Site icon Janayugom Online

ഗ്യാന്‍വാപി കേസുകള്‍ ജില്ലാ കോടതിക്ക്; ഇടക്കാല ഉത്തരവു തുടരും

ഗ്യാന്‍വാപി കേസ് വാരണാസി ജില്ലാ കോടതിക്ക് കൈമാറി സുപ്രീം കോടതി. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, സുര്യ കാന്ത്, പി എസ് നരസിംഹ എന്നിവരുള്‍പ്പെട്ട ബഞ്ചാണ് കേസ് പരിഗണിച്ചത്.

മസ്ജിദില്‍ വീഡിയോ സര്‍വേ നടത്താന്‍ അനുമതി നല്‍കിയ വാരാണസി സിവില്‍ കോടതിയുടെ ഉത്തരവിനെതിരായ ഹര്‍ജിയാണ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചത്. ഹിന്ദു വിശ്വാസികളായ അഞ്ച് സ്ത്രീകള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു സിവില്‍കോടതി ഉത്തരവ്. ഇന്ന് കേസില്‍ ഇരുഭാഗത്തിന്റെയും വാദംകേട്ട സുപ്രീം കോടതി മുതിര്‍ന്ന ജഡ്ജി കേസ് പരിഗണിക്കണമെന്ന അഭിപ്രായം മുന്നോട്ടുവയ്ക്കുകയായിരുന്നു.

കേസിന്റെ സങ്കീര്‍ണ്ണതയും ഒപ്പം ബന്ധപ്പെട്ട വികാരങ്ങളും പരിഗണിച്ച് കേസ് അനുഭവസമ്പത്തുള്ള മുതിര്‍ന്ന ജഡ്ജി വാദം കേള്‍ക്കണമെന്നാണ് സുപ്രീം കോടതി വിലയിരുത്തിയത്. കേസ് വാരണാസി ജില്ലാ കോടതിക്ക് കൈമാറാന്‍ ഉത്തരവിടുന്നു. കേസിന്റെ എല്ലാ സംഗതികളും ജില്ലാ കോടതിയിലേക്ക് മാറ്റുകയാണെന്നും ഉത്തരവില്‍ വ്യക്തമാക്കി.

നിയമ വിരുദ്ധമായ ഹര്‍ജി തള്ളണമെന്ന് ആവശ്യപ്പെട്ട് ഗ്യാന്‍വാപി മസ്ജിന്റെ ഭരണം നിര്‍വ്വഹിക്കുന്ന അന്‍ജുമാന്‍ ഇന്‍തസാമിയ മസ്ജിദ് കമ്മിറ്റി സമര്‍പ്പിച്ച അപേക്ഷ മുന്‍ഗണനാ ക്രമത്തില്‍ ജില്ലാ കോടതി പരിഗണിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ജില്ലാ കോടതിക്ക് കേസില്‍ തീരുമാനമെടുക്കാന്‍ എട്ടാഴ്ചത്തെ സമയം സുപ്രീം കോടതി അനുവദിച്ചു.

ഹര്‍ജിയില്‍ തീരുമാനം ഉണ്ടാകും വരെ 17ന് സുപ്രീം കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവു തുടരും. ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിന്റെ വീഡിയോഗ്രാഫി സർവേയിൽ ഒരു ശിവലിംഗം കണ്ടെത്തിയതായി ഹിന്ദുസംഘടനാ അഭിഭാഷകര്‍ അവകാശപ്പെട്ടിരുന്നു. ഈ മേഖല സംരക്ഷിക്കണമെന്നും അതേസമയം മുസ്ലിം മതസ്ഥരുടെ പ്രാര്‍ത്ഥനയ്ക്ക് തടസം ഉണ്ടാകരുതെന്നുമായിരുന്നു ഉത്തരവ്. അതേസമയം കേസിൽ ചില വിവരങ്ങൾ മാത്രം പുറത്തുപോകുന്നത് ശരിയായ നടപടിയല്ലെന്നും കോടതി നിരീക്ഷിച്ചു.

Eng­lish summary;Gyanwapi case; Supreme Court with new order

You may also like this video;

Exit mobile version