Site iconSite icon Janayugom Online

അര്‍ധനഗ്നമായി കഴുത്തില്‍ ഷാള്‍ മുറുക്കിയ നിലയില്‍; വീടിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തിയ 19 കാരിയുടെ നില ഗുരുതരം

എറണാകുളം ചോറ്റാനിക്കരയില്‍ വീടിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം. ഞായറാഴ്ചയാണ് 19 കാരിയെ വീടിനുള്ളില്‍ അര്‍ധനഗ്നയായി കണ്ടെത്തിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ് കുട്ടി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

വീടിന്റെ സിറ്റൗട്ടില്‍ കഴുത്തില്‍ ഷാള്‍ മുറുകി ബോധമറ്റ നിലയില്‍ അര്‍ധനഗ്നയായി കിടക്കുന്ന പെണ്‍കുട്ടിയെ ഒരു ബന്ധുവാണ് കണ്ടത്. കുട്ടിയുടെ കയ്യിലെ മുറിവില്‍ ഉറുമ്പരിച്ചിരുന്നു. ഈ സമയം വീട്ടില്‍ അമ്മ ഉണ്ടായിരുന്നില്ല. പിതാവ് കുടുംബവുമായി വേര്‍പിരിഞ്ഞ് കഴിയുകയാണ്. ബന്ധു ഉടന്‍ വിവരം പൊലീസിനെ അറിയിച്ചു.

തുടര്‍ന്ന് കുട്ടിയെ തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയിലെത്തിച്ചു. പിന്നീട് കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തിനെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തിവരികയാണ്.

Exit mobile version