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. 

കോച്ചിങ് സെന്ററുകളില്‍ അധ്യാപകരായി നിയമിക്കുന്നവര്‍ക്ക് ഏറ്റവും ചുരുങ്ങിയത് ബിരുദമെങ്കിലും ഉണ്ടായിരിക്കണം. പ്ലസ്ടു പഠനം കഴിഞ്ഞ വിദ്യാര്‍ത്ഥികളെ മാത്രമെ ഇത്തരം സ്ഥാപനങ്ങളില്‍ പ്രവേശിപ്പിക്കാന്‍ പാടുള്ളു. വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും വഞ്ചിക്കുന്ന തരത്തിലുള്ള മോഹവാഗ്ദാനങ്ങള്‍ പാടില്ല. കോച്ചിങ് സെന്ററുകളില്‍ അധ്യാപകരായി നിയമിക്കപ്പെടുന്നവര്‍ ക്രിമിനല്‍ കേസില്‍ പ്രതികളല്ലെന്ന് ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ ഉറപ്പ് വരുത്തണമെന്നും ഉത്തരവില്‍ പറയുന്നു. സ്ഥാപനങ്ങളും അവയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന മുഴുവന്‍ അധ്യാപക- അനധ്യാപകരുടെ വിവരങ്ങളും വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണം. കോഴ്സ്- സിലബസ്- കാലാവധി- താമസസൗകര്യം- ഫീസ് എന്നിവ സംബന്ധിച്ച വ്യക്തമായ വിവരം പഠിതാക്കള്‍ക്കും രക്ഷിതാക്കള്‍ക്കും നല്‍കണമെന്നും പുതുക്കിയ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. 

Eng­lish Summary;Guidelines Coach­ing cen­ters should not admit per­sons below 16 years of age
You may also like this video

Exit mobile version