ഹർത്താൽ അക്രമങ്ങൾക്ക് എതിരെ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ കക്ഷി ചേരാനായി കെഎസ്ആർടിസി അപേക്ഷ നൽകി. ഹർത്താലിൽ ബസുകൾക്കും ജീവനക്കാർക്കും നേരെ നടന്ന അക്രമങ്ങളിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെഎസ്ആർടിസി ഹൈക്കോടതിയെ സമീപിച്ചു. 5 കോടി 6 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നാണ് കെഎസ്ആർടിസിയുടെ ആവശ്യം. ഹർത്താൽ പ്രഖ്യാപിച്ചവർ നഷ്ടപരിഹാരം നൽകണമെന്നും കെഎസ്ആർടിസി ഹർജിയിൽ ആവശ്യപ്പെട്ടു.
പോപ്പുലര്‍ ഫ്രണ്ടിന്റെ ഹർത്താലിൽ 58 ബസുകൾ തകർത്തെന്നും 10 ജീവനക്കാർക്ക് പരിക്കേറ്റെന്നും കെഎസ്ആർടിസി വ്യക്തമാക്കി. ബസുകൾക്ക് ഉണ്ടായ കേടുപാടിന് 9,71,115 രൂപയും ഷെഡ്യൂളുകൾ ക്യാൻസൽ ചെയ്തതിലൂടെ മൂന്നുകോടി രൂപയുടെ നഷ്ടവും ഉണ്ടായതായി കെഎസ്ആർടിസി കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കി.
കെഎസ്ആർടിസിയുടെ നഷ്ടം അക്രമികളിൽ നിന്ന് ഈടാക്കണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ജീവനക്കാരുടെ ചികിത്സാചെലവും കേടായ ബസുകൾ അറ്റകുറ്റപ്പണി നടത്തി സർവീസ് പുനരാരംഭിക്കുന്നതുവരെ ട്രിപ്പുകൾ മുടങ്ങിയതിന്റെ നഷ്ടവും ഇവരിൽനിന്ന് ഈടാക്കണമെന്നായിരുന്നു കോടതി ഉത്തരവ്.
ഇതുസംബന്ധിച്ച നടപടികൾക്ക് ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവർ മേൽനോട്ടം വഹിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശിച്ചു. റിപ്പോർട്ട് ഒക്ടോബർ 17നുമുമ്പ് സമർപ്പിക്കണം.
English Summary: Hartal violence: KSRTC seeks Rs 5 crore compensation
You may like this video also