Site iconSite icon Janayugom Online

ഗുജറാത്ത്, ഹിമാചല്‍ തെരഞ്ഞെടുപ്പ്: ഇലക്ടറല്‍ ബോണ്ട് വില്പന 676 കോടി

ഗുജറാത്തിലേയും ഹിമാചലിലേയും നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് നടന്ന ഇലക്ടറല്‍ ബോണ്ട് വില്പനയുടെ 23-ാം ഘട്ടത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ചത് 676.26 കോടി രൂപ. വിവരാവകാശ നിയമപ്രകാരം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുന്‍ നാവികസേനാ ഉദ്യോഗസ്ഥനായ ലോകേഷ് കെ ബത്രയാണ് വിവരാവകാശ അപേക്ഷ സമർപ്പിച്ചത്. ഏകദേശം 660 കോടി ഇലക്ടറല്‍ ബോണ്ടുകള്‍, അതായത് മൊത്തം തുകയുടെ 97.63 ശതമാനം, എസ്‍ബിഐയുടെ ന്യൂഡല്‍ഹി മെയിന്‍ ബ്രാഞ്ചില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ എന്‍ക്യാഷ് ചെയ്തിട്ടുണ്ടെന്ന് മറുപടിയില്‍ പറയുന്നു. 309.45 കോടി രൂപയുടെ ബോണ്ടുകള്‍ മുംബെെ മെയിന്‍ ബ്രാ‍‍ഞ്ചിലും 222.40 കോടി രൂപയുടേത് ന്യൂഡല്‍ഹി ബ്രാഞ്ചിലും വിറ്റു.

2018 മുതല്‍ 11,647 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ട് വില്പന നടന്നതായും വിവരാവകാശ രേഖയില്‍ പറയുന്നു. ഒക്ടോബര്‍ ഒന്നു മുതല്‍ 10 വരെയുള്ള കാലയളവില്‍, എസ്‍ബിഐയുടെ കണക്കനുസരിച്ച് ഇലക്ടറല്‍ ബോണ്ടുകളുടെ 22-ാം ഘട്ട വില്പനയില്‍ അ‍ജ്ഞാതരായ ദാതാക്കള്‍ 545 കോടി രൂപ സംഭാവന നല്‍കി. കഴിഞ്ഞ രണ്ട് മാസത്തിനിടെ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ചത് 1221 കോടി രൂപയും 2022 ജൂലൈയിലെ മുൻ വില്പനയിൽ ഏകദേശം 389.50 കോടി രൂപയും ലഭിച്ചു. കൂടാതെ, നവംബർ ഘട്ടത്തിൽ വിറ്റ 666 ബോണ്ടുകള്‍ ഒരു കോടി രൂപ മൂല്യമുള്ളതാണെന്നും വിവരാവകാശ രേഖയില്‍ വ്യക്തമാക്കുന്നു. ഇലക്ടറൽ ബോണ്ട് പദ്ധതിയില്‍ ഭേദഗതി വരുത്തി 15 ദിവസത്തേക്ക് കൂടി സമയപരിധി നീട്ടാനുള്ള ധനമന്ത്രാലയത്തിന്റെ തീരുമാനത്തെ തുടര്‍ന്നാണ് നവംബറിലെ വില്പന. ഗുജറാത്തിൽ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ഡിസംബർ മൂന്നിനാണ് 24-ാം ഘട്ടം ആരംഭിച്ചത്.

Eng­lish Sam­mury: gujarat and himachal elec­toral bonds Polit­i­cal par­ties received Rs 676.26 crore

Exit mobile version