വംശീയ ഉന്മൂലന നീക്കമെന്ന് ഹൈക്കോടതി ഉന്നയിച്ച സംശയം നിലനില്‍ക്കേ, ഹരിയാനയില്‍ മുസ്ലിങ്ങള്‍ക്കെതിരെ വംശവെറിയുമായി പ്രാദേശിക ഭരണകൂടങ്ങള്‍. മുസ്ലിം വ്യാപാരികളുടെ പ്രവേശനം വിലക്കി 50 ഖാപ് പഞ്ചായത്തുകള്‍ പ്രസ്താവനയിറക്കി. രേവാരി, മഹേന്ദർഗഡ്, ജജ്ജാർ ജില്ലകളിലെ പഞ്ചായത്തുകളാണ് പ്രസ്താവന പുറത്തിക്കിയത്.
ദഹിനാ ബ്ലോക്കിന്റെ അധികാര ചുമതലയുള്ള പൊലീസിനെ അഭിസംബോധന ചെയ്ത് ജൈനാബാദ് ഗ്രാമ പഞ്ചായത്ത് പുറത്തിറക്കിയ കത്തില്‍ നടപടി ‘സാമൂഹിക സുരക്ഷയും സമാധാന അന്തരീക്ഷവും സൃഷ്ടിക്കാ‘നാണെന്നും പറയുന്നു. എന്നാല്‍ നാല് തലമുറകളായി ഗ്രാമത്തില്‍ താമസിക്കുന്ന മുസ്ലിങ്ങള്‍ക്ക് ഇളവ് നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.
ഗ്രാമങ്ങളില്‍ താമസിക്കുന്ന മുസ്ലിങ്ങള്‍ അവരുടെ തിരിച്ചറിയല്‍ രേഖകള്‍ പൊലീസിൽ സമർപ്പിക്കണം. എല്ലാ കടകളിലെയും മുസ്ലിം ജീവനക്കാരെ രണ്ട് ദിവസത്തിനകം പിരിച്ചുവിടണമെന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. അല്ലാത്തപക്ഷം അവരെ ബഹിഷ്കരിക്കുമെന്നും ഹിസാറിലെ പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. അതേസമയം, കത്തിന്റെ കോപ്പി കിട്ടിയില്ലെന്നും സമൂഹമാധ്യമങ്ങളില്‍ കണ്ടുവെന്നും മഹേന്ദ്രഗഡിലെ നര്‍നോള്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് മനോജ് കുമാര്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. പഞ്ചായത്ത് അധ്യക്ഷന്മാരുടെ ഇത്തരം നോട്ടീസുകള്‍ ഐക്യം തകര്‍ക്കുമെന്നും മനോജ് കുമാര്‍ പ്രതികരിച്ചു.
ഹരിയാന ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ റാലികളിൽ മുസ്ലിങ്ങളെ കൊല്ലാനും അവരുടെ സാമൂഹികവും സാമ്പത്തികവുമായ ബഹിഷ്കരണത്തിനും ആഹ്വാനം ചെയ്യുന്ന വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് മുമ്പാകെ മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് ഹർജി സമര്‍പ്പിച്ചത്. ഗുരുഗ്രാമിൽ മുസ്ലിം സമുദായത്തില്‍പ്പെട്ടവര്‍ക്ക് ജോലി നല്‍കുന്നവരെ രാജ്യദ്രോഹികളാക്കി തീര്‍ക്കുകയാണെന്ന് സിബല്‍ പറഞ്ഞു.
അതേസമയം പ്രവേശനം വിലക്കിയ നടപടി നിയമവിരുദ്ധമാണെന്നും ഉത്തരവ് പുരത്തിറക്കിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഹരിയാന പഞ്ചായത്ത് മന്ത്രി ദേവേന്ദര്‍ സിങ് ബവലി അറിയിച്ചു. ഇത് സംബന്ധിച്ച് പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.
English Summary: Haryana: Muslim ban in 50 khap panchayats
You may also like this video