ഏഷ്യ കപ്പിലെ ഹസ്തദാന വിവാദത്തിന് പിന്നാലെ വനിതാ ലോകകപ്പിലും പാകിസ്ഥാനോട് കൈകൊടുക്കാതെ ഇന്ത്യൻ ടീം. വനിതാ ലോകകപ്പിൽ ഇന്ത്യ‑പാകിസ്ഥാൻ മത്സരത്തിന് മുന്നോടിയായി ഇരു ടീമുകളുടെയും ക്യാപ്റ്റൻമാർ ഹസ്തദാനം ഒഴിവാക്കി. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് മത്സരത്തിൽ ടോസിനു ശേഷം ക്യാപ്റ്റൻമാരായ ഹർമൻപ്രീത് കൗറും ഫാത്തിമ സനയും ഹസ്തദാനം ചെയ്തില്ല. ടോസ് നേടിയ പാകിസ്ഥാൻ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. കളിക്കളത്തിലെ അനാവശ്യ സംഭവങ്ങൾ ഒഴിവാക്കാൻ ഐസിസി മാച്ച് ഒഫീഷ്യലുകൾ മത്സരത്തിന് മുമ്പ് ഇരു ടീമുകൾക്കും പ്രത്യേക നിർദ്ദേശങ്ങൾ നൽകിയിരുന്നു. നേരത്തെ, ഇന്ത്യ ജേതാക്കളായ ഏഷ്യ കപ്പിൽ ഇന്ത്യൻ പുരുഷ ടീം പാകിസ്ഥാൻ താരങ്ങളുമായി ഹസ്തദാനം നടത്തിയിരുന്നില്ല. ബിസിസിഐയുടെ നിർദ്ദേശപ്രകാരം വനിതാ ടീമും ഇതേ നിലപാട് സ്വീകരിക്കുകയായിരുന്നു. ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ശ്രീലങ്കയെ തോൽപ്പിച്ചിരുന്നു. അതേസമയം, ബംഗ്ലാദേശിനോട് തോറ്റ പാകിസ്ഥാന് ലോകകപ്പ് പ്രതീക്ഷകൾ നിലനിർത്താൻ ഈ മത്സരം നിർണ്ണായകമാണ്.
ഏഷ്യ കപ്പിന് പിന്നാലെ വനിതാ ലോകകപ്പിലും ഹസ്തദാന വിവാദം; പാകിസ്ഥാന് കൈ കൊടുക്കാതെ ഇന്ത്യ

