Site iconSite icon Janayugom Online

ഗുജറാത്ത് തെരഞ്ഞെടുപ്പ് രണ്ട് ഘട്ടം: ഒന്ന്, അഞ്ച് തീയതികളില്‍ പോളിങ്ങ്

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഡിസംബര്‍ ഒന്ന്, അഞ്ച്. രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഹിമാചലിനൊപ്പം ഡിസംബര്‍ എട്ടിന് വോട്ടെണ്ണല്‍ നടക്കും. ആദ്യഘട്ടത്തില്‍ 89 മണ്ഡലങ്ങളിലേക്കും രണ്ടാം ഘട്ടത്തില്‍ 93 മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പ് നടക്കും. 4.9 കോടി വോട്ടര്‍മാര്‍ക്കായി 51,782 പോളിങ് സ്‌റ്റേഷനുകള്‍ സജ്ജമാക്കും. 1274 പോളിങ് സ്റ്റേഷനുകൾ പൂർണമായും സ്ത്രീകളാണ് നിയന്ത്രിക്കുകയെന്ന പ്രത്യേകതയുമുണ്ടെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. 3,24,420 കന്നിവോട്ടര്‍മാരുണ്ട്.

ആദ്യം ഘട്ട വോട്ടെടുപ്പിന്റെ വിജ്ഞാപനം അഞ്ചാം തീയതി പുറത്തിറക്കും. 14 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. 10നാണ് രണ്ടാഘട്ടത്തിന്റെ വിജ്ഞാപനം പുറപ്പെടുവിക്കുക. 17 വരെ പത്രിക സമർപ്പിക്കാം. 15, 18 തീയതികളിൽ സൂക്ഷ്മ പരിശോധന നടക്കും. 17, 21 തീയതികൾ വരെ പത്രിക പിൻവലിക്കാം. ഗുജറാത്ത് നിയമസഭയിലാകെ 182 സീറ്റുകളാണ് ഉള്ളത്. കേവല ഭൂരിപക്ഷമായ 92 സീറ്റുകൾ ലഭിച്ചാൽ സർക്കാർ രൂപീകരിക്കാനാകും. 2017 ൽ 99 സീറ്റുകൾ നേടിയാണ് ബിജെപി ഭരണം പിടിച്ചത്. നിലവിൽ ബിജെപിക്ക് 111 അംഗങ്ങളുണ്ട്. പ്രതിപക്ഷമായ കോൺഗ്രസിന്റെ അംഗസംഖ്യ 77 ൽ നിന്ന് 62 ആയി ചുരുങ്ങി. മറ്റ് കക്ഷികൾക്ക് നാലു സീറ്റുണ്ട്. അഞ്ച് സീറ്റുകളിൽ ഒഴിവുണ്ട്. ഇക്കുറി ആം ആദ്മി പാർട്ടി കൂടി തെരഞ്ഞെടുപ്പ് ഗോദയിലേക്ക് എത്തിയതോടെ ത്രികോണ പോരാട്ടത്തിനാണ് അരങ്ങൊരുങ്ങിയിട്ടുള്ളത്. സംസ്ഥാനത്ത് കടുത്ത ഭരണവിരുദ്ധ വികാരം നിലവിലുണ്ട്.

അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സന്ദര്‍ശന പരിപാടികള്‍ കാരണമല്ല തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിയതെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു. മോര്‍ബി ദുരന്തവും സഭയുടെ കാലാവധിയടക്കം നിരവധി കാരണങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്നോടിയായി വമ്പന്‍ പദ്ധതികള്‍ സംസ്ഥാനത്ത് പ്രഖ്യാപിക്കാന്‍ വേണ്ടി തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിപ്പിക്കുകയാണെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.

Eng­lish Sum­ma­ry: Gujarat assem­bly elections
You may also like this video

Exit mobile version