എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരന് നൽകിയ ഭക്ഷണത്തിൽ മുടി കണ്ടെത്തിയ സംഭവത്തിൽ, വിമാന കമ്പനി 35,000 രൂപ പിഴ നൽകണമെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചു. ഭക്ഷണത്തിൽ മുടി കണ്ടെത്തിയതിനെ തുടർന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് യാത്രക്കാരൻ നൽകിയ ഹർജിയിൽ, സബ് കോടതി ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ചിരുന്നു. ഈ വിധിക്കെതിരെ എയർ ഇന്ത്യ നൽകിയ അപ്പീലിലാണ് ഹൈക്കോടതി പിഴത്തുക 35,000 രൂപയായി കുറച്ച് വിധി പ്രഖ്യാപിച്ചത്.
എയർ ഇന്ത്യയുടെ കൊളംബോയിൽ നിന്ന് ചെന്നൈയിലേക്കുള്ള വിമാനത്തിലെ യാത്രക്കാരനാണ് ഭക്ഷണത്തിൽ മുടി കണ്ടെത്തിയത്. മുടി ലഭിച്ചതിനെ തുടർന്ന് യാത്രക്കാരൻ വിമാന ജീവനക്കാരെ വിവരം അറിയിച്ചിരുന്നു. എന്നാൽ, തന്റെ പരാതിയിൽ വിമാന കമ്പനി യാതൊരു നടപടിയും സ്വീകരിക്കാത്തതിനെ തുടർന്നാണ് യാത്രക്കാരൻ നിയമനടപടിയുമായി മുന്നോട്ട് പോയത്.

