Site iconSite icon Janayugom Online

ഹജ്ജ് തീർഥാടകരുമായി തിരി​കെ വന്ന വിമാനത്തിന്റെ ടയറിൽ തീ; യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു

ഹജ്ജ് നിർവഹിച്ച ഇന്ത്യൻ തീർഥാടകരുമായി തിരി​കെ വന്ന സൗദിയ എയർലൈൻസ് വിമാനത്തിൽ തീ ഉയർന്നത് പരിഭ്രാന്തി പരത്തി. ലഖ്‌നോ വിമാനത്താവളത്തിൽ ഇറങ്ങുമ്പോഴാണ് വിമാനത്തിന്റെ ഇടതുചക്രത്തിൽ തീ പിടിച്ചത്. ഉടൻ തന്നെ വിമാനംനിർത്തി യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. 250 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

ശനിയാഴ്ച രാവിലെ ജിദ്ദയിൽ നിന്നുള്ള സൗദിയ എയർലൈൻസ് വിമാനം ലഖ്‌നോവിലെ ചൗധരി ചരൺ സിങ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് തീപ്പൊരി ഉയർന്നത്. SV 312 വിമാനത്തിൽ തീ കണ്ട ഉടൻ ഗ്രൗണ്ട് സ്റ്റാഫ് എയർപോർട്ട് റെസ്‌ക്യൂ ആൻഡ് ഫയർ ഫൈറ്റിംഗ് (ARFF) ടീമിനെ അറിയിച്ചു. സൗദിയ എയർലൈൻസ് ടെക്നിക്കൽ ടീമിന്റെ സഹകരണത്തോടെ എമർജൻസി റെസ്പോൺസ് ടീം വിമാനത്തിന് കേടുപാടുകൾ സംഭവിക്കുന്നത് തടഞ്ഞു. ഇതോടെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായി.

അതേസമയം യാത്രക്കാരെ സുരക്ഷിതമായി ഇറക്കിയതായും വിമാനത്താവള പ്രവർത്തനങ്ങൾക്ക് ഒരു തടസ്സവും ഉണ്ടായിട്ടില്ലെന്നും അധികൃതർ സ്ഥിരീകരിച്ചു. വിമാനത്തിന്റെ ഇടതുചക്രത്തിലെ ഹൈഡ്രോളിക് സംവിധാനത്തിലുണ്ടായ ചോർച്ചയാണ് തീ ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ കുറിച്ച് ഔദ്യോഗിക അന്വേഷണത്തിന് എയർപോർട്ട് അതോറിറ്റി ഉത്തരവിട്ടിട്ടുണ്ട്.

Exit mobile version