നെടുങ്കണ്ടം: വിൽപ്പനയ്ക്കായി കഞ്ചാവുമായി എത്തിയ മൂന്നംഗസംഘം നെടുങ്കണ്ടത്ത് പാെലീസിന്റെ പിടിയിലായി. ആന്ധ്രയിൽ നിന്നും വാങ്ങിയ കഞ്ചാവ് കേരളത്തിലെ വിവിധ ജില്ലകളിൽ മൊത്തക്കച്ചവടം ചെയ്യുന്ന തമിഴ്നാട് പുതുപ്പെട്ടി കട്ടബമ്മൻ തെരുവ് സ്വദേശിനിയും വത്തല ഗുണ്ടില്‍ താമസക്കാരിയുമായ ചിത്ര (50), ഇവരുടെ സഹായികളായ തേനി അരമനപുത്തൂർ കാളിയമ്മൻ തെരുവ് സ്വദേശി മുരുകൻ (43), മണപ്പാറെ നടുപ്പെട്ടി ഭാരതി (43) എന്നിവരുമാണ് അറസ്റ്റിലായത്.
ചൊവ്വാഴ്ച രാത്രി ഇടുക്കി ജില്ലാ പൊലീസ് മേധാവി വി യു കുര്യാക്കോസ് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കട്ടപ്പന ഡിവെെഎസ്‌പി വി എ നിഷാദ് മോൻ, നെടുങ്കണ്ടം എസ്എച്ച് ഒ ബി എസ് ബിനു, ഇടുക്കി ജില്ലാ ഡാൻസാഫ് ടീം എന്നിവർ സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ വലയിലായത്. വർഷങ്ങളായി കഞ്ചാവും ഹാൻസും മറ്റ് ലഹരിവസ്തുക്കളും മൊത്ത വിതരണം ചെയ്തു വന്നിരുന്ന സംഘത്തിന്റെ നേതാവാണ് ചിത്ര മുരുകൻ എന്ന ചിത്ര.
കിലോയ്ക്ക് ഒരു ലക്ഷം രൂപ വില പറഞ്ഞു ഉറപ്പിച്ചുപോന്ന ഏതോ ഹിന്ദിക്കാരനും മലയാളിക്കും വേണ്ടി ആണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് ചോദ്യംചെയ്യലിൽ ഇവര്‍ സമ്മതിച്ചു. ഇന്നലെ ബോഡിമെട്ട് വഴി കഞ്ചാവുമായി നെടുംങ്കണ്ടത്ത് എത്തിയപ്പോൾ കട്ടപ്പന രാത്രി 10.45 മണിയോടെ ഡിവൈഎസ്‌പിയും സംഘവും പിടികൂടിയത്. എസ് ഐ സജിമോൻ ജോസഫ്, അനീഷ് വി കെ, ഇടുക്കി ജില്ലാ ഡാൻസാഫ് അംഗങ്ങളായ മഹേഷ് ഈഡൻ, സിയാദ്, സതീഷ് കുമാർ ഡി, ടോം സ്കറിയ, ബിനീഷ് കെ പി, അനുപ് എം പി, നദീർ മുഹമ്മദ് നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ എസ് ഐ നവാസ്, വിജയകുമാർ, ഇന്ദിര, പ്രിനിത, സനീഷ് സത്യൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
നെടുങ്കണ്ടം ചെമ്പകകുഴിയിൽ നിന്നുമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. രണ്ട് ബഗുകളിലായി ആറ് പൊതികളിലായി പന്ത്രണ്ടര കിലോയ്ക്ക് മുകളില്‍ കഞ്ചാവ് ഉണ്ടായിരുന്നു. കാലങ്ങളായി കേരളത്തിലെ വിവിധ മേഖലകളിൽ കഞ്ചാവ് എത്തിച്ചു നൽകാറുണ്ട്. കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ നിന്നും ആളുകൾ തമിഴ്‌നാട്ടിൽ തങ്ങളുടെ പക്കൽ നിന്നും കഞ്ചാവ് വാങ്ങി കൊണ്ടുപോകാറുണ്ടെന്നും പ്രതികൾ പറഞ്ഞു. ആന്ധ്രയിൽ നിന്നും ഒരു കിലോ കഞ്ചാവിന് 30,000 രൂപക്ക് വാങ്ങി കേരളത്തിൽ മൊത്തക്കച്ചവടക്കാർക്ക് ഒരു ലക്ഷം രൂപയ്ക്ക് ആണ് കൊടുക്കുന്നത്.
കേരളത്തിലെ ചില്ലറ വ്യാപാരികൾ മൂന്നു ലക്ഷത്തിലേറെ വിലക്കാണ് ചെറിയ പൊതികൾ ആക്കി തങ്ങളിൽ നിന്നും വാങ്ങുന്ന കഞ്ചാവ് വിൽക്കുന്നതെന്നും പ്രതികൾ പറഞ്ഞു. ഇവർ ആരിൽ നിന്നാണ് കഞ്ചാവ് വാങ്ങുന്നതെന്നും ആർക്കാണ് വിൽക്കുന്നതെന്നും കൂടുതലായി അന്വേഷണം നടത്തുന്നുണ്ടെന്നും ഇതിൽനിന്ന് ലഭിക്കുന്ന അമിത ധനലാഭം ലക്ഷ്യമിട്ടാണ് കേരളത്തിലെ ചെറുകിട വ്യാപാരികൾ വ്യാപകമായി ഇത്തരം ബിസിനസിൽ ഏർപ്പെടുന്നത് എന്നും കട്ടപ്പന ഡിവൈഎസ്‌പി വി എ നിഷാദ് മോൻ പറഞ്ഞു.
English Sammury: Wholesale of Cannabis in Kerala; The woman and her accomplices were arrested