Site iconSite icon Janayugom Online

പീഡന ആരോപണം: എഎംഎംഎ ജനറല്‍ സെക്രട്ടറി സിദ്ദിഖ് രാജിവച്ചു

siddiquesiddique

യുവനടി പീഡന ആരോപണത്തിനുപിന്നാലെ താരസംഘടനയായ എഎംഎംഎ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും സിദ്ദിഖ് രാജിവച്ചു. സംഘടനാ പ്രസിഡന്റ് മോഹൻലാലിന് സിദ്ദിഖ് ഇമെയിലായി രാജിക്കത്ത് സമർപ്പിച്ചു. 

സിദ്ദിഖിൽനിന്നും വർഷങ്ങൾക്കു മുൻപ് ലൈംഗികാതിക്രമം നേരിട്ടെന്നു വ്യക്തമാക്കി യുവനടി രേവതി സമ്പത്ത് ഇന്നലെ രംഗത്തെത്തിയിരുന്നു. പല സുഹൃത്തുക്കൾക്കും സിദ്ദിഖിൽ നിന്ന് ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നും അവർ വെളിപ്പെടുത്തിയിരുന്നു. 

തനിക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സ്വമേധയാ ‍രാജിവയ്ക്കുന്നു എന്നാണു സിദ്ദിഖ് മോഹൻലാലിന് അയച്ച കത്തിലുള്ളത്. ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന് സിദ്ദിഖ് അടുപ്പമുള്ളവരെ അറിയിച്ചു. എനിക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങൾ താങ്കളുടെ ശ്രദ്ധയിൽപ്പെട്ടിരിക്കുമല്ലോ, ഈ സാഹചര്യത്തിൽ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും ഞാൻ സ്വമേധയാ രാജിവയ്ക്കുന്നതായി താങ്കളെ അറിയിച്ചുകൊള്ളട്ടെ എന്ന് സിദ്ദിഖ് കത്തില്‍ പറയുന്നു. നിലവിൽ ഊട്ടിയിലാണ് സിദ്ദിഖ് നടൻ.

‘പ്ലസ് ടു കഴിഞ്ഞ സമയത്ത് സമൂഹമാധ്യമം വഴി സിദ്ദിഖ് ബന്ധപ്പെട്ടിരുന്നു. പിന്നീട് ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞ് മാസ്കറ്റ് ഹോട്ടലിൽ ചർച്ചയ്ക്കു വിളിച്ചു. അന്ന് എനിക്ക് 21 വയസ്സാണ്. അവിടെ ചെന്നപ്പോഴാണ് ലൈംഗികമായി ഉപദ്രവിച്ചത്. അയാളെന്നെ പൂട്ടിയിട്ടു. അവിടെനിന്നു രക്ഷപ്പെടുകയായിരുന്നു’– നടി പറഞ്ഞു. 2019 ൽ തന്നെ ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ടെന്നും സിനിമയിൽനിന്നു മാറ്റിനിർത്തിയതിനാൽ ഇപ്പോൾ ഒന്നും നഷ്ട‌പ്പെടാനില്ലാത്തതുകൊണ്ടാണു സധൈര്യം തുറന്നുപറയുന്നതെന്നും നടി വിശദീകരിച്ചിരുന്നു. സിദ്ദിഖ് കൊടും ക്രിമിനലാണ് എന്നും രേവതി സമ്പത്ത് ആരോപിച്ചു. തുടര്‍ന്ന് വലിയ പ്രതിഷേധമാണ് സിദ്ദിഖിനെതിരെ ഉയര്‍ന്നത്. ഇതിന് പിന്നാലെയാണ് സിദ്ദിഖ് അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചത്.

Exit mobile version