Site iconSite icon Janayugom Online

ഹമാസ്-ഇസ്രയേല്‍ ആക്രമണം; ഗാസ കത്തുന്നു

പശ്ചിമേഷ്യയെ പിരിമുറുക്കത്തിലാക്കി ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം രൂക്ഷമാകുന്നു. പലസ്തീന്‍ വിമോചനത്തിനായി പോരാടുന്ന ഹമാസ് ഇസ്രയേലിനു നേരെയുള്ള ആക്രമണം കടുപ്പിച്ചു. ഓപ്പറേഷൻ അൽ-അഖ്സ ഫ്ലഡ് ദൗത്യം ആരംഭിച്ചതായി ഹമാസ് പ്രഖ്യാപിക്കുകയായിരുന്നു. വെെകാതെ ശക്തമായ പ്രത്യാക്രമണം ഇസ്രയേല്‍ ആരംഭിച്ചു.
യുദ്ധപ്രഖ്യാപനം നടത്തിയ ഇസ്രയേലിന്റെ പ്രത്യാക്രമത്തിൽ 200ലേറെ പേർ കൊല്ലപ്പെട്ടു. ആയിരത്തിലേറെ പേർക്ക് പരിക്കേറ്റു. പലസ്തീൻ സായുധ സേനയായ ഹമാസിന്റെ 17 കേന്ദ്രങ്ങൾ തകർത്തുവെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഹമാസ് നിയന്ത്രണത്തിലുള്ള ഗാസയിൽ അതിശക്തമായ വ്യോമാക്രമണം ആരംഭിച്ചത്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന.
കരയിലൂടെയും കടലിലൂടെയും ആകാശ മാര്‍ഗവുമാണ് ശനിയാഴ്ച പുലര്‍ച്ചെ ഹമാസ് ഒരേ സമയം ആക്രമണം തുടങ്ങിയത്. ഹമാസിന്റെ നീക്കം നേരത്തെ അറിയാന്‍ സാധിക്കാത്തത് ഇസ്രയേലിനെ ഞെട്ടിച്ചു. അതിര്‍ത്തിയില്‍ മിസൈല്‍ പ്രതിരോധ കവചം സ്ഥാപിച്ചിട്ടുണ്ടെങ്കിലും 5,000 മിസൈലുകളാണ് ഗാസയില്‍ നിന്ന് ഇസ്രയേലിലേക്കെത്തിയത്. ആക്രമണത്തില്‍ 100ലേറെ പേര്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ അധികൃതരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. നിരവധിപ്പേർക്ക് പരിക്കേറ്റു. കെട്ടിടങ്ങളും വാഹനങ്ങളും തകര്‍ന്നു.
യന്ത്രത്തോക്കുകളുമായി ഇസ്രയേലിനുള്ളിൽ കടന്ന ഹമാസ് സംഘം ജനങ്ങൾക്ക് നേരെയും വെടിയുതിർത്തുവെന്ന് റിപ്പോര്‍ട്ടുണ്ട്. സൈനികരെ അടക്കം ബന്ദികളാക്കി. 20 മിനിറ്റിൽ 5,000 റോക്കറ്റുകൾ തൊടുത്തുവെന്നാണ് ഹമാസ് ചീഫ് കമാൻഡറായ മുഹമ്മദ് അൽ ദെയ്ഫ് അറിയിച്ചത്. അധിനിവേശം അവസാനിപ്പിക്കാനുള്ള മഹാപോരാട്ടത്തിന്റെ തുടക്കമാണെന്നും ലോകമെങ്ങുമുള്ള പലസ്തീനികള്‍ പോരാട്ടത്തിന് തയ്യാറെടുക്കണമെന്നും ഹമാസ് സൈനിക കമാന്‍ഡര്‍ വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. ജറുസലേമിലെ അൽ അഖ്സ മസ്ജിദിലെ ഇസ്രയേലിന്റെ തുടർച്ചയായ ആക്രമണങ്ങൾക്ക് മറുപടിയാണ് പുതിയ നീക്കമെന്നും ഹമാസ് അറിയിച്ചു.
ഓപ്പറേഷൻ അയേൺ സ്വോർഡ്‌സ് എന്ന പേരിലാണ് ഇസ്രയേലിന്റെ പ്രത്യാക്രമണ നീക്കം. ഗാസാ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഡസൻകണക്കിന് യുദ്ധവിമാനങ്ങൾ അയച്ചുവെന്ന് ഇസ്രയേല്‍ സെെന്യം അറിയിച്ചു. ഐഡിഎഫ് ഫൈറ്റര്‍ ജെറ്റുകള്‍ ഉപയോഗിച്ച് ഗാസയിലെ ഹമാസിന്റെ 17 സൈനിക താവളങ്ങളും നാല് ഓപ്പറേഷണല്‍ കമാന്‍ഡ് സെന്ററുകളും ഇസ്രയേല്‍ ആക്രമിച്ചു. ഗാസ മുനമ്പിൽ നിന്ന് 80 കിലോമീറ്റർ പരിധിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. താമസക്കാരോട് വീടിനുള്ളിൽ തന്നെ തുടരാൻ ആവശ്യപ്പെട്ടതായും ഇസ്രയേൽ അറിയിച്ചു. സംഘർഷത്തെ തുടർന്നു മധ്യ — തെക്കന്‍ ഇസ്രയേലിലെ വിമാനത്താവളങ്ങള്‍ അടച്ചു.
ഗാസ‑പലസ്തീൻ അതിർത്തികളിൽ ആഴ്ചകളായി വർധിച്ചുവരുന്ന സംഘർഷങ്ങൾക്കൊടുവിലാണ് സ്ഥിതിഗതികള്‍ രൂക്ഷമായത്. വെസ്റ്റ് ബാങ്കിൽ അടുത്തിടെ നടന്ന ഏറ്റുമുട്ടലുകളില്‍ 200 പലസ്തീനികളെയാണ് ഇസ്രയേൽ സൈന്യം കൊലപ്പെടുത്തിയത്. ജെനിൻ അഭയാർത്ഥി ക്യാമ്പിൽ ജൂലൈയിൽ ഇസ്രയേൽ രണ്ടുദിവസം നീണ്ട ആക്രമണം നടത്തിയിരുന്നു. ഡ്രോണുകളും രണ്ടായിരത്തോളം സൈനികരും കവചിത ബുൾഡോസറുകളും വിന്യസിച്ച് നടത്തിയ ആക്രമണത്തിൽ 12 പലസ്തീനികള്‍ കൊല്ലപ്പെട്ടു.
കഴിഞ്ഞ 20 വർഷത്തിനിടയിൽ നടന്ന ഏറ്റവും വലിയ ആക്രമണമായിരുന്നു ജൂലൈ മൂന്നിന് നടന്നത്. സ്ഫോടക വസ്തുക്കൾ നീക്കം ചെയ്യാനാണെന്ന പേരിൽ ഇസ്രയേൽ സൈന്യം ഉപയോഗിക്കുന്ന കവചിത ബുൾഡോസറുകൾ ജെനിൻ തെരുവീഥികളിലെ വീടുകളുൾപ്പെടെ ഇടിച്ചുനിരത്തി. പരിക്കേറ്റവരുമായി പോകുന്ന ആംബുലൻസുകളെ പോലും ഇസ്രയേൽ സൈന്യം പലയിടത്തും തടഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

യുദ്ധമാണ്, വിജയിക്കുമെന്ന് നെതന്യാഹു

ഇസ്രയേല്‍ യുദ്ധത്തിലാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഏറ്റുമുട്ടലല്ല, സംഘർഷമല്ല, യുദ്ധമാണ്. നമ്മൾ വിജയിക്കും. ഹമാസ് ഇതിനു കനത്ത വില നൽകേണ്ടിവരും, നെതന്യാഹു വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. ഗുരുതരമായ തെറ്റാണ് ഹമാസ് നടത്തിയതെന്നും ഇസ്രയേലിനെതിരെ അവർ യുദ്ധം ആരംഭിച്ചിരിക്കുകയാണെന്നും പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു. യുദ്ധത്തിന് തയ്യാറാണെന്നാണ് സെെന്യത്തിന്റെ പ്രതികരണം. ഈ ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച ഹമാസ് കനത്ത വില നൽകേണ്ടി വരുമെന്നും സെെന്യം മുന്നറിയിപ്പ് നല്‍കി.

ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണം

ഇസ്രയേലില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി. ഇസ്രയേലിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത്, എല്ലാ ഇന്ത്യൻ പൗരന്മാരും ജാഗ്രത പാലിക്കാനും പ്രാദേശിക അധികാരികളുടെ ഉപദേശപ്രകാരം സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കാനും അഭ്യർത്ഥിച്ചു. അനാവശ്യ സഞ്ചാരം ഒഴിവാക്കി സുരക്ഷാ ഷെൽട്ടറുകൾക്ക് സമീപം തുടരണമെന്നും എംബസി അറിയിപ്പില്‍ പറയുന്നു. അടിയന്തര സാഹചര്യത്തില്‍ ബന്ധപ്പെടുന്നതിനുള്ള നമ്പരുകളും നല്‍കിയിട്ടുണ്ട്. ഇസ്രയേലിൽ ഏകദേശം 18,000 ഇന്ത്യൻ പൗരന്മാരാണുള്ളത്. ഇസ്രയേലിലേക്കുള്ള വിമാനങ്ങള്‍ എയര്‍ ഇന്ത്യ റദ്ദാക്കി.

Eng­lish Sum­ma­ry: Hamas-Israel Attack; Gaza is burning
You may also like this video

Exit mobile version