Site iconSite icon Janayugom Online

ഗ്യാന്‍വാപി മസ്ജിദ് അടുത്ത അയോധ്യ

gyanvapi masjidgyanvapi masjid

കാശി വിശ്വനാഥ ക്ഷേത്രത്തിനു സമീപമുള്ള ഗ്യാന്‍വാപി മുസ്‌ലിം പളളിക്കു സമീപം സ്വസ്തിക ചിഹ്നം കണ്ടെത്തിയെന്ന് ഹിന്ദുസംഘടനകളുടെ അവകാശവാദം. നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ വര്‍ഗീയ ധ്രുവീകരണത്തിലൂടെ നേട്ടമുണ്ടാക്കാനുള്ള ബിജെപി-ആര്‍എസ്എസ് പദ്ധതിയാണ് ഗ്യാന്‍വാപിയെ അടുത്ത അയോധ്യയാക്കി മാറ്റിയിരിക്കുന്നത്.

ശനിയാഴ്ച നടന്ന സര്‍വേ നടപടികള്‍ക്കിടെ സ്വസ്തിക ചിഹ്നങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് പുതിയ അവകാശവാദം. പള്ളിയ്ക്കു സമീപത്തു നിന്നും രണ്ട് സ്വസ്തിക ചിഹ്നങ്ങള്‍ കണ്ടെത്തിയതായി സര്‍വേ സംഘത്തിലുള്ള വീഡിയോഗ്രാഫര്‍മാരാണ് പറഞ്ഞതെന്ന് ഹിന്ദുസംഘടനകള്‍ പറഞ്ഞു. ഇത് പുരാതന കാലത്ത് വരച്ചിട്ടുള്ളതാണെന്നും ഇവര്‍ അവകാശപ്പെട്ടു. ഇത് മസ്ജിദിന് മേല്‍ അവകാശവാദം ഉന്നയിക്കാനുള്ള ഹിന്ദു സംഘടനകളുടെ ശ്രമമായി വിലയിരുത്തപ്പെടുന്നു.

വാരാണസി കോടതിയുടെ ഉത്തരവിനെ തുടര്‍ന്നായിരുന്നു അഭിഭാഷക കമ്മിഷന്‍ അജയ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പള്ളിയുടെ സര്‍വേ നടത്താനും ശൃംഗാര്‍ ഗൗരി ക്ഷേത്രം പരിശോധിക്കുന്നതിനുമായി എത്തിയത്. വെള്ളിയാഴ്ചയും ശനിയാഴ്ചയും ഇവര്‍ പള്ളിയില്‍ എത്തിയിരുന്നെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു.

ഗ്യാന്‍വാപി പള്ളിയുടെ പടിഞ്ഞാറുവശത്ത് ശൃംഗാര്‍ ഗൗരി ക്ഷേത്രമെന്ന് പ്രഖ്യാപിച്ചിട്ടുള്ള സ്ഥലത്ത് നിത്യാരാധനയ്ക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് അ‍ഞ്ച് യുവതികള്‍ വാരാണസി കോടതിയെ സമീപിച്ചത്. കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ ഒരു ഭാഗം തകര്‍ത്താണ് മസ്ജിദ് നിര്‍മ്മിച്ചതെന്ന് ഹര്‍ജിയില്‍ പറയുന്നു. മസ്ജിദിന്റെ ചുമരില്‍ ശൃംഗാര്‍ ഗൗരി, ഗണേശ, ഹനുമാന്‍, നന്ദി വിഗ്രഹങ്ങളുണ്ടെന്നും അവകാശപ്പെടുന്നു. മുമ്പ് സമാനമായ ഹര്‍ജികളെല്ലാം തള്ളിയെങ്കിലും ഈ ഹര്‍ജിയില്‍ സര്‍വേ നടത്താനും വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്താനും കോടതി നിര്‍ദേശിക്കുകയായിരുന്നു. സര്‍വേയ്ക്കെത്തിയപ്പോള്‍ അഭിഭാഷക കമ്മിഷനും സംഘപരിവാര്‍ അജണ്ടയ്ക്കായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് മുസ്‌ലിം സംഘടനകള്‍ ആരോപിക്കുന്നു.

അഭിഭാഷക കമ്മിഷനെ നീക്കണമെന്നും പുതിയ കമ്മിഷനെ നിയോഗിക്കണമെന്നും പള്ളിയുടെ ഉടമസ്ഥാവകാശമുള്ള അന്‍ജുമാന്‍ ഇന്‍തിസാമിയ മസ്ജിദ് കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം അഞ്ച് ഹര്‍ജിക്കാരില്‍ രാഖി സിങ് കേസില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ചിട്ടുണ്ട്. വിശ്വവൈദിക് സനാതന്‍ സംഘ് എന്ന സംഘടനയുടെ പ്രതിനിധിയാണ് രാഖി സിങ്. പിന്മാറ്റത്തിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ മറ്റ് നാല് പരാതിക്കാരും കേസില്‍ നിന്നും പിന്മാറില്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞു.

താജ്മഹലില്‍ ഹിന്ദു വിഗ്രഹങ്ങളുണ്ടെന്ന് ബിജെപി

ആഗ്ര: താജ്മഹലില്‍ ഹിന്ദു വിഗ്രഹങ്ങളുണ്ടെന്ന് ബിജെപി ആരോപണം. തുടര്‍ന്ന് താജ്മഹലിലെ 20 മുറികളും തുറന്ന് ഹിന്ദു വിഗ്രഹങ്ങളും ലിഖിതങ്ങളും ഉണ്ടോയെന്ന് പരിശോധിക്കണമെന്നാവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ബിജെപിയുടെ അയോധ്യയിലെ മീഡിയ ഇൻ ചാർജായ ഡോ. രജനീഷ് സിങ്ങാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. സാധാരണ ഇത്തരം വിചിത്രവാദങ്ങള്‍ തള്ളുകയാണ് പതിവ്.

നേരത്തെയും ബിജെപി നേതാക്കള്‍ താജ്മഹലിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. താജ്മഹല്‍ മുമ്പ് ശിവക്ഷേത്രമായിരുന്നു എന്നാണ് ആറ് അഭിഭാഷകര്‍ 2015ല്‍ പരാതിപ്പെട്ടത്. 2017ല്‍ ബിജെപി നേതാവ് വിനയ് കത്യാറും ഹിന്ദുബിംബങ്ങള്‍ താജ്മഹലില്‍ ഉണ്ടെന്ന ആരോപണം ഉന്നയിച്ചിരുന്നു. മുഗള്‍ ഭരണാധികാരിയായ ഷാജഹാന് പകരം ജയസിംഹ രാജാവാണ് താജ്മഹല്‍ നിര്‍മ്മിച്ചതെന്നത് ഉള്‍പ്പെടെ അടിസ്ഥാനരഹിതമായ അവകാശവാദങ്ങളും ചില ഹിന്ദുസംഘടനകള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.

Eng­lish Sum­ma­ry: Gyan­va­pi Masjid next to Ayodhya

You may like this video also

Exit mobile version