ഈജിപ്തിൽ നടക്കുന്ന ഗാസ സമാധാന ചർച്ചയിൽ നിലപാട് കടുപ്പിച്ച് ഹമാസ്. മൂന്ന് ആവശ്യങ്ങളാണ് ഹമാസ് മുന്നോട്ടുവച്ചിരിക്കുന്നത്. ഇസ്രായേൽ സൈന്യം ഗാസയിൽ നിന്നും പൂർണമായി പിന്മാറണം, ഉപാധികൾ ഇല്ലാതെ മരുന്നും ഭക്ഷണവും അനുവദിക്കണം, വെടിനിർത്തൽ സ്ഥിരമായിരിക്കണം എന്നിവയാണ് ഹമാസ് മുന്നോട്ട് വെക്കുന്ന ഉപാധികള്‍. ഇന്ന് രണ്ടാം വട്ട ചർച്ച നടക്കാനിരിക്കെയാണ് ഹമാസ് മൂന്ന് ആവശ്യങ്ങൾ മുന്നോട്ട് വച്ചത്.
ഗാസയുടെ പുനർനിർമാണം ഉടൻ തുടങ്ങണമെന്നും പലസ്തീനികളുടെ നേതൃത്വത്തിലുള്ള സമിതിയാകണം ഇതിന് മേൽനോട്ടം വഹിക്കുേണ്ടത് എന്നും ഹമാസ് ആവശ്യപ്പെട്ടു. അതിനിടെ ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നിലപാടിനോട് വിയോജിച്ച് മന്ത്രിസഭയിലെ തീവ്ര വലതുപക്ഷ പാർട്ടികൾ രംഗത്തുവന്നിട്ടുണ്ട്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 20 ഇന സമാധാന പദ്ധതിയെ തകിടം മറിക്കുന്ന രീതിയിലാണ് സർക്കാരിനെതിരെ ഈ പാർട്ടികൾ പരസ്യമായി രംഗത്തെത്തിയത്. ‘ഇസ്രയേൽ രാഷ്ട്രത്തിന് ഏറ്റവും വലിയ വിപത്ത് വരുത്തിവെച്ച തീവ്രവാദ സംഘടനയെ പുനരുജ്ജീവിപ്പിക്കുന്ന ഒരു സാഹചര്യത്തെയും ഞങ്ങൾക്ക് ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്ന് ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ പറഞ്ഞു.

