Site iconSite icon Janayugom Online

ഗുജറാത്ത് കലാപം; ബ്രിട്ടീഷുകാരെ കൊലപ്പെടുത്തിയ പ്രതികളെ വെറുതെ വിട്ടു

2002ലെ ഗുജറാത്ത് കലാപത്തിനിടെ മൂന്ന് ബ്രിട്ടീഷ് പൗരന്മാരെ കൊലപ്പെടുത്തിയ കേസിലെ ആറ് പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. വിചാരണ കോടതി ഉത്തരവ് ശരിവച്ചാണ് ജസ്റ്റിസുമാരായ എ വൈ കോഗ്ജെ, സമീര്‍ ജെ ദാവെ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. സാക്ഷിമൊഴികളും അന്വേഷണോദ്യോഗസ്ഥരുടെ മൊഴികളും പരിശോധിച്ച ബെഞ്ച് ഹിമ്മത് നഗറിലെ സബര്‍കന്ത പ്രിന്‍സിപ്പള്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതിയുടെ 2015 ഫെബ്രുവരി 27ലെ വിധിയില്‍ ഇടപെടുന്നില്ലെന്നും ചൂണ്ടിക്കാട്ടി. പ്രഹ്ലാദ് പട്ടേല്‍, പ്രവീണ്‍ഭായ് ജീവഭായ് പട്ടേല്‍, രമേശ് പട്ടേല്‍, മനോജ് പട്ടേല്‍, രാജേഷ് പട്ടേല്‍, കലാഭായ് പട്ടേല്‍ എന്നിവരാണ് പ്രതികള്‍. 

കേസിലെ തെളിവുകളും എഫ്ഐആര്‍ പ്രകാരം വാദിഭാഗം ഉന്നയിക്കുന്ന വാദങ്ങളിലും വ്യക്തതയില്ലെന്ന് കോടതി നിരീക്ഷിച്ചു. സാക്ഷിമൊഴിയനുസരിച്ച് പ്രതികളുടെ ഉയരവും ധരിച്ചിരുന്ന വസ്ത്രങ്ങളും തിരിച്ചറിഞ്ഞു എന്നതും പ്രായം ഊഹിച്ചുവെന്നതും ‌തെളിവായി പരിഗണിക്കാന്‍ സാധിക്കില്ലെന്ന വിചാരണ കോടതി വിധി ഹൈക്കോടതിയും സാധൂകരിക്കുകയായിരുന്നു. ഇമ്രാന്‍ മുഹമ്മദ് സലിം ദാവൂദ് എന്നയാളുടെ പരാതിയിലാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ബന്ധുക്കളായ സയീദ് സഫീഖ് ദാവൂദ്, സകില്‍ അബ്ദുള്‍ ഭായ് ദാവൂദ്, മുഹമ്മദ് നല്ലഭായ് അബ്ദുള്‍ ഭായ് അന്‍വര്‍ എന്നിവര്‍ ഹിമ്മത് നഗറിലേക്ക് മടങ്ങി വരുന്നതിനിടെ 2002 ഫെബ്രുവരി 28ന് ആള്‍ക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പരാതി. അക്രമണത്തിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ ജനക്കൂട്ടം തടയുകയും വാഹനം കത്തിക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. 

Exit mobile version