അമേരിക്കയില്‍ നിന്നും തിരിച്ചയക്കുന്ന അനധികൃത കുടിയേറ്റക്കാരെ ചങ്ങലയില്‍ ബന്ധിച്ച് വിമാനത്തിൽ കയറ്റുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച് വൈറ്റ് ഹൗസ്. വൈറ്റ് ഹൗസിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് ദൃശ്യങ്ങള്‍ പുറത്ത് വന്നത്. ”ഹ ഹ, വൗ” എന്ന കമന്റോടെ ഡോജ് സംഘത്തലവന്‍ എലോണ്‍ മസ്‌കാണ് ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്തത്.
41 സെക്കൻഡുള്ള വീഡിയോയാണ് വൈറ്റ് ഹൗസ് പുറത്തുവിട്ടത്. ഒരു പെട്ടിയിൽനിന്ന് നിരവധി ചങ്ങലകൾ ഉദ്യോഗസ്ഥൻ പുറത്തെടുക്കുന്നതും കാണാം. അതേസമയം, ആരുടേയും മുഖം വെളിപ്പെടുത്തിയിട്ടില്ല.സൈനികവിമാനത്തിൽ കൈവിലങ്ങുവെച്ചാണ് തങ്ങളെ തിരിച്ചെത്തിച്ചതെന്ന് ഇന്ത്യയിൽ തിരിച്ചെത്തിയവർ നേരത്തേ വെളിപ്പെടുത്തിയിരുന്നു. കാലുകളും കൈകളുമുൾപ്പെടെ വിലങ്ങുവെച്ചെന്നും സീറ്റിൽ നിന്ന് നീങ്ങാൻ പോലും സാധിക്കാത്ത സാഹചര്യമായിരുന്നുവെന്നും അവർ പറഞ്ഞിരുന്നു. ശാരീരികവും മാനസികവുമായി ഏറെ ബുദ്ധിമുട്ടിലായിരുന്നുവെന്നും തിരിച്ചെത്തിയവർ കൂട്ടിച്ചേർത്തു. ഇതുവരെ മൂന്ന് വിമാനങ്ങളിലായി അനധികൃത കുടിയേറ്റക്കാരായ 332 ഇന്ത്യക്കാരെയാണ് യുഎസ് നാടുകടത്തിയത്.