ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കടുത്ത പ്രതിസന്ധിയില്‍ ബിജെപി. പാര്‍ട്ടി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി പട്ടികയില്‍ വന്‍എതിര്‍പ്പുമായി കൂടുതല്‍ നേതാക്കള്‍ രംഗത്ത് എത്തിയതോടെ പാര്‍ട്ടിയില്‍ കടുത്ത പ്രതിസന്ധി ഉടലെടുത്തു. പാർട്ടി ദേശീയ നേതൃത്വത്തെയാണ് നേതാക്കൾ എതിർപ്പ് അറിയിച്ചത്.
സ്ഥാനാർഥി പട്ടികയിൽ മാറ്റം വരുത്തണമെന്നും, കഴിവില്ലാത്തവർക്കാണ് പാർട്ടി നേതൃത്വം ടിക്കറ്റ് നൽകിയതെന്നുമാണ് നേതാക്കൾ ഉയർത്തുന്ന വിമർശനം.മാത്രമല്ല ഇതിനോടം തന്നെ സ്ഥാനാർഥി പ്രഖ്യാപനത്തിൽ പിണങ്ങി പല നേതാക്കളും രാജി വെച്ചു.ഇതാണ് പാർട്ടി നേതൃത്വതെ ഇപ്പോൾ പ്രതിസന്ധിയിൽ ആക്കിയിരിക്കുന്നത്.
നേതാക്കളുടെ പടലപ്പിണക്കം പരിഹരിക്കാൻ കേന്ദ്രമന്ത്രികൂടിയായ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ധ സംസ്ഥാനത്തെ നേതാക്കളുമായി ഉടൻ തന്നെ കൂടിക്കാഴ്ച നടത്തും.അതേസമയം, ജുലാനയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെതിരെ ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ മേധാവി ബ്രിജ് ഭൂഷൺ ശരൺ സിംഗ് രംഗത്തെത്തി.
തനിക്കെതിരായ ലൈംഗികാരോപണങ്ങൾ കോൺഗ്രസ് ആസൂത്രണം ചെയ്തത് എന്നായിരുന്നു ബ്രിജ് ഭൂഷന്റെ പ്രതികരണം. കൂടാതെ ഭൂപീന്ദർ ഹൂഡയാണ് ആ തിരക്കഥക്ക് പിന്നിലെന്നും ബ്രിജ് ഭൂഷണ് ആരോപിച്ചു.