Site iconSite icon Janayugom Online

ഗ്യാന്‍വാപി മസ്ജിദ് തര്‍ക്കം; ഹര്‍ജി സുപ്രീം കോടതി പുനഃസ്ഥാപിച്ചു

ഉത്തർപ്രദേശിലെ ഗ്യാന്‍വാപി മസ്ജിദിലെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്‌ഐ) സര്‍വേ ഉത്തരവില്‍ വ്യക്തത വരുത്തി സുപ്രീം കോടതി. മസ്ജിദ് ഭരണസമിതിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് പ്രത്യേക അനുമതി ഹര്‍ജി പുനഃസ്ഥാപിച്ചു.
പ്രത്യേക അനുമതി ഹര്‍ജി തീര്‍പ്പാക്കിയ സുപ്രീം കോടതിയുടെ നടപടിയിലാണ് മസ്ജിദ് ഭരണസമിതി വ്യക്തത തേടിയത്. ഇതേത്തുടര്‍ന്ന് പ്രത്യേക അനുമതി ഹര്‍ജി തീര്‍പ്പാക്കിയ ഖണ്ഡിക സുപ്രീം കോടതി പിന്‍വലിച്ചു. ഉപഹര്‍ജിയിലാണ് തീരുമാനമെടുത്തതെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തത വരുത്തി. ഹര്‍ജി അടുത്ത ദിവസം പരിഗണിക്കാന്‍ മാറ്റി.
ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ)യുടെ സര്‍വേയ്ക്കെതിരെ മസ്ജിദ് കമ്മിറ്റി നല്‍കിയ അപേക്ഷ ജൂലൈ 24ന് സുപ്രീംകോടതി തീര്‍പ്പാക്കിയിരുന്നു. സർവേ താല്‍ക്കാലികമായി തടഞ്ഞ സുപ്രീംകോടതി അലഹബാദ് ഹൈക്കോടതിയെ സമീപിക്കാനും നിർദേശിച്ചു. എന്നാല്‍ ഗ്യാന്‍വാപി പള്ളിയിലെ ആരാധനയുമായി ബന്ധപ്പെട്ട് മസ്ജിദ് കമ്മറ്റി നല്‍കിയ പ്രത്യേകാനുമതി ഹര്‍ജി (എസ്എൽപി) തള്ളി എന്ന രീതിയിലായിരുന്നു ഈ ഉത്തരവ് വന്നത്. ഇത് ആശയക്കുഴപ്പമുണ്ടാക്കിയ സാഹചര്യത്തിലാണ് സുപ്രീംകോടതി ഉത്തരവിലെ പിഴവ് തിരുത്തിയത്.

സര്‍വേയില്‍ സംശയമുണ്ടെന്ന് അലഹബാദ് ഹൈക്കോടതി

ഗ്യാന്‍വാപി മസ്ജിദ് സര്‍വേയില്‍ സംശയമുണ്ടെന്ന് അലഹബാദ് ഹൈക്കോടതി നിരീക്ഷിച്ചു. മസ്ജിദില്‍ മാത്രമാണോ എഎസ്‌ഐ പര്യവേഷണം എന്നും തൊട്ടടുത്ത കാശി വിശ്വനാഥ ക്ഷേത്രത്തില്‍ സര്‍വ്വേ ഉണ്ടോയെന്നും ചീഫ് ജസ്റ്റിസ് പ്രിതിങ്കര്‍ ദിവാകര്‍ ആരാഞ്ഞു. കെട്ടിടത്തിന് ഭംഗം വരുത്താതെ ആഴത്തിലുള്ള പര്യവേഷണത്തില്‍ എഎസ്‌ഐയ്ക്ക് എന്താണ് മുന്‍പരിചയമെന്നും മസ്ജിദില്‍ പര്യവേഷണം അനിവാര്യമാണോ എന്നും കോടതി ചോദിച്ചു.
എഎസ്‌ഐ വിദഗ്ധന്‍ കോടതിയില്‍ നേരിട്ട് ഹാജരായി സര്‍വ്വേയെക്കുറിച്ച് വിശദീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഏതുതരം സര്‍വേകളാണ് നടത്തുന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാനും ഹൈക്കോടതി ഉത്തരവിട്ടു.
മസ്ജിദിന്റെ മുറ്റത്ത് ആഴത്തില്‍ പര്യവേഷണം നടത്തിയാല്‍ ആയിരം വര്‍ഷം പഴക്കമുള്ള മസ്ജിദ് തകരുമെന്നാണ് അന്‍ജുമാന്‍ മസ്ജിദ് ഭരണസമിതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. തെളിവുകള്‍ ഇല്ലാതെയാണ് ഹര്‍ജിക്കാര്‍ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ കോടതിയെ സമീപിച്ചിരിക്കുന്നത്. ആദ്യം തെളിവുകള്‍ ഉണ്ടെന്നും അവസാനം തെളിവുകള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ കണ്ടെത്തണം എന്നുമാണ് ഹര്‍ജിയിലെ ആവശ്യം. ഇത് പരസ്പര വിരുദ്ധമാണെന്ന് മസ്ജിദ് ഭരണസമിതി അഭിഭാഷകന്‍ വാദിച്ചു. സര്‍വ്വേ നടത്താന്‍ ആവശ്യമായ ഒരു സാങ്കേതിക സംവിധാനവും എഎസ്‌ഐക്കില്ലെന്നും കോടതിയില്‍ ചൂണ്ടിക്കാട്ടി.

eng­lish summary;Gyanwapi Masjid Con­tro­ver­sy; The peti­tion was rein­stat­ed by the Supreme Court

you may also like this video;

Exit mobile version