Site iconSite icon Janayugom Online

ഹരിദ്വാര്‍ വിദ്വേഷപ്രസംഗം; സുപ്രീം കോടതി ഇടപെടുന്നു

ഹരിദ്വാര്‍ വര്‍ഗീയ വിദ്വേഷ കേസില്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് നാല് പേര്‍ക്കെതിരെ എഫ്ഐആര്‍ സമര്‍പ്പിക്കുകയും മൂന്ന് പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തതായി ഉത്തരാഖണ്ഡ് കോടതിയെ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സംഭവമുണ്ടായിട്ടും അറസ്റ്റ് രേഖപ്പെടുത്താതിരുന്നത് എന്താണെന്ന് ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, എ എസ് ഓഖ എന്നിവര്‍ ആരാഞ്ഞു. ഹരിദ്വാറിലും ഡല്‍ഹിയിലും നടന്ന മതപരിപാടികളില്‍ ഒരു മതസമൂഹത്തെ മുഴുവന്‍ ഉന്മൂലം ചെയ്യാന്‍ ആഹ്വാനം ചെയ്തുവെന്ന് കാണിച്ച് മുന്‍ ഹൈക്കോടതി ജഡ്ജി അഞ്ജനാ പ്രകാശും മാധ്യമപ്രവര്‍ത്തകനായ ഖുര്‍ബാന്‍ അലിയുമാണ് കോടതിയെ സമീപിച്ചത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഹിമാചല്‍ പ്രദേശില്‍ സമാനമായ ആഹ്വാനങ്ങള്‍ നടക്കുമെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞു.

ഈ ഞായറാഴ്ചയാണ് ഹിമാചല്‍ പ്രദേശില്‍ ധര്‍മ്മ സന്‍സദ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിയാക്കി ഹര്‍ജിക്കാരുടെ പരാതിയുടെ പകര്‍പ്പ് ഹിമാചല്‍ പ്രദേശ് സ്റ്റാന്‍ഡിങ് കൗണ്‍സിലിന് അയയ്ക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സന്‍സദ് നടക്കുന്ന പ്രദേശത്തെ ജില്ലാ കളക്ടര്‍ക്കും ഇതുസംബന്ധിച്ച അറിയിപ്പ് നല്‍കാന്‍ കോടതി ഹര്‍ജിക്കാര്‍ക്ക് അനുമതി നല്‍കി.

മുസ്‌ലിങ്ങളെ കൂട്ടക്കൊല ചെയ്ത് വംശഹത്യ നടപ്പാക്കുകയാണ് വിദ്വേഷപ്രസംഗങ്ങളിലൂടെ ചെയ്യുന്നതെന്നും കപില്‍ സിബല്‍ പറഞ്ഞു. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഐക്യത്തിനും ഇത്തരം പ്രസംഗങ്ങള്‍ ഭീഷണിയാണെന്നും നമ്മുടെ രാജ്യത്തെ ലക്ഷക്കണക്കിന് മുസ്‌ലിം പൗരന്മാരുടെ ജീവിതത്തെ ഇത് ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Eng­lish summary;Haridwar hate speech; The Supreme Court intervenes

You may also like this video;

Exit mobile version