Site iconSite icon Janayugom Online

ഗ്യാന്‍വാപി മസ്ജിദ് തര്‍ക്കം: ആരാധന തടയരുത്; യഥാര്‍ത്ഥത്തില്‍ ശിവലിംഗം കണ്ടെത്തിയോ എന്ന് സുപ്രീം കോടതി

ഉത്തര്‍പ്രദേശിലെ വരാണസിയിലുള്ള ഗ്യാന്‍വാപി മസ്ജിദില്‍ ശിവലിംഗം കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന പ്രദേശം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും എന്നാല്‍ മുസ്‌ലിങ്ങള്‍ പള്ളിയില്‍ പ്രവേശിക്കുന്നത് തടയരുതെന്നും സുപ്രീം കോടതി. ഗ്യാന്‍വാപി പള്ളിയില്‍ യഥാര്‍ത്ഥത്തില്‍ ശിവലിംഗം കണ്ടെത്തിയോ എന്നും സുപ്രീം കോടതി ആരാഞ്ഞു.

പള്ളിയില്‍ സര്‍വേ നടത്താനുള്ള സിവില്‍ കോടതി നിര്‍ദേശം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി അലഹബാദ് ഹൈക്കോടതി തള്ളിയതിനെതിരായ അപ്പീലില്‍ നോട്ടീസയക്കാന്‍ ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡും പി എസ് നരസിംഹയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ഗ്യാന്‍വാപി മസ്ജിദ് പരിപാലിക്കുന്ന അന്‍ജുമാന്‍ ഇന്‍തിസാമിയ മസ്ജിദ് കമ്മിറ്റിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജി തള്ളണമെന്ന് ഹിന്ദുസംഘടനകളും സുപ്രീം കോടതിയില്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

യഥാര്‍ത്ഥത്തില്‍ ശിവലിംഗം കണ്ടെത്തിയോ എന്ന ചോദ്യത്തിന് സര്‍വേ റിപ്പോര്‍ട്ട് ഇതുവരെ തങ്ങള്‍ കണ്ടിട്ടില്ലെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത മറുപടി നല്‍കിയത്. വിശദാംശങ്ങള്‍ അറിയിക്കുന്നതിന് അദ്ദേഹം കോടതിയോട് ഒരു ദിവസത്തെ സമയം ആവശ്യപ്പെടുകയും ചെയ്തു. പള്ളിയില്‍ നിന്ന് കണ്ടെടുത്തത് ശിവലിംഗമല്ലെന്നും ജലധാരയുടെ അവശിഷ്ടമാണെന്നുമാണ് മുസ്‌ലിം സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്.

പള്ളി സമുച്ചയത്തില്‍ നടത്തിയ സര്‍വേക്കിടെ പള്ളിക്കുള്ളില്‍ കണ്ടെത്തിയ ശിവലിംഗം സംരക്ഷിക്കേണ്ടതുണ്ടെന്നും എന്നാല്‍ നമസ്‌കരിക്കുന്നതിന് മുസ്‌ലിങ്ങള്‍ക്ക് പള്ളിയില്‍ പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ശരിയല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Eng­lish summary;gyanavapi Masjid; Supreme Court with deci­sive order

You may also like this video;

Exit mobile version