Site icon Janayugom Online

ഹാലോവീന്‍ ദുരന്തം: മര ണസംഖ്യ 153

ദക്ഷിണകൊറിയന്‍ തലസ്ഥാനമായ സിയോളില്‍ ഹാലോവീന്‍ ആഘോഷത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 153 ആയി ഉയര്‍ന്നു. 150ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരും ഗുരുതരാവസ്ഥയിലാണ്. മരണസംഖ്യ ഉയര്‍ന്നേക്കും. മരിച്ചവരില്‍ 19 പേര്‍ വിദേശികളാണ്.
ഇറ്റാവോണ്‍ ജില്ലയിലെ ഹാമില്‍ട്ടന്‍ ഹോട്ടലിനു സമീപം ഇടുങ്ങിയ വഴിയിലേക്ക് ആളുകള്‍ തള്ളിക്കയറിയതോടെയാണ് അപകടം. ഹോട്ടലില്‍ പ്രശസ്തനായ വ്യക്തി ഉണ്ടെന്ന വാര്‍ത്ത പ്രചരിച്ചതിനെ തുടര്‍ന്നാണ് ആളുകള്‍ തിക്കും തിരക്കും കൂട്ടിയതെന്നാണ് സൂചന. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം ഒരു ലക്ഷത്തോളം പേര്‍ ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. മരിച്ചവരിലേറെയും കൗമാരക്കാരും യുവാക്കളുമാണ്. ചവിട്ടേറ്റും ഞെരുങ്ങിയും ശ്വാസംമുട്ടിയുമാണ് മരണം സംഭവിച്ചിട്ടുള്ളതെന്ന് അഗ്നിശമനാ വകുപ്പ് മേധാവി ചോയ് സിയോങ്-ബം പറഞ്ഞു.
രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തത്തില്‍ ഇന്ത്യ അനുശോചനം രേഖപ്പെടുത്തി. ദുരന്തം ഞെട്ടലുണ്ടാക്കിയതായും വിഷമഘട്ടത്തില്‍ ഇന്ത്യ ദക്ഷിണ കൊറിയയ്ക്കൊപ്പമാണെന്നും വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ട്വീറ്റ് ചെയ്തു.

Eng­lish Sum­ma­ry: Hal­loween dis­as­ter: De ath toll 153

You may like this video also

Exit mobile version