Site iconSite icon Janayugom Online

ഗുജറാത്ത് കലാപം; ആസൂത്രിത വംശഹത്യ

2002ലെ ഗുജറാത്ത് കലാപം ആസൂത്രിതമെന്ന് തെളിയിക്കുന്ന ബ്രിട്ടന്റെ അന്വേഷണ റിപ്പോർട്ട് പുറത്ത്. ‘കാരവന്‍’ മാഗസിനാണ് അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് പുറത്തുവിട്ടത്. കലാപസമയത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോഡിക്കെതിരെ ഗുരുതരമായ കണ്ടെത്തലുകള്‍ റിപ്പോർട്ടിലുണ്ട്. ഹിന്ദുക്കളും മുസ്ലിങ്ങളും ഒന്നിച്ച് താമസിക്കുന്ന പ്രദേശത്തുനിന്ന് മുസ്ലിങ്ങളെ തുരത്തുകയായിരുന്നു കലാപത്തിന്റെ ലക്ഷ്യം. ഇതിനായി മുസ്ലിം വ്യാപാര സ്ഥാപനങ്ങളുടെയും കെട്ടിടങ്ങളുടെയും പട്ടിക കമ്പ്യൂട്ടറിൽ തയ്യാറാക്കിയാണ് അക്രമം നടത്തിയതെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ന്യൂനപക്ഷങ്ങളായ മുസ്ലിങ്ങള്‍ക്ക് ഓഹരിയുള്ള ബിസിനസ് സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന പട്ടികയുടെ കൃത്യതയും വിശദാംശങ്ങളും അവ മുന്‍കൂട്ടി തയ്യാറാക്കിയതാണെന്ന് വ്യക്തമാക്കുന്നുണ്ട്.

ഗുജറാത്തിലെ മാധ്യമങ്ങള്‍ കലാപം ആളിക്കത്തിക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്നും റിപ്പോര്‍ട്ട് കണ്ടെത്തുന്നുണ്ട്. മുസ്ലിംവിരുദ്ധത കൊടുമ്പിരികൊള്ളിക്കാനാണ് മാധ്യമങ്ങളും ശ്രമിച്ചത്. പ്രാദേശിക പത്രങ്ങള്‍ കലാപത്തിന് സഹായം ചെയ്തതിനെക്കുറിച്ചും റിപ്പോര്‍ട്ടിലുണ്ട്. കലാപത്തിനിടെ പൊലീസ് നടത്തിയ വെടിവയ്പില്‍ കൊല്ലപ്പെട്ട 130 പേരില്‍ പകുതിയിലേറെ മുസ്ലിങ്ങളായിരുന്നു. 2000 പേര്‍ കലാപത്തില്‍ മരിച്ചുവെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലെ നിഗമനം. മുസ്ലിം സ്ത്രീകള്‍ വ്യാപകമായി ബലാത്സംഗത്തിനിരയായി. 1,38,000 പേര്‍ മറ്റ് സ്ഥലങ്ങളിലേക്ക് പലായനം ചെയ്തു. ദുരിതാശ്വസ നടപടികളിലും സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

കലാപം നടന്ന പ്രദേശങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ചാണ് കമ്മിഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മനുഷ്യാവകാശ പ്രവര്‍ത്തകര്‍, സമുദായ നേതാക്കള്‍, ഡിജിപി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെയെല്ലാം നേരില്‍ കണ്ട് വിവരങ്ങള്‍ ശേഖരിച്ചു. റിപ്പോര്‍ട്ടിനെ ആധാരമാക്കി ബിബിസിയുടെ വിവാദമായ ഇന്ത്യ: ദ മോഡി ക്വസ്റ്റ്യൻ എന്ന ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗവും ഇന്നലെ പുറത്തുവന്നു. ഡോക്യുമെന്ററിക്ക് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തിയ നടപടി ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു.

ആസൂത്രണം വിഎച്ച്‌പി

സംഘര്‍ഷത്തിന് കാരണമായെന്ന് കരുതുന്ന ഗോധ്ര ട്രെയിൻ തീവയ്പ് ഉണ്ടായില്ലെങ്കിലും മുസ്ലിം വംശഹത്യയിലേക്ക് നയിച്ച കലാപം ഉണ്ടാകുമായിരുന്നു. സംഘ്പരിവാർ സംഘടനയായ വിശ്വഹിന്ദു പരിഷത്ത് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ കലാപം ആസൂത്രണം ചെയ്തിരുന്നു. 1992 മുതല്‍ സാമുദായിക സംഘര്‍ഷങ്ങള്‍ ഗുജറാത്തില്‍ പൊട്ടിപ്പുറപ്പെടാറുണ്ട്. എന്നാല്‍ 2002ലെ കലാപം വ്യത്യസ്തമായ സംഘടിതരൂപം കൈവരിച്ചതായി റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു.

പൊലീസും സർക്കാരും കൂട്ടുനിന്നു

സർക്കാരിന്റെ സഹായമില്ലാതെ വിഎച്ച്പിക്ക് ഇത്ര വ്യാപകമായ ആക്രമണം അഴിച്ചുവിടാൻ സാധിക്കില്ലായിരുന്നു. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളാണ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡി നടത്തിയത്. കലാപത്തില്‍ മോഡിക്ക് നേരിട്ട് ഉത്തരവാദിത്തമുണ്ടെന്നും റിപ്പോർട്ട് ആരോപിക്കുന്നു. പൊലീസിനോടും മറ്റ് ഉന്നത ഉദ്യോഗസ്ഥരോടും അക്രമങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കാന്‍ മുഖ്യമന്ത്രി മോഡി ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വത്തിന് പുറമെ അഞ്ച് സംസ്ഥാന മന്ത്രിമാര്‍ ആദ്യദിവസം കലാപത്തില്‍ പങ്കെടുത്തതായി ദൃക്‌സാക്ഷികളുടെ മൊഴികളും റിപ്പോര്‍ട്ടിലുണ്ട്.

ജെഎന്‍യുവില്‍ സംഘര്‍ഷം; വൈദ്യുതി വിച്ഛേദിച്ചു

ന്യൂഡല്‍ഹി: നരേന്ദ്ര മോഡിക്കെതിരായ ബിബിസിയുടെ ഡോക്യുമെന്ററി പ്രദര്‍ശനം തടയാന്‍ ജെഎന്‍യുവില്‍ വൈദ്യുതി വിച്ഛേദിച്ചു. വിദ്യാര്‍ത്ഥി യൂണിയന്‍ ഓഫിസിലെ ഇന്റര്‍നെറ്റ് ബന്ധവും വിച്ഛേദിച്ചു. സര്‍വകലാശാല അധികൃതര്‍ അനുമതി നിഷേധിച്ചതോടെ ഇന്നലെ രാത്രി ഒമ്പത് മണിക്ക് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ തീരുമാനിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് വൈദ്യുതി, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചതായാണ് സൂചന. ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ ഡ‍ോക്യുമെന്ററി പ്രദര്‍ശിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് എബിവിപി പരാതി നല്‍കിയെങ്കിലും കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഡോക്യുമെന്ററി രണ്ടാംഭാഗവും കാമ്പസില്‍ പ്രദര്‍ശിപ്പിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

Eng­lish Sum­ma­ry: BBC doc­u­men­tary on PM Modi’s role
You may also like this video

Exit mobile version