Site iconSite icon Janayugom Online

ഡിസിസി നേതൃത്വം പേര് നിർദേശിച്ചതിൽ സന്തോഷം; ബാക്കി പറയാനുള്ളത് 13ന് ശേഷം 

ഡിസിസി നേതൃത്വം പാലക്കാട് സീറ്റിലേക്ക് പേര് നിർദേശിച്ചതിൽ മന്ത്രിയും എംഎൽഎ ആക്കിയതിനേക്കാൾ സന്തോഷമെന്ന് കെ മുരളീധരൻ. കൂടുതല്‍ ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്താല്‍ പ്രധാന പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധമാറും. ബാക്കി പറയാനുള്ളത് 13ന് ശേഷം പറയും. കിട്ടാത്തത് ആഗ്രഹിച്ചിട്ട് കാര്യമില്ല. ഇനി നിയമസഭയിലേക്ക് ഇല്ല. പുതിയ ആള്‍ക്കാര്‍ നിയമസഭയില്‍ നില്‍ക്കട്ടെ. നാലര വര്‍ഷത്തിന് ശേഷമുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പ് വരട്ടെ. അപ്പോള്‍ നോക്കാം. കേരളത്തില്‍ എല്ലായിടത്തും തന്നെ സ്വീകരിക്കുന്നുണ്ടെന്നതില്‍ സന്തോഷമുണ്ടെന്നും മുരളീധരൻ പറഞ്ഞു.

 

തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ പലരും നിർദേശിക്കും. തന്നെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് എഐസിസിക്ക് കത്തയച്ചിരുന്ന കാര്യം അറിഞ്ഞിരുന്നു. കത്ത് താൻ പുറത്തുവിട്ടില്ല. ഇപ്പോൾ എങ്ങനെയാണ് പുറത്തുവന്നതെന്ന് അറിയില്ലെന്നും കെ മുരളീധരൻ പറഞ്ഞു. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കെ മുരളീധരനെ സ്ഥാനാർത്ഥിയാക്കണമെന്ന് നിർദേശിച്ച് ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ എഐസിസിക്കും കെപിസിസിക്കും കൊടുത്ത കത്താണ് ഇന്നലെ പുറത്തുവന്നത്. മുരളീധരനെ മത്സരിപ്പിക്കാൻ ഡിസിസി ഭാരവാഹികൾ ഐകകണ്‌ഠ്യേനയാണ് തീരുമാനമെടുത്തതെന്നും കത്തിൽ പറയുന്നുണ്ട്. ബിജെപിയെ തോൽപിക്കാൻ മുരളീധരന്റെ സ്ഥാനാർഥിത്വം ഗുണം ചെയ്യുമെന്നും കത്തിൽ പറയുന്നുണ്ട്.

 

Exit mobile version