Site icon Janayugom Online

ഹാര്‍ദിക് സെല്‍ഫിഷോ? കോലിക്കായി മാറിക്കൊടുത്ത ധോണിയെ കണ്ടുപഠിക്കാന്‍ വിമര്‍ശനം

മൂന്നാം ടി20യില്‍ ഇന്ത്യ വിജയിച്ചിട്ടും വിജയറണ്‍സ് നേടിയ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്കെതിരെ രൂക്ഷവിമര്‍ശനമുയരുന്നു. മത്സരത്തില്‍ തിലക് വര്‍മ്മയെ അര്‍ധസെഞ്ചുറി റണ്‍സ് നേടാനനുവദിക്കാതെ ഹാര്‍ദിക് സിക്സടിച്ച് കളി ജയിപ്പിക്കുകയായിരുന്നു. ഇതോടെ താരം സ്വാര്‍ത്ഥനാണെന്നുള്ള വിമര്‍ശനങ്ങളുമായി സമൂഹമാധ്യമങ്ങളിലൂടെ ആരാധകരും ക്രിക്കറ്റ് നിരൂപകരുമെത്തി. ടീമിനു ജയിക്കാന്‍ 14 ബോളില്‍ രണ്ടു റണ്‍സ് വേണമെന്നിരിക്കെ തിലക് 49 റണ്‍സുമായി നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡിലുണ്ടായിരുന്നു. പക്ഷെ തിലകിനു പരമ്പരയിലെ രണ്ടാം അര്‍ധസെഞ്ചുറി നേടാന്‍ അവസരമൊരുക്കി നല്‍കാന്‍ ശ്രമിക്കുന്നതിനു പകരം ഹാര്‍ദിക് സിക്‌സറിലൂടെ ടീമിന്റെ വിജയ റണ്‍സ് കുറിക്കുകയായിരുന്നു. ക്യാപ്റ്റന്‍സിയിലും പെരുമാറ്റത്തിലുമെല്ലാം ധോണിയെപ്പോലെയാവാന്‍ ശ്രമിക്കുന്ന പാണ്ഡ്യ ആദ്യം ധോണി സഹതാരങ്ങളെ എങ്ങനെയാണ് വളര്‍ത്തിക്കൊണ്ടുവരുന്നതെന്ന് കണ്ടുപഠിക്കണമെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.

കോലിക്കായി വഴിമാറി ധോണി

2014ലെ ഐസിസി ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ക്യാപ്റ്റനെന്ന നിലയില്‍ ധോണി കൈയടി നേടിയ സംഭവമാണ് ആരാധകര്‍ ഓര്‍മ്മിപ്പിക്കുന്നത്. ദക്ഷിണാഫ്രിക്കയുമായുള്ള പോരാട്ടത്തില്‍ ഇന്ത്യക്കു ജയിക്കാന്‍ എട്ടു ബോളില്‍ രണ്ടു റണ്‍സ് വേണമെന്നിരിക്കെയായിരുന്നു ധോണി ബാറ്റിങ്ങിനായി ക്രീസിലെത്തിയത്. കോലി അപ്പോള്‍ 42 ബോളില്‍ 67 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്നു. ഇന്ത്യക്ക് ജയിക്കാൻ ഒരു റൺ മാത്രം വേണ്ടപ്പോൾ 19–ാം ഓവറിൽ ധോണി പന്ത് പ്രതിരോധിച്ചു നിൽക്കുകയായിരുന്നു. അർധ സെഞ്ചുറി നേടി വിജയവഴിയൊരുക്കിയ കോലി തന്നെ കളി ജയിപ്പിക്കണമെന്നതായിരുന്നു ധോണിയുടെ നിലപാട്. കളിതീരാൻ ഏഴു പന്തുകൾ ബാക്കിയുള്ളപ്പോൾ ധോണിയുടെ നീക്കം കണ്ട് നോൺ സ്ട്രൈ­ക്കി­ലുള്ള വിരാട് കോലി ചിരിക്കുന്നതും വിഡിയോയിലുണ്ട്. ഹാർദിക് പാണ്ഡ്യയ്ക്ക് മാതൃകയാക്കാമെന്ന് പറഞ്ഞു സംഭവത്തിന്റെ വീഡിയോ ആരാധകർ സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുന്നുണ്ട്. തന്റെ മൂന്നാമത്തെ മാത്രം രാജ്യാന്തര മത്സരം കളിക്കുന്ന തിലകിന് ഒരു അര്‍ധസെഞ്ചുറി അടിക്കാന്‍ അവസരം നല്‍കിയാലും കളിയുടെ ഫലത്തില്‍ മാറ്റമൊന്നും വരില്ലിന്നിരിക്കെ 14 പന്തുകളില്‍ രണ്ട് റണ്‍സ് മാത്രം വേണ്ടപ്പോഴായിരുന്നു പാണ്ഡ്യ സിക്സ് അടിച്ച് കളി ഫിനിഷ് ചെയ്തത്. ഒരു യഥാര്‍ത്ഥ നായകനും വെറും ക്യാപ്റ്റനും തമ്മിലുള്ള വ്യത്യാസമാണിതെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

Eng­lish Sum­ma­ry; Hardik self­ish? Crit­i­cism to dis­cov­er Dhoni who changed for Kohli
You may also like this video

Exit mobile version