Site iconSite icon Janayugom Online

ഒന്നരമണിക്കൂര്‍ ക്രൂരമര്‍ദനം, പ്ലാസ്റ്റിക് ഉരുക്കി സ്വകാര്യ ഭാഗങ്ങളില്‍ ഒഴിച്ചു ; ലഹരിവിമുക്ത കേന്ദ്രത്തില്‍ അന്തേവാസിയെ അടിച്ചുകൊന്ന് ജീവനക്കാര്‍

ലഹരിവിമുക്ത കേന്ദ്രത്തിലെ അന്തേവാസിയായ യുവാവിന്റെ കൊലപാതകമെന്ന് പൊലീസ്. ഫെബ്രുവരി 17‑നാണ് ഗുജറാത്തിലെ പത്താനിലെ ‘ജ്യോന ഡി-അഡിക്ഷന്‍ സെന്ററി‘ല്‍ മരിച്ച ഹര്‍ദിക് സുത്താര്‍ എന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേന്ദ്രത്തിലെ മാനേജര്‍ ഉള്‍പ്പെടെയുള്ള എട്ടംഗസംഘം ഹര്‍ദിക്കിനെ മര്‍ദിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. സംഭവത്തില്‍ ഏഴുജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു.

കേസിലെ മുഖ്യപ്രതിയും ലഹരിവിമുക്ത കേന്ദ്രത്തിലെ മാനേജരുമായ സന്ദീപ് പട്ടേല്‍ ഒളിവിലാണ്. യുവാവിനെ ഒന്നരമണിക്കൂറോളം തുടര്‍ച്ചയായി മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.

സൂറത്ത് ആസ്ഥാനമായുള്ള ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ലഹരിവിമുക്ത കേന്ദ്രത്തിലാണ് ക്രൂരമായ കൊലപാതകം നടന്നത്. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടിരുന്ന മെഹ്‌സാന സ്വദേശിയായ ഹര്‍ദിക്കിനെ ആറുമാസം മുമ്പാണ് ഇവിടെ പ്രവേശിപ്പിച്ചത്. രക്തസമ്മര്‍ദം കുറഞ്ഞ് മരണം സംഭവിച്ചെന്നായിരുന്നു അധികൃതരുടെ വിശദീകരണം. എന്നാല്‍ അന്വേഷണത്തില്‍ കൊലപാതകമെന്ന് തെളിയുകയായിരുന്നു.

സംഭവദിവസം ശൗചാലയത്തില്‍വെച്ച് ഹര്‍ദിക് കൈത്തണ്ട മുറിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പ്രതികള്‍ യുവാവിനെ ക്രൂരമായി മര്‍ദിച്ചത്. യുവാവിന്റെ കൈകാലുകള്‍ കെട്ടിയിട്ട വലിയ പ്ലാസ്റ്റിക് പൈപ്പുകള്‍ കൊണ്ടായിരുന്നു മര്‍ദനം. ഒന്നരമണിക്കൂറോളം നീണ്ട മര്‍ദനത്തിന് ശേഷം പ്ലാസ്റ്റിക് പൈപ്പ് കത്തിച്ച് ഉരുകിയൊലിച്ച ചൂടുള്ള ദ്രാവകം സ്വകാര്യഭാഗങ്ങളില്‍ ഒഴിക്കുകയും ചെയ്തു. ശരീരത്തിലെ രോമങ്ങളും കരിച്ചു.

കേന്ദ്രത്തിലെ മറ്റ് അന്തേവാസികള്‍ക്ക് മുന്നില്‍വെച്ചാണ് ഹര്‍ദിക്കിനെ പ്രതികള്‍ ആക്രമിച്ചത്.

Eng­lish Sum­ma­ry: Gujarat Liquor Addict Sav­age­ly Thrashed to Death at De-addic­tion Cen­ter in Patan
You may also like this video

Exit mobile version