Site iconSite icon Janayugom Online

തലൈവർക്ക് പൊറന്ത നാൾ വാഴ്ത്തുക്കൾ; രജനീകാന്തിന്റെ ജന്മദിനം ആഘോഷമാക്കാനൊരുങ്ങി ആരാധകർ

സ്റ്റൈൽമന്നൻ രജനികാന്തിന് ഇന്ന് 75–ാം പിറന്നാൾ. തമിഴകത്തിന്റെ സ്വന്തം തലൈവർ, ആരാധക ലക്ഷങ്ങളുടെ സൂപ്പർ സ്റ്റാർ അങ്ങനെ വിശേഷണങ്ങൾ പലതാണ് ഈ താരരാജാവിന്. വില്ലനില്‍ നിന്ന് തലൈവരിലേക്കുള്ള രജനിയുടെ വളര്‍ച്ച ഇന്ത്യന്‍ സിനിമയുടെ കൂടി ചരിത്രമാണ്. ജയിലറിന്റെ രണ്ടാം ഭാഗമാണ് ഇനി വരാനിരിക്കുന്ന രജനി ചിത്രം. അഭ്രപാളിയിലെ ജീവിതത്തിന് 50 ആണ്ട് പിന്നിടുമ്പോഴും ആ സ്റ്റൈലിനെ ആരാധകർ നെഞ്ചേറ്റുന്നു.
1975ല്‍ ‘അപൂര്‍വ രാഗങ്ങള്‍’ എന്ന ചിത്രത്തിലൂടെയാണ് രജനികാന്ത് സിനിമയിലേക്ക് എത്തുന്നത്. കെ ബാലചന്ദർ ആയിരുന്നു സംവിധാനം. വില്ലൻ വേഷങ്ങളിൽ തുടങ്ങിയ രജനി വൈകാതെ ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ നടന്മാരിൽ ഒരാളായി വളർന്നു. മഹേന്ദ്രന്റെ ‘മുള്ളും മലരും’ (1978) പോലുള്ള സിനിമകൾ രജനിക്ക് മറ്റൊരു പ്രതിച്ഛായ നൽകി. എം ഭാസ്കർ സംവിധാനം ചെയ്ത ‘ഭൈരവി‘യാണ് രജിനി സോളോ നായകനായി എത്തിയ ആദ്യ ചിത്രം. ഈ ചിത്രത്തിലൂടെയാണ് സൂപ്പർസ്റ്റാർ എന്ന വിളിപ്പേര് താരത്തിന് ലഭിക്കുന്നത്.‘മുരട്ടുകാളൈ’(1980), ‘ദളപതി’ (1991), ‘അണ്ണാമലൈ’ (1992), ‘ബാഷ’ (1995), ‘പടയപ്പ’ (1999) എന്നീ ചിത്രങ്ങൾ രജനികാന്തിന്റെ താരപരിവേഷം വാനോളം ഉയർത്തി. അഞ്ച് പതിറ്റാണ്ട് പിന്നിടുമ്പോഴും അതിന് ഒരു കോട്ടവും തട്ടുന്നില്ല. 

ഇന്ത്യയിലെ ഒരേയൊരു സൂപ്പർ സ്റ്റാർ എന്നാണ് രജനിയെ ആരാധകർ ഒന്നടങ്കം വാഴ്ത്തുന്നത്. ഭാഷാ ദേശ വ്യത്യാസങ്ങൾക്കതീതമായി രജനിയെ ആളുകൾ ഇഷ്ടപ്പെടുന്നു. അങ്ങ് ജപ്പാനിൽ വരെയുണ്ട് അദ്ദേഹത്തിന് ആരാധകർ. സൂപ്പർ സ്റ്റാർ പദവിയൊക്കെ ഉണ്ടെങ്കിലും മേക്കപ്പൊന്നും കൂടാതെ വെറും സാധാരണക്കാരനായാണ് അദ്ദേഹം പൊതു വേദികളിലും മറ്റും എത്താറ്. ഏഷ്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്‍മാരിലൊരാള്‍. പത്മഭൂഷന്‍, പത്മവിഭൂഷന്‍, ദാദാസാഹേബ് ഫാല്‍ക്കെ പുരസ്കാരം, ദേശീയ–സംസ്ഥാന ചലചിത്ര പുരസ്കാരങ്ങള്‍ തുടങ്ങി നേട്ടങ്ങളുടെ വലിയ പട്ടിക. 

തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, ബംഗാളി, മലയാളം എന്നീ ഭാഷകളിലായി 170 ലധികം സിനിമകളിലാണ് നടൻ അഭിനയിച്ചത്. മലയാളത്തിൽ, ‘അലാവുദ്ദീനും അത്ഭുതവിളക്കും’ (1979) എന്ന ഐ വി ശശി ചിത്രത്തിൽ കമൽ ഹാസനൊപ്പം രജനികാന്ത് പ്രത്യക്ഷപ്പെട്ടു. സി വി രാജേന്ദ്രന്റെ സംവിധാനത്തിൽ 1981ൽ പുറത്തിറങ്ങിയ ‘ഗർജ്ജനം’ എന്ന സിനിമയിലും താരം പ്രത്യക്ഷപ്പെട്ടു. 1983ൽ ഇറങ്ങിയ ‘അന്ധാ കാനൂൻ’ എന്ന ചിത്രത്തിലൂടെയാണ് ഹിന്ദിയിൽ അരങ്ങേറ്റം കുറിക്കുന്നത്. 1988ൽ ഹോളിവുഡ് ചിത്രമായ ‘ബ്ലഡ് സ്റ്റോണി‘ലും രജനി അഭിനയിച്ചു. 

Exit mobile version