ഹരിപ്പാട്: ക്ഷേത്രത്തിലെ ദേശ താലവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ ആർ എസ് എസ് പ്രവർത്തകൻ ശരത്ചന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഒരു പ്രതി കൂടി പോലീസ് പിടിയിൽ. മറ്റൊരു പ്രതി ഹരിപ്പാട് കോടതിയിൽ കീഴടങ്ങി. കുമാരപുരം പൊത്തപ്പള്ളി തുണ്ട്തറയിൽ കിഴക്കതിൽ അഭിജിത്തിനെ (19) ആണ് മാന്നാറിൽ ഉള്ള ബന്ധു വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
താമല്ലാക്കൽ കൊച്ചു പടീറ്റതിൽ വിഷ്ണു (കൊച്ചു വിഷ്ണു ‑21 )ആണ് കോടതിയിൽ കീഴടങ്ങിയത്. കേസിലെ പ്രതികളായ കുമാരപുരം പൊത്തപ്പള്ളി ചെട്ടിശേരിൽ വടക്കേതിൽ നന്ദു (കരിനന്ദു-26), കുമാരപുരം താല്ലാക്കൽ പടന്നയിൽ കിഴക്കതിൽ ശിവകുമാർ (25), പൊത്തപ്പള്ളി കുമാരപുരം പീടികയിൽ ടോം തോമസ് (27), കുമാരപുരം പൊത്തപ്പള്ളി കടൂർ വീട്ടിൽ വിഷ്ണുകുമാർ (29), കുമാരപുരം എരിക്കാവ് കൊച്ചു പുത്തൻ പറമ്പിൽ സുമേഷ് (33), കുമാരപുരം താമല്ലാക്കൽ പുളിമൂട്ടിൽ കിഴക്കതിൽ സൂരജ് (20), തൃക്കുന്നപ്പുഴ കിഴക്കേക്കര വലിയപറമ്പ് നിഷാ നിവാസിൽ കിഷോർ (34) എന്നിവർ റിമാന്റിലാണ്. കുമാരപുരം പുത്തൻകരിയിൽ ദേവീക്ഷേത്രത്തിലെ താലപ്പൊലി എഴുന്നള്ളത്തിനിടെയുണ്ടായ തർക്കത്തിലാണ് ശരത്ചന്ദ്രൻ കുത്തേറ്റ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മനോജ് വെട്ടേറ്റ് കോളേജ് ആശുപത്രിയിലാണ്.