Site icon Janayugom Online

കൈകളുടെ ശുചിത്വം കോവിഡ് കാലഘട്ടത്തില്‍

2008 മുതല്‍ എല്ലാ വര്‍ഷവും മുടങ്ങാതെ കൈകളുടെ ശുചിത്വത്തിന്റെ പ്രാധാന്യം ലോകത്തെ പഠിപ്പിക്കുവാനായി ഗ്ലോബല്‍ ഹാന്‍ഡ് വാഷിംഗ് ദിനം ആചരിച്ചു വരാറുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷമായി ഇതിന്റെ പ്രാധാന്യം വളരെയേറെ കൂടിയിട്ടുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. ഇതിന് കാരണമായത് ഇക്കാലയളവില്‍ ലോകത്തെ ഗ്രസിച്ച കോവിഡ് മഹാമാരി തന്നെയാണ്. രോഗാണു സംക്രമണം പ്രധാനമായും സംഭവിക്കുന്നത് വായുവിലൂടെയോ രോഗവാഹകരുമായുള്ള സമ്പര്‍ക്കം മൂലമോ ആണ്. രോഗിയുടെ ശ്രവങ്ങള്‍ മറ്റുള്ളവരുടെ ശ്വാസകോശത്തില്‍ പ്രവേശിക്കുന്നത് വഴിയും രോഗാണു പകര്‍ച്ച ഉണ്ടാകാം. കോവിഡ് മഹാമാരിയുടെ ഈ സമയത്ത് പ്രധാനമായും നമ്മള്‍ അറിയേണ്ടത് കോവിഡ് പകര്‍ച്ച സംഭവിക്കുന്നത് പ്രധാനമായും വായുവിലൂടെയുള്ള പകര്‍ച്ചയും അതുപോലെ നേരിട്ടുള്ള സമ്പര്‍ക്കം മൂലവുമാണ്. 

ഇതില്‍ സ്പര്‍ശനം മൂലമുള്ള രോഗ പകര്‍ച്ച തടയാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് കൈകളുടെ ശുചിത്വം പാലിക്കുന്നതിലൂടെ നമുക്ക് സാധ്യമാവുന്നത്. കോവിഡ് മാത്രമല്ല ഒരു പരിധിവരെയുള്ള എല്ലാ വൈറസ് ബാധ കളില്‍ നിന്നും കുറെയൊക്കെ ബാക്ടീരിയ മൂലമുള്ള രോഗങ്ങളില്‍ നിന്നും രക്ഷപെടാം. അസുഖം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ അത് വരുന്നത് തടയുന്നതാണ് ഏറ്റവും അഭികാമ്യം. ഈ ഒരു ആശയത്തില്‍ നിന്നാണ് ഈ വര്‍ഷത്തെ ഗ്ലോബല്‍ ഹാന്‍ഡ് വാഷിംഗ് ദിനമായി ഒക്ടോബര്‍ 15 ന് ആചരിക്കുന്നത്. ഈ വര്‍ഷത്തെ തീം എന്നത് ‘കൈകളുടെ ശുചിത്വം എല്ലാവര്‍ക്കും’ എന്നതാണ്. കോവിഡ് കാലത്തിന് മുമ്പ് കൈകളുടെ ശുചിത്വത്തിന്റെ പ്രാധാന്യം മുഖ്യമായും നിലനിന്നിരുന്നത് ആശുപത്രി ജന്യമായ രോഗ പകര്‍ച്ച തടയാന്‍ വേണ്ടി ആയിരുന്നു. എന്നാല്‍ ഇക്കാലത്ത് അതിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളടക്കമുള്ള സകലമാന ജനങ്ങളും അറിയേണ്ടത്.

കൈകളുടെ ശുചിത്വം പ്രധാനമായും രണ്ടു രീതിയിലാണ് നമുക്ക് ഉറപ്പാക്കാവുന്നത്. ഇതില്‍ ഏറ്റവും ലളിതമായ രീതി സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക എന്നതാണ്. രണ്ടാമത്തേത് ആല്‍ക്കഹോള്‍ ഉപയോഗിച്ചുള്ള രീതിയാണ്. രണ്ട് രീതിയും ഒരേ പോലെ തന്നെ രോഗങ്ങളെ തടയാന്‍ ഫലപ്രദമാണ്. ആഹാരം കഴിക്കുന്നതിന് മുമ്പും ശേഷവും ശൗചാലയത്തില്‍ പോയതിന് ശേഷം, പുറത്തുപോയി തിരികെ വീട്ടിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് എല്ലാം കൈകള്‍ വൃത്തിയാക്കിയാല്‍ തന്നെ വയറിളക്കം, സാധാരണ കാണാറുള്ള വൈറല്‍ പനികള്‍ എല്ലാ ഒരു പരിധിവരെ നമുക്ക് തടഞ്ഞുനിര്‍ത്താനാവുന്നതാണ്. ഈ ദിനം ഒരു തുടക്കം ആകും എന്ന് നമുക്ക് പ്രത്യാശിക്കാം. ആരോഗ്യകരമായ ഒരു മനുഷ്യരാശിയുടെ നിലനില്‍പ്പിന് അടിസ്ഥാന പാഠങ്ങള്‍ സംസ്‌കാരമായി മാറേണ്ടത് ഒരു നിര്‍ബന്ധ ഘടകം തന്നെയാണ് എന്ന ഒരു സന്ദേശമാണ് ഈ കോവിഡ് മഹാമാരിലൂടെ മനുഷ്യരാശിക്ക് പ്രകൃതി പകര്‍ന്നു നല്‍കുന്നത്.

ENGLISH SUMMARY:Hand hygiene dur­ing the covid period
You may also like this video

Exit mobile version