Site iconSite icon Janayugom Online

ഹജ്ജ് തട്ടിപ്പ്: പരാതിയുമായി കൂടുതല്‍പേര്‍

hajjhajj

ഹജ്ജ് വോളണ്ടിയറായി തെരഞ്ഞെടുക്കാമെന്ന് വാഗ്ദാനം നൽകി തട്ടിപ്പു നടത്തിയ സംഭവത്തിൽ പരാതിയുമായി കൂടുതൽ പേർ രംഗത്ത്. സംഭവത്തിൽ കാസർകോട് സ്വദേശിയുൾപ്പെടെ മൂന്ന് പേരുടെ പരാതിയിൽ നടക്കാവ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിലെ നൂറു കണക്കിനാളുകളാണ് തട്ടിപ്പിനിരയായത്. പരാതി ലഭിച്ച സാഹചര്യത്തിൽ ഇന്ന് അന്വേഷണം തുടങ്ങുമെന്ന് നടക്കാവ് പൊലീസ് അറിയിച്ചു. നിരവധി പേർ നടക്കാവ് സ്റ്റേഷനിൽ എത്തുന്നുണ്ടെങ്കിലും രേഖാമൂലം പരാതി സമർപ്പിക്കാൻ പലരും തയ്യാറായിട്ടില്ല. പണം തിരികെ ലഭിക്കുമെന്ന് കരുതിയാണ് പലരും രേഖാമൂലം പരാതി നൽകാൻ മടിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. 

മെഡിക്കൽ വിഭാഗത്തിൽ ഹജ്ജ് വോളണ്ടിയറാക്കാമെന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടത്തിയാണ് ഒരു സംഘം പലരിൽ നിന്നുമായി പണം വാങ്ങി തട്ടിപ്പ് നടത്തിയത്. താമസം, ഭക്ഷണം എന്നിവയും 1300 സൗദി റിയാൽ ശമ്പളവും നൽകാമെന്നാണ് വാട്സ്ആപ്പിൽ പരസ്യം ചെയ്തത്.
അപേക്ഷകർ 20,000 രൂപയാണ് നൽകേണ്ടത്. അഡ്വാൻസായി 10,000 രൂപ അടക്കണം. ഇതോടൊപ്പം പാസ്പോർട്ടും നൽകണം. അഡ്വാൻസ് തുക എന്ന നിലയ്ക്ക് 10,000 രൂപയും പാസ്പോർട്ടുമാണ് സംഘം കൈക്കലാക്കിയത്. ഈ മാസം പത്ത് മുതൽ ആറു മാസമാണ് ജോലിയുടെ കാലാവധിയായി പറഞ്ഞത്. 

പത്തിന് സൗദിയിലേക്ക് പോകുമെന്ന അറിയിപ്പിനെത്തുടർന്ന് പലരും നിലവിലുള്ള ജോലികൾ ഒഴിവാക്കി സംഘവുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇവർ പല കാരണങ്ങൾ പറഞ്ഞ് തടിയൂരി. ഇതോടെ തട്ടിപ്പിനിരയായവർ സംഘടിക്കുകയായിരുന്നു.
സംഘത്തിന് വിവിധ സ്ഥലങ്ങളിൽ ഏജന്റുമാരുണ്ട്. ഇവരാണ് അപേക്ഷകരിൽ നിന്ന് പണം സ്വീകരിക്കുന്നത്. വിവിധ ജില്ലകളിൽ നിന്നാണ് പണം കൈമാറിയതെന്നതിനാൽ അതത് പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകാനാണ് നടക്കാവ് പൊലീസ് നൽകിയിരിക്കുന്ന നിർദേശം.
രണ്ടുദിവസം മുമ്പും തട്ടിപ്പിനിരയായവർ നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. 

Eng­lish sum­ma­ry: Hajj Scam: More Complaints

You may also like this video

Exit mobile version