Site iconSite icon Janayugom Online

ശ്രീലങ്കന്‍ കാര്‍ഷിക മേഖലയ്ക്ക് കൈത്താങ്ങ്; ഇന്ത്യ 21,000 ടണ്‍ യൂറിയ കൈമാറി

UriaUria

ശ്രീലങ്കന്‍ കാര്‍ഷിക മേഖലയ്ക്ക് ഇന്ത്യയുടെ കൈ­ത്താങ്ങ്. പ്രത്യേക പിന്തുണ പദ്ധതിയുടെ ഭാഗമായി 21,000 ടണ്‍ രാസവളം ഇന്ത്യ ശ്രീലങ്കയ്ക്ക് കെെമാറി. പ്രതിസന്ധിയിലായ ശ്രീലങ്കയ്ക്ക് ഇന്ത്യ നൽകുന്ന രണ്ടാമത്തെ സഹായമാണിത്. സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും ഭാഗമായി ശ്രീലങ്കയിലേക്ക് 21,000 ടണ്‍ യൂറിയ വിതരണം ചെയ്തതായി ഇന്ത്യന്‍ ഹെെ­ക്കമ്മിഷന്‍ ട്വീറ്റ് ചെയ്തു.

നേരത്തെ, 44,000 ടണ്‍ രാസവളം കയറ്റുമതി ചെയ്തിരുന്നു. ശ്രീലങ്കയിലെ നെല്‍കൃഷിക്ക് പ്രതിസന്ധി നേരിടാതിരിക്കാന്‍ 65,000 മെട്രിക് ടൺ യൂറിയ ഉടൻ വിതരണം ചെയ്യുമെന്ന് മേയ് മാസത്തിൽ ഇന്ത്യ ഉറപ്പ് നൽകിയിരുന്നു. ഈ വർഷം ജനുവരി മുതൽ വായ്പ, ക്രെഡിറ്റ് ലൈനുകൾ, ക്രെഡിറ്റ് സ്വാപ്പുകൾ എന്നിവയിൽ ഇന്ത്യ 40 ലക്ഷം യുഎസ് ഡോളർ സഹായമാണ് പ്ര­ഖ്യാപിച്ചിട്ടുള്ളത്. ഭക്ഷണം, മരുന്നുകൾ, ഇന്ധനം, മണ്ണെണ്ണ, മറ്റു അവശ്യവസ്തുക്കൾ തുടങ്ങിയവയ്ക്കായി 35 ലക്ഷം ഡോളറിന്റെ സാമ്പത്തിക സഹായവും പ്രഖ്യാപിച്ചിരുന്നു.

ഹരിത സമ്പദ്‌വ്യവസ്ഥയായി മാറുന്നതിന് രാസവള ഇറക്കുമതി നിരോധിക്കാനുള്ള മുന്‍ പ്രസിഡന്റ് ഗോതബയ രാജപക്സെയുടെ തീരുമാനം വിളനാശം രൂക്ഷമാക്കിയിരുന്നു. ഇതോടെയാണ് രാജ്യത്ത് ഭക്ഷ്യപ്രതിസന്ധി ആരംഭിക്കുന്നത്. പൂര്‍ണമായും ജെെവവളം ഉപയോഗിക്കാനും രാസവളം നിരോധിക്കാനുമുള്ള തീരുമാനത്തില്‍ പിഴവ് പറ്റിയതായി ഗോതബയ പിന്നീട് തുറന്നു സമ്മതിച്ചു.

അതിനിടെ, ശ്രീലങ്കയുമായി ഉദ്യോഗസ്ഥതല കരാര്‍ അന്തിമമാക്കുന്നതിനുള്ള ചർച്ചകൾക്കായി നാളെ മുതല്‍ 31 വരെയുളള തീയതികളിൽ അന്താരാഷ്ട്ര നാണയനിധിയുടെ ഉന്നത പ്രതിനിധ സംഘം കൊളംബൊ സന്ദർശിക്കും. ഈ വർഷം ജൂണിൽ ശ്രീലങ്ക ഐഎംഎഫുമായി വായ്പ ചർച്ചകൾ ആരംഭിച്ചിരുന്നു. ശ്രീലങ്കയുടെ പൊതു കടം പുനഃക്രമീകരിക്കണമെന്നാണ് ഐഎംഎഫിന്റെ നിര്‍ദ്ദേശം.

Eng­lish Sum­ma­ry: Hand up to Sri Lankan agri­cul­ture sec­tor; India trans­ferred 21,000 tonnes of urea

You may like this video also

Exit mobile version